
ചിറ്റൂർ ∙ പേവിഷബാധയുള്ള നായയുടെ ആക്രമണമുണ്ടായ പ്രദേശത്തെ തെരുവുനായ്ക്കൾക്കുള്ള കുത്തിവയ്പ് 16ന് ആരംഭിക്കും. പേപ്പട്ടിയുടെ ആക്രമണമുണ്ടായ ചിറ്റൂർ– തത്തമംഗലം നഗരസഭയിലെ അമ്പാട്ടുപാളയം, തറക്കളം, മുതുകാട് വാർഡുകളിലാണ് ആദ്യം കുത്തിവയ്പ് നടത്തുന്നത്.
ഈ 3 വാർഡിലെയും മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കുത്തിവയ്പു നൽകുന്നതിനായി രാവിലെ 7 മുതൽ വെറ്ററിനറി, ആരോഗ്യ വകുപ്പ്, പട്ടിപിടിത്തക്കാർ തുടങ്ങിയവർ ശ്രമമാരംഭിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ 3 വാർഡുകളുമായി അതിർത്തി പങ്കിടുന്ന മറ്റു വാർഡുകളിലെ തെരുവുനായ്ക്കൾക്കും കുത്തിവയ്പ് നൽകും. തെരുവു നായയുടെ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി നഗരസഭാധ്യക്ഷ കെ.എൽ.കവിതയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് ആശുപത്രി, ആരോഗ്യ വിഭാഗം തുടങ്ങിയ ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
തെരുവുനായ്ക്കൾക്കു കുത്തിവയ്പ് നടത്തുന്നതിനായി 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ വകയിരുത്തിയ തുക മതിയാകാതെ വരുമെന്നതിനാൽ എസ്റ്റിമേറ്റ് പുതുക്കാനായി നിർദേശം നൽകിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ കെ.എൽ.കവിത പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പാട്ടുപാളയത്തു പത്തിലധികം ആളുകളെ തെരുവുനായ കടിച്ചത്. അടുത്ത ദിവസം ഈ നായയെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
നായയുടെ ജഡം മലമ്പുഴ വെറ്ററിനറി ലാബിലെത്തിച്ചു നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഗരസഭ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. കൂടാതെ കടിയേറ്റവരെ നിരീക്ഷിക്കുന്നതിനും അവർക്ക് കൃത്യസമയങ്ങളിൽ കുത്തിവയ്പ് അടക്കമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ആശാവർക്കർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]