
കൂറ്റനാട് ∙ ടൗണിൽ ജലജീവൻ മിഷനു വേണ്ടിയുള്ള പൈപ്പിടൽ പണികൾ നാട്ടുകാരുടെ ജീവനു ഭീഷണിയായ അവസ്ഥയിലാണ്. മാസങ്ങൾക്കു മുൻപു ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കാനായി ഗുരുവായൂർ – പട്ടാമ്പി പാതയോരത്തു വലിയ ചാലുകൾ കീറിയിരുന്നു.
പണിയുടെ ഭാഗമായി കൂറ്റനാട് അങ്ങാടിയിലും ചാലുകൾ ഉണ്ടാക്കിയിരുന്നു. ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ച ശേഷം കുഴികൾ ശരിയായി മൂടാത്തതിനാലും മൂടിയ സ്ഥലങ്ങളിലെ റോഡിന്റെ ഭാഗം അറ്റകുറ്റപ്പണി നടത്താത്തതിനാലുമാണു നാട്ടുകാർക്കു ചതിക്കുഴിയായത്.
നിലവിൽ കുഴികളിൽ വാഹനങ്ങൾ കയറിയാൽ താഴ്ന്നുപോകുന്ന അവസ്ഥയാണുള്ളത്.
മാത്രമല്ല റോഡിന്റെ വീതി കുറയുവാനും വാഹനത്തിരക്കു കൂടുവാനും റോഡിന്റെ ഒരുവശത്തെ ചാലുകീറൽ കാരണമായിട്ടുണ്ട്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാണാൻ കഴിയാതെ വാഹനാപകടങ്ങളും ഉണ്ടാവുന്നുണ്ട്.
മാസങ്ങൾക്കു മുൻപു കൂറ്റനാട് ടൗണിൽ ജലജീവൻ മിഷനു വേണ്ടി കീറിയ ചാലിൽ ഗുരുവായൂർ ഭാഗത്തേക്കു പോവുകയായിരുന്ന ബസിന്റെ ടയർ താഴ്ന്നുപോയിരുന്നു. അവിടെത്തന്നെ കാർ അപകടത്തിൽപെടുകയും ചെയ്തു.
മഴ പെയ്തതോടെ ചാലുകളിൽ ചളിവെള്ളം കെട്ടിനിന്നു വഴിയാത്രയും ദുഷ്കരമായിരിക്കയാണ്.
ആളെ വീഴ്ത്തും അഴുക്കുചാലുകൾ
കൂറ്റനാട് ടൗണിൽ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് തകർച്ചയിലായ അഴുക്കുചാലുകൾ. കൂറ്റനാട് ബസ്റ്റാൻഡ് മുതൽ ആമക്കാവ് റോഡുവരെയുള്ള അഴുക്കുചാലുകളുടെ ഏറിയപങ്കും തകർച്ചയിലാണ്.
ടൗണിൽ തന്നെ കൂറ്റനാട് – പട്ടാമ്പി റോഡ് അരുകിലായി ടാക്സി സ്റ്റാൻഡിന്റെ അടുത്ത് അഴുക്കുചാലിന് സ്ളാബുകൾ ഇല്ലാതെ കിടക്കുകയാണ്. ടാക്സി സ്റ്റാൻഡിൽ നിർത്തിയിടുന്ന കാറുകൾ അറിയാതെ പിന്നിലേക്ക് എടുത്താൽ വലിയ അപകടമാണ് ഉണ്ടാവുക.കഴിഞ്ഞ വർഷം ലോറി കയറിഇറങ്ങി ടൗണിന് നടുവശത്തെ പാതയോരത്തുള്ള അഴുക്കുചാൽ പൊളിഞ്ഞ് വീണപ്പോൾ സമീപത്തുള്ള കടക്കാരനാണ് പുതിയ സ്ളാബ് മാറ്റി സ്ഥാപിച്ചത്.
അഴുക്കു ചാലുകളിൽ മണ്ണുനിറഞ്ഞ് മഴവെള്ളം ടൗണിൽ വ്യാപിക്കുന്ന പ്രശ്നമുണ്ടായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചാലുകളിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മണ്ണിന് അടിയിലായിരുന്ന സ്ളാബുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തിരുന്നത്. തുടർന്ന് സ്ളാബുകൾക്ക് തകർച്ച സംഭവിക്കുകയും ചെയ്തിരുന്നു.
കേടുവന്ന കോൺക്രീറ്റ് സ്ളാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കാതെ തുറന്നിട്ടതാണ് അപകടാവസ്ഥക്ക് കാരണമായത്. പാതയോരങ്ങളിലെ അഴുക്കുചാലുകളുടെ അപകടാവസ്ഥകാരണം വഴിയാത്രക്കാർക്കും ടൗണിലൂടെയുളള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്.നാളെ: മുഖച്ഛായ മാറ്റാനൊരുങ്ങുന്ന കൂറ്റനാട് ടൗൺ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]