
തൃത്താല∙ മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർക്ക് വടിയെടുക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ഞാങ്ങാട്ടിരിയിൽ ഇന്നലെ രാവിലെ വിഐപി സ്ട്രീറ്റ് പ്രദേശത്ത് നാലു പേർക്ക് നായയുടെ കടിയേറ്റു. ഞാങ്ങാട്ടിരി സ്വദേശി മുഹമ്മദലി, ഖദീജ, അരുൺ, ഷെഫീഖ് എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
കടിയേറ്റവരെ പട്ടാമ്പി ഗവൺമെന്റ് ആശുപത്രിയിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അതേസമയം, ആളുകളെ കടിച്ച നായയെ ഞാങ്ങാട്ടിരിയിലെ പാതയോരത്ത് ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂറ്റനാട് ടൗണിൽ 5 പേരെ തെരുവ് നായ കടിച്ചിരുന്നു. തൃത്താല അങ്ങാടി, മേഴത്തൂർ , ഞാങ്ങാട്ടിരി അടക്കമുളള സ്ഥലങ്ങളിൽ രാവെന്നോ പകലെന്നോ ഇല്ലാതെയാണ് നായ്ക്കളുടെ ശല്യം. മാംസാവശിഷ്ടങ്ങളും വിവാഹ വീടുകളിൽ നിന്നു പുറംതളളുന്ന മാലിന്യങ്ങളും അലക്ഷ്യമായി ഇടുന്നതാണ് നായ്ക്കൾ പെരുകുന്നതിന് കാരണം. പത്രം ഇടാനായി പോകുന്നവർക്കും മദ്രസ വിദ്യാർഥികൾക്കും പ്രഭാത സവാരിക്കാർക്കും വഴി നടക്കാനാവാത്ത അവസ്ഥയാണുളളത്. തൃത്താലയിൽ ഹൈസ്കൂൾ പരിസരത്തും വെള്ളിയാങ്കല്ല് പാർക്കിന്റെ സമീപത്തും നായ ശല്യം കൂടിയിരിക്കുകയാണ്.
സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ അടക്കമുളള വഴിയാത്രക്കാരും ഏറെ ഭയപ്പാടോടെയാണ് നടക്കുന്നത്.
രാത്രി കാലങ്ങളിൽ അടക്കം ഇരുചക്രവാഹനങ്ങൾക്കും തെരുവു നായ്ക്കൾ കാരണം അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയുമുണ്ട്. തൃത്താല നിയോജക മണ്ഡലത്തിന്റെ ഹൃദയഭാഗമായ കൂറ്റനാട് ടൗണിലൂം പരിസരപ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ നാഗലശ്ശേരി പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.മാധവദാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുരളീധരൻ മൂത്താട്ട് എന്നിവർ ആവശ്യപ്പെട്ടു.
രാവിലെ ക്ഷേത്രങ്ങളിലേക്ക് പോകുന്നവർക്കും മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികൾക്കും പ്രഭാത സവാരിക്കാർക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് കൂറ്റനാട് ടൗണും പരിസരപ്രദേശങ്ങളും തെരുവുനായ്ക്കൾ കയ്യടക്കിയിട്ടുള്ളത്. കൂറ്റനാട്ടെയും നാഗലശ്ശേരി പഞ്ചായത്തിലെയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ് തെരുവു നായ ശല്യം രൂക്ഷമാക്കാൻ കാരണം.
തദ്ദേശസ്വയംഭരണ മന്ത്രിയുടെ മണ്ഡലത്തിന്റെ ഹൃദയഭാഗമായ കൂറ്റനാട് ടൗണിലെ മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും തെരുവു നായ ശല്യം നിയന്ത്രിക്കുന്നതിനും ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്.
മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ മാതൃകാപരമായ പഞ്ചായത്താണ് എന്ന് കൊട്ടിഘോഷിച്ചാണ് വർഷങ്ങൾക്കു മുൻപ് നാഗലശ്ശേരി ഗ്രാമപഞ്ചായത്തിന് നിർമൽ ഗ്രാമ പുരസ്കാരം ലഭിച്ചത്. 15 വർഷം മുൻപ് ലഭിച്ച പുരസ്കാരത്തുകയിൽ നിന്ന് ഒരു രൂപപോലും മാലിന്യ നിർമാർജനത്തിന് ചെലവഴിക്കാതെ വക മാറ്റി ചെലവഴിക്കുകയാണ് അന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പല തവണ സമര പരിപാടികൾ നടത്തിയെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ തുടർക്കഥയാവുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി നാഗലശ്ശേരി പഞ്ചായത്ത് 22 വർഷം മുൻപു പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ആദ്യഗഡുവായി ലക്ഷക്കണക്കിന് രൂപ കരാറുകാരന് നൽകുകയും ചെയ്തു.
എന്നാൽ പ്ലാന്റ് നിർമാണത്തിന്റെ കാര്യത്തിൽ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നത് പ്രതിഷേധാഹമാണ്. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]