കോയമ്പത്തൂർ ∙ രണ്ടുദിവസമായി കോയമ്പത്തൂർ ജില്ലയിലെ വനപാലകരെ മുൾമുനയിൽ നിർത്തിയ ആനക്കൂട്ടം ഒടുവിൽ കാടുകയറി. പെരിയനായക്കം പാളയം റേഞ്ചിൽ നിന്നും ഇറങ്ങി 48 മണിക്കൂറിനു ശേഷം അൻപതോളം കിലോമീറ്റർ കറങ്ങിയാണ് കൊമ്പന്മാർ കാരമട
റേഞ്ചിൽ ശനിയാഴ്ച രാവിലെ കടന്നത്.
വെള്ളിയാഴ്ച വൈകിട്ട് അന്നൂരിലെ യൂക്കാലി തോട്ടത്തിൽ നിന്നു പുറപ്പെട്ട മൂന്നംഗ കൊമ്പൻമാരുടെ സംഘം തെലുങ്ക് പാളയം ഭാഗത്തെ തെങ്ങിൻ തോപ്പിലേക്കാണ് ആദ്യം കയറിയത്.
തുടർന്ന് പുറത്തിറങ്ങിയ ആനക്കൂട്ടം പതിയെ ഗണേശപുരം, കാട്ടം പട്ടി, വെള്ളമട വഴി പെരിയ നായക്കം പാളയം തിരിച്ചെത്തിയെങ്കിലും വനത്തിന്റെ ഭാഗത്തേക്ക് കടക്കാതെ കാരമട
ലക്ഷ്യമാക്കി നടന്നു. രാത്രി കൗശിക നദിയുടെ കരയോരങ്ങളിലും റെയിൽപാതയിലുമായി നഗരവും ഗ്രാമങ്ങളും മാറി മാറി കടന്ന് പുലർച്ചയോടെ തോലം പാളയം റോഡിൽ കടന്നു കുരുന്തമലയിലെ കുറ്റിക്കാട്ടിലേക്ക് കയറി.
നേരം പുലർന്നതോടെ ആനകളെ വീണ്ടും വെള്ളിയങ്കാട് ഗ്രാമത്തിലൂടെ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നു.
ആനകളെ നിരീക്ഷിച്ചു വരികയാണെന്ന് കാരമട റേഞ്ചർ ജോസഫ് സ്റ്റാലിൻ അറിയിച്ചു.
വീണ്ടും കാട്ടിൽ നിന്നു പുറത്ത് കടക്കാതിരിക്കാനായി വനത്തിനകത്തും വനപാലകർ ശനിയാഴ്ച വൈകിട്ടും ക്യാംപ് ചെയ്യുന്നത് തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി മേട്ടുപ്പാളയം റെയിൽപാത കുറുകെ കടക്കാനായി എത്തിയ ആനയെ കണ്ടു നൂറുകണക്കിനാളുകൾ ശബ്ദമുണ്ടാക്കിയതോടെയാണ് ആന വീണ്ടും വഴി തിരിഞ്ഞ് കാരമട ഭാഗത്തേക്ക് കടന്നത്.
ആന കടന്നുപോകുന്ന ഭാഗങ്ങളിൽ വൈദ്യുതി വിഛേദിക്കുകയും മൈക്കിലൂടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മേട്ടുപ്പാളയം-തിരുപ്പൂർ ദേശീയപാത, മേട്ടുപ്പാളയം-കോയമ്പത്തൂർ ദേശീയപാതകളിൽ ആന കടക്കുന്ന സമയങ്ങളിൽ റോഡ് ഗതാഗതം തടഞ്ഞാണ് ആനയെ കടത്തിവിട്ടത്.
കൊമ്പനാന കൂട്ടത്തെ കാട്ടിലേക്ക് കയറ്റാനായി 5 റേഞ്ചുകളിൽ നിന്നുള്ള നൂറോളം വനപാലകർ പ്രയത്നിക്കുമ്പോഴാണ് പെരിയനായക്കം പാളയം റേഞ്ചിലെ ഒൻപതംഗ കാട്ടാനക്കൂട്ടം കൂടല്ലൂർ നഗരസഭയിലെ അങ്കാളമ്മൻ പുരത്തിലൂടെ സവാരി നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നതിനാൽ നാട്ടുകാർ അറിഞ്ഞില്ല. പകൽ പ്രദേശത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് വീടിനുമുന്നിലൂടെ കാട്ടാനകൾ വരിവരിയായി കടന്നുപോകുന്നത് കണ്ടെത്തിയത്.
ഇതേ തുടർന്ന് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള വനപാലകരെ കൂടി പ്രദേശത്ത് നിയമിച്ചിട്ടുണ്ട്.
പുലർച്ചയുള്ള പ്രഭാത സവാരി പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭയും വനപാലകരും അഭ്യർഥിച്ചു.
ഈ കാട്ടാനകളുടെ സംഘത്തിലെ കൂട്ടാനകളാണോ മറ്റ് മൂന്ന് കൊമ്പന്മാരെന്ന് സംശയമുണ്ടെന്ന് റേഞ്ചർ ശരവണൻ അറിയിച്ചു. കാട് ഇറങ്ങിയ രണ്ട് കാട്ടാന സംഘങ്ങളിൽ നിന്ന് അക്രമങ്ങളോ നാശനഷ്ടങ്ങളൊ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

