പാലക്കാട് ∙ ഈ ഓണം കുടുംബശ്രീ ‘തൂക്കി’, ഓണവിപണിയിൽ കുടുംബശ്രീ നേടിയത് 2.22 കോടി രൂപയുടെ വിറ്റുവരവ്. ഓണച്ചന്ത, ഓണസദ്യ, പച്ചക്കറി– പൂക്കൃഷി, ഗിഫ്റ്റ് ഹാംപർ, ഓണമേള എന്നിവയിലൂടെയാണ് 2,22,51,808 രൂപയുടെ വിറ്റുവരവ്.
ജില്ലയിലെ 33 സിഡിഎസ് യൂണിറ്റുകളിലും ഓണമേള ഒരുക്കിയിരുന്നു. 8,438 സദ്യകൾ വീടുകളിലെത്തിച്ച് 18,05,037 രൂപ നേടി.
കൂടുതൽ വരുമാനം നേടിയതു ശ്രീകൃഷ്ണപുരം സിഡിഎസിലെ ‘രുചി കേറ്ററിങ്’ യൂണിറ്റാണ്.
2,250 ഓണസദ്യ നൽകി 45 ലക്ഷം രൂപ നേടി. പായസവും ശർക്കര വരട്ടിയും കായവറുത്തതും ഉൾപ്പെടെ 16 വിഭവങ്ങളാണു സദ്യയിലുണ്ടായിരുന്നത്.
ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ നടത്തിയ സദ്യ വിതരണം വലിയ സ്വീകാര്യത നേടി. ഗിഫ്റ്റ് ഹാംപറിലും മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ് മാർട്ട് വഴിയുമുള്ള വിൽപനയിലും മികച്ച വരുമാനമുണ്ടാക്കി.
350 രൂപയിൽ തുടങ്ങി 1,500 രൂപ വരെയുള്ള പ്രത്യേക ഓണം ഗിഫ്റ്റ് ഹാംപറുകൾ ഒരുക്കിയിരുന്നു.
ഏഴു ടൺ പൂക്കൾ
ജില്ലയിൽ ഈ ഓണക്കാലത്തു പൂക്കളമൊരുക്കാൻ കുടുംബശ്രീ കൃഷിചെയ്തത് 25.30 ഏക്കറിൽ. ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലികൾ, വാടാമല്ലി ഉൾപ്പെടെയുള്ള പൂക്കളാണു കൃഷി ചെയ്ത്.
ഏഴു ടൺ പൂക്കളാണ് ഉൽപാദിപ്പിച്ചത്. കൃഷിഭവൻ വഴിയും ഓണച്ചന്തകളിലൂടെയും പൂക്കൾ വിറ്റു.
26 ടൺ പച്ചക്കറി
328.5 ഏക്കർ സ്ഥലത്ത് ഒരുക്കിയ കൃഷിയിലൂടെ ഉൽപാദിപ്പിച്ചത് 26 ടൺ പച്ചക്കറി.
മത്തൻ, കുമ്പളം, പാവയ്ക്ക, പടവലം, ചേന, വഴുതന, മുളക്, വെണ്ട, പയർ, തക്കാളി ഉൾപ്പെടെ കൃഷി ചെയ്തു. കൃഷിഭവൻ, ഓണച്ചന്തകൾ വഴിയായിരുന്നു വിൽപന.
വിറ്റുവരവ് ഇങ്ങനെ
∙ ഓണച്ചന്ത, ഓണമേള– 76,55,000
∙ ഓണസദ്യ– 18,05,037
∙ പൂവിപണി– 8,72,390
∙ പച്ചക്കറി– 45,85,204
∙ ഗിഫ്റ്റ് ഹാംപർ– 73,34,177
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]