
കൂറ്റനാട് ∙ തൃത്താല മണ്ഡലത്തിലെ പ്രധാന ടൗൺ, എട്ട് പഞ്ചായത്തുകളുടെ അധികാര പരിധിയുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന ഇടം, വിവിധ സർക്കാർ ഓഫിസുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിങ്ങനെ സവിശേഷതകൾ ഏറെയാണ് കൂറ്റനാട് ടൗണിന്. അതുകൊണ്ടുതന്നെ തൃത്താല മണ്ഡലത്തിലെ ഏറ്റവും തിരക്കുള്ള ടൗൺ ആണ് കൂറ്റനാട്. പട്ടാമ്പി– ഗുരുവായൂർ, എടപ്പാൾ– പട്ടാമ്പി, തൃത്താല– ഗുരുവായൂർ റോഡുകളുടെ സംഗമ സ്ഥലമാണ് കൂറ്റനാട് ടൗൺ.
വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി ഒട്ടേറെ പേർ വന്നുപോകുന്ന അങ്ങാടിയിൽ ഫലപ്രദമായ ഗതാഗത സംവിധാനങ്ങളുടെ കുറവുകാരണം നട്ടം തിരിയുകയാണ് നാട്ടുകാർ.
സ്ഥിരമായുള്ള പൊലീസ് നിരീക്ഷണവും നിയന്ത്രണവും കൂറ്റനാട് അങ്ങാടിയിൽ ഇല്ലാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മുൻകാലങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി ടൗണിൽ മുഴുവൻ സമയ ഹോംഗാർഡിനെ വിന്യസിച്ചിരുന്നു.
എന്നാൽ ഹോംഗാർഡ് സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ ഉദ്യോഗസ്ഥനെ ഇതുവരെ നിയമിച്ചിട്ടില്ല.
ഗതാഗത നിയന്ത്രണത്തിന് സ്ഥിര സംവിധാനമില്ലാത്തതിനാൽ ടൗണിൽ തോന്നിയപോലെയാണ് ബസുകൾ നിർത്തുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണും കല്ലും കൊണ്ടുപോകുന്ന കൂറ്റൻ ടോറസ് ലോറികൾ ഉണ്ടാക്കുന്ന ഗതാഗത കുരുക്കും നാട്ടുകാർക്ക് ദുരിതമായിരിക്കുകയാണ്. കൂറ്റനാട് ടൗണിന് നടുവശത്ത് എത്തുന്ന ടോറസ് ലോറികൾ തണ്ണീർക്കോട് റോഡിൽ നിന്നു ഗുരുവായൂർ റോഡിലേക്ക് തിരിയുമ്പോൾ ഗുരുവായൂർ റോഡിന്റെ ഭാഗം ഉയരം കൂടിയതിനാൽ കയറ്റം കയറുന്നതിന് കഴിയാതെ റോഡിൽ തന്നെ, നിന്നുപോകുന്നതാണ് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകുന്നതിനുളള പ്രധാന കാരണം.
കൂറ്റനാട് അങ്ങാടിയിൽ പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന റോഡിലെ സീബ്രാവര റോഡിൽ നിന്നും മാഞ്ഞുപോയത് ഉദ്യോഗസ്ഥർ ഇതുവരെ അറിഞ്ഞിട്ടില്ല.
ടൗണിൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. പ്രദേശത്തെ വിവിധ സ്കൂളുകൾ വിട്ടു കഴിഞ്ഞാൽ ടൗൺ മുഴുവൻ വിദ്യാർഥികളുടെ തിരക്കും ഉണ്ടാവാറുണ്ട്.
കൂട്ടമായെത്തുന്ന കുട്ടികൾ റോഡുമുറിച്ച് കടക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഗുരുവായൂർ–പട്ടാമ്പി റോഡിൽ അങ്ങാടിയിലേക്ക് എത്തുന്ന ഭാഗം ഇറക്കമാണ്.
അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നേരെ ടൗണിലേക്കു കടക്കുമ്പോഴുള്ള അപകടങ്ങളും പതിവായിരിക്കുകയാണ്. ടൗണിലെ അലക്ഷ്യമായുളള വാഹന പാർക്കിങ്ങും ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]