
∙ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്ക് ഊർജം പകർന്നു രാജ്യത്തിന്റെ വിവിധ കോണുകളിൽ അക്ഷീണം ഓടിയെത്തിയ മഹാത്മാഗാന്ധി 1925, 1927, 1934 എന്നീ വർഷങ്ങളിൽ പാലക്കാട്ട് എത്തി. മഹാത്മാഗാന്ധി നടന്ന പാലക്കാടൻ വഴികളിലൂടെ ഒരു യാത്ര…
ശബരി ആശ്രമം
1925, 1927, 1934 എന്നീ വർഷങ്ങളിലായി മൂന്നു തവണ മഹാത്മജി പാലക്കാട്ട് എത്തിയപ്പോഴും അകത്തേത്തറ ശബരി ആശ്രമത്തിൽ എത്തിയിരുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ആദ്യ സന്ദർശനം. പിന്നീട് 1927ൽ ഭാര്യ കസ്തൂർബയ്ക്കൊപ്പമാണു ശബരി ആശ്രമത്തിലേക്ക് എത്തിയത്.
അന്ന് ആശ്രമത്തിനു സമീപമുള്ള ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തതു കസ്തൂർബയായിരുന്നു. 1934ലാണ് അവസാനമായി ഇവിടെയെത്തിയത്.
ടി.ആർ. കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശബരി ആശ്രമം ഗാന്ധിയൻ ആദർശങ്ങളും ദർശനങ്ങളും എന്നും ഉയർത്തിപ്പിടിച്ചു.
നെല്ലിശ്ശേരി ഗ്രാമം
ഗാന്ധിജിയും കാഞ്ചി കാമകോടി പീഠം പരമാചാര്യർ ചന്ദ്രശേഖര സരസ്വതിയും തമ്മിൽ 1927 ഒക്ടോബർ 15നു നടന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ചയ്ക്കു വേദിയായതു പാലക്കാട് നഗരത്തിലെ നെല്ലിശ്ശേരി ഗ്രാമമായിരുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ വിഷ്ണുപുരം ഗ്രാമത്തിൽ നിന്നു വന്നവരാണു ഗ്രാമവാസികളുടെ പൂർവികർ.
ചെർപ്പുളശ്ശേരി
1934 ജനുവരി 10നായിരുന്നു ഗാന്ധിജി ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചത്.
അവിടെ പൊതുപരിപാടിയിൽ ഹരിജനോദ്ധാരണത്തെക്കുറിച്ചാണു സംസാരിച്ചത്. അന്നു സംസാരിച്ച വേദിക്കു സമീപമാണു പിന്നീടു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചത്.
പട്ടാമ്പി
1934 ജനുവരി 11ന് പട്ടാമ്പി ടൗണിലെ പന്നിക്കോട്ട് കുളം എന്ന സ്ഥലത്തു നടന്ന പൊതുയോഗത്തിൽ മഹാത്മജി സംസാരിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതി ഗാന്ധിജിയുടെ സ്മരണാർഥം ഇവിടെ പ്രതിമ സ്ഥാപിച്ചു. ശിൽപി സുരേന്ദ്രകൃഷ്ണൻ.
ശ്രീകൃഷ്ണപുരം
ചെർപ്പുളശ്ശേരിയിൽ നിന്നാണു ഗാന്ധിജി ശ്രീകൃഷ്ണപുരത്തേക്കു വന്നത്.
അവിടെയും പൊതുയോഗത്തിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനായ എം.കൃഷ്ണൻ നായരുടെ ശ്രമഫലമായായിരുന്നു ഗാന്ധിജിയെ ശ്രീകൃഷ്ണപുരത്ത് എത്തിച്ചത്.
അന്നു സംസാരിച്ച വേദിയുടെ സമീപമാണ് അദ്ദേഹത്തിന്റെ സ്മരണാർഥം ബാപ്പുജി പാർക്ക് സ്ഥാപിച്ചത്.
നൊച്ചുള്ളി
അസമത്വങ്ങൾക്കെതിരെയും അയിത്താചാരങ്ങൾക്കെതിരെയും പോരാട്ടങ്ങൾ നടന്ന ഭൂമിയാണു നൊച്ചുള്ളി ഏറാമംഗലം നായാടി കോളനി. നായാടി സമുദായം നേരിട്ടിരുന്ന അവഗണനകളെക്കുറിച്ച് അറിയാനിടയായ ഗാന്ധിജി 1934ൽ പാലക്കാട് സന്ദർശനത്തിനെത്തിയപ്പോൾ നായാടി കോളനിയും അവിടെയുള്ള ചരിത്രപ്രധാനമായ കിണറും സന്ദർശിച്ചു.
നവീകരണ പ്രവർത്തനങ്ങൾ നടത്തി കിണർ സംരക്ഷിച്ചുവരുന്നു.
ഷൊർണൂർ
വള്ളുവനാട് മഹാത്മാഗാന്ധിയെ കണ്ടതു രണ്ടുവട്ടം. 1927 ഒക്ടോബറിലും 1934 ജനുവരിയിലുമായിരുന്നു പഴയ വള്ളുവനാട്ടിൽ അദ്ദേഹത്തിന്റെ സന്ദർശനം.
1927 ഒക്ടോബർ 25ന് ഷൊർണൂരിൽ മഹാത്മാഗാന്ധി പ്രസംഗിച്ചു. ഷൊർണൂർ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കെവിആർ ഹൈസ്കൂൾ മുറ്റത്തായിരുന്നു അദ്ദേഹത്തിനു പ്രസംഗിക്കാനുള്ള പന്തൽ ഒരുക്കിയത്.
കടമ്പഴിപ്പുറം
ഹരിജനക്ഷേമത്തിനായുള്ള സഹായനിധി ശേഖരണാർഥം 1934 ജനുവരി 10ന് മഹാത്മാഗാന്ധി ജില്ലയിൽ എത്തിയിരുന്നു.
കരിമ്പുഴയിൽ നടക്കുന്ന പ്രധാന പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ വൈകിട്ടു യാത്ര തിരിച്ചു. ഈ വിവരം അറിഞ്ഞു കടമ്പഴിപ്പുറത്തുകാർ ഗവ. യുപി സ്കൂളിനു സമീപം കാത്തു നിന്നു.
വഴിനീളെ ജനങ്ങളെ കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തി.
എന്നാൽ, ഗാന്ധിജി ഉറക്കത്തിലാണെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചു.അതോടെ വണങ്ങി, കയ്യിൽ കരുതിയിരുന്ന നാണയക്കിഴി സെക്രട്ടറിയെ ഏൽപിച്ചു. ഗാന്ധിജിയെ ഹാരാർപ്പണം നടത്താൻ കരുതിയിരുന്ന മാലയും നൽകി.
അച്ചാരത്ത് ഉണ്ണി ഗുപ്തൻ, മന്നത്താംകുളങ്ങര അപ്പുകുഞ്ഞ ഗുപ്തൻ, ചക്രാമ്പറ്റ നാരായണ ഗുപ്തൻ, സമുദായം കൃഷ്ണഗുപ്തൻ, കുഞ്ഞുകുട്ടൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ സ്വീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]