
ചിറ്റൂർ ∙ 2004ലെ മലയാള മനോരമ കർഷകശ്രീ അവാർഡ് ജേതാവായ സി.ജെ. സ്കറിയ പിള്ളയെ തേടി സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം.
സമ്മിശ്ര കൃഷിയിലും സംയോജിത കൃഷിയിലും നേടിയ വിജയത്തിനാണ് അംഗീകാരം. 2006ൽ എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ അവാർഡും 2022 ൽ ജൈവവൈവിധ്യത്തിനുള്ള പുരസ്കാരവും നേടിയ കർഷകനാണ് നല്ലേപ്പിള്ളി അല്ലക്കുഴ വീട്ടിൽ സി.ജെ.സ്കറിയ പിള്ള(75).
6 പതിറ്റാണ്ടു കാലത്തെ കാർഷിക ജീവിതത്തിൽ നിന്നു പഠിച്ച പാഠങ്ങൾ തന്റെ കൃഷിഭൂമിയിൽ പ്രാവർത്തികമാക്കിയപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന കർഷകനായി അദ്ദേഹം മാറി.
നാലു സ്ഥലങ്ങളിലായി 38 ഏക്കർ കൃഷിഭൂമിയാണുള്ളത്. നെല്ല്, തെങ്ങ്, കവുങ്ങ്, കരിമഞ്ഞൾ, ജാതി, ഔഷധ സസ്യങ്ങൾ, പ്ലാവ്, മാവ്, സപ്പോട്ട
പപ്പായ, പേരയ്ക്ക, ഡ്രാഗൺ ഫ്രൂട്ട്, വാഴ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കിഴങ്ങുവിളകളും കൃഷി ചെയ്യുന്നു. നായ, പൂച്ച, കോഴി, താറാവ്, ആട്, പശു തുടങ്ങിയ ഓമനമൃഗങ്ങളെ വളർത്തുന്നു.
ഇതിനു പുറമേ തേനീച്ച വളർത്തലും മത്സ്യക്കൃഷിയും കൂൺകൃഷിയുമുണ്ട്. മിക്ക വിളകളുടെയും നഴ്സറിയുണ്ട്.
വിദേശ ഇനങ്ങളുൾപ്പെടെ അൻപതിലേറെ പഴങ്ങളുടെ കൃഷിയും സ്കറിയ പിള്ളയ്ക്കുണ്ട്.
പുതിയ കൃഷി രീതികൾ എവിടെയുണ്ടെങ്കിലും അവിടയെത്തി അതു പഠിച്ച് തന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ സ്കറിയ പിള്ള വിദഗ്ധനാണ്. കൃഷിയിലെ സാധ്യതകൾ ഉപയോഗിച്ച് ‘തനിമ’ എന്ന പേരിൽ ഫാം ടൂറിസം നടപ്പാക്കി. ഇവിടെ ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഫാമിലെത്തുന്നവർക്കു നൽകുന്നു.
അധികവരുമാനത്തിനായി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കൗണ്ടറും ആരംഭിച്ചു. ഫാമിൽ വിളയുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനും കർഷകരെ ആകർഷിക്കുന്നതിനുമായി ഓൺലൈൻ മാർക്കറ്റിങ് വെബ്സൈറ്റ് സോഷ്യൽ മീഡിയ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നു.
മറ്റു കർഷകരെ ആധുനിക കൃഷിരീതികൾ പരിശീലിപ്പിക്കുന്നതിനായി എം.എസ്.സ്വാമിനാഥൻ സ്മാരക ഫാം സ്കൂളും ആരംഭിച്ചിട്ടുണ്ട്.
ഫാമിനുള്ളിൽ പരിമിതമായി സാഹസിക ടൂറിസം സംവിധാനവും താമസ സൗകര്യവുമുണ്ട്. ഫാമിനുള്ളിൽ സഞ്ചരിക്കുന്നതിനു മാലിന്യരഹിത വൈദ്യുത വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കറിയ പിള്ളയ്ക്ക് എല്ലാ പിന്തുണയുമായി ഭാര്യ മിനി സ്കറിയ, മക്കളായ ചിറ്റൂർ ഗവ. കോളജ് അസിസ്റ്റന്റ് പ്രഫസർ റിച്ചാർഡ് സ്കറിയ, റെനോൾഡ് സ്കറിയ, ഹരോൾഡ് സ്കറിയ എന്നിവരും ഒപ്പമുണ്ട്.
മൃഗസംരക്ഷണ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറും ഫാം കൺസൾട്ടന്റുമായ ഡോ. എൻ.ശുദ്ധോദനന്റെ പിന്തുണയുമുണ്ട്.
മികച്ച തെങ്ങ് കർഷകൻ(2 ലക്ഷം): പെരുമാട്ടി മീനാക്ഷിപുരം മൂലത്തറ നല്ലൂർക്കളം എൻ.മഹേഷ്കുമാർ
പെരുമാട്ടി ∙ തമിഴ്നാട് അതിർത്തിയോട് ചേർന്ന പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്തു വേനലിൽ 40 ഡിഗ്രി കടക്കും ചൂട്.
മഴ കുറവ്. ഇത്തരം സാഹചര്യങ്ങളിൽ പലരും തെങ്ങ് മാത്രം ആശ്രയിച്ച് കൃഷി തുടരുമ്പോൾ, മീനാക്ഷിപുരം നല്ലൂർക്കളം എൻ.
മഹേഷ്കുമാർ പാരമ്പര്യമായി ലഭിച്ച 20 ഏക്കർ തെങ്ങിൻ തോട്ടത്തെ ബഹുവിള– ബഹുനില കൃഷി മാതൃകയാക്കി മാറ്റി. ജാതി, കവുങ്ങ്, വാഴ, പപ്പായ, ഗ്രാമ്പു, കുരുമുളക്, ഏലം, ഫലവൃക്ഷങ്ങൾ, തടിക്കായുള്ള വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാം ഒരേ മണ്ണിൽ വളരുന്ന തരത്തിൽ മാറ്റിയെടുത്തു.
ജലക്ഷാമം പരിഹരിക്കാൻ, വീടിനടുത്തുള്ള പുഴക്കരയിലെ കിണറ്റിൽ നിന്ന് 4 കിലോമീറ്റർ ദൂരെയുള്ള തോട്ടത്തിലേക്ക് ഭൂഗർഭ പൈപ് ലൈൻ വഴി വെള്ളം എത്തിച്ചു. 3 വർഷം നീണ്ട
ഒറ്റയാൾ നിയമപ്പോരാട്ടത്തിനൊടുവിൽ, ഡ്രിപ്പ് ഇറിഗേഷൻ, സ്പ്രിങ്ഗ്ലർ സംവിധാനം എന്നിവ സ്ഥാപിച്ച് തോട്ടത്തിനു ജീവജലം നൽകി കൃഷിയിടം പൊന്നാക്കി. ഇടുക്കി ഹൈറേഞ്ചിൽ മാത്രം കണ്ടിരുന്ന ഏലവും തെക്കൻ പെപ്പറും മീനാക്ഷിപുരത്തെ ചൂടേറിയ മണ്ണിൽ വിജയകരമായി വളർത്തി.
പെരുമാട്ടി കൃഷിഭവന്റെ നിർദേശ പ്രകാരമാണു ഏലത്തിന് അനുയോജ്യമായ മൈക്രോ ക്ലൈമറ്റ് സൃഷ്ടിച്ചു.പശു, ആട്, കോഴി, മീൻ എന്നിവ ഇവിടെ വളരുന്നു.
അസോള, ജൈവ വള നിർമാണം കൃഷിയിടത്തിൽ ഒരുക്കി.അച്ഛൻ നാച്ചി മുത്തു കൗണ്ടറുടെ മരണത്തിനു ശേഷമാണു കൃഷിയുടെ നേതൃത്വം ഏറ്റെടുത്തത്. അമ്മ ശിങ്കാരിയമ്മയും ഭാര്യ കലൈവാണിയും മകൻ നിദർശനും സഹോദരൻ ചന്ദ്രശേഖരനുമടങ്ങുന്നതാണ് മഹേഷ് കുമാറിന്റെ കുടുംബം.
പുരസ്കാരം നേടിയവർ
∙ പാലക്കാട് നല്ലേപ്പിള്ളി അല്ലക്കുഴ വീട്ടിൽ സി.ജെ.സ്കറിയ പിള്ള– മികച്ച കർഷകൻ(2 ലക്ഷം).
∙ പാലക്കാട് പെരുമാട്ടി മീനാക്ഷിപുരം മൂലത്തറ നല്ലൂർക്കളം എൻ.മഹേഷ്കുമാർ– മികച്ച തെങ്ങു കർഷകൻ(2 ലക്ഷം).
∙ എലവഞ്ചേരി തുമ്പിടി കരിപ്പായി പാടശേഖര നെല്ല് ഉൽപാദക സമിതി–നെൽകതിർ അവാർഡ്(3 ലക്ഷം).
∙ അഗളി അബ്ബണ്ണൂർ ഊര്–ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര് /ക്ലസ്റ്റർ: (ഒന്നാം സമ്മാനം 3 ലക്ഷം), ∙ എലവഞ്ചേരി പനങ്ങാട്ടിരി കൊളുമ്പ് പുത്തൻ വീട്ടിൽ ആർ.ശിവദാസൻ–ഹരിതമിത്ര(1 ലക്ഷം) ∙ വല്ലപ്പുഴ കാർഷിക കർമസേന–പാലക്കാട് സേവനമേഖലയിലെ മികച്ച കൃഷിക്കൂട്ടം–(50,000 രൂപ) ∙ പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി സെന്റ് ഡൊമിനിക് സ്പെഷൽ സ്കൂൾ– സ്പെഷൽ സ്കൂൾ: (രണ്ടാം സ്ഥാനം 25,000 രൂപ) ∙ യു.വി.ദീപ(പാലക്കാട് വല്ലപ്പുഴ– കൃഷി ഓഫിസർ ഒന്നാം സ്ഥാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]