
ഒറ്റപ്പാലം ∙ സമ്മാനാർഹമായ സംസ്ഥാന സർക്കാർ ഭാഗ്യക്കുറികളുടെ നമ്പറുകളിൽ വ്യാജ ടിക്കറ്റുകൾ നിർമിച്ചു തട്ടിപ്പ്. ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു തട്ടിയതു 3600 രൂപയുടെ ഭാഗ്യക്കുറികളും പണവും.
ഷൊർണൂരിൽ വാടകയ്ക്കു താമസിക്കുന്ന എ.കെ.വിനോദ്കുമാറാണു (60) തട്ടിപ്പിന് ഇരയായത്. സമാശ്വാസ സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള 8 വ്യാജ ലോട്ടറി ടിക്കറ്റുകളുടെ സെറ്റ് നൽകിയായിരുന്നു തട്ടിപ്പ്.
മാസ്ക് ധരിച്ചു സ്കൂട്ടറിൽ എത്തിയയാൾ കയ്യിലുണ്ടായിരുന്ന ഭാഗ്യതാര ടിക്കറ്റുകൾക്കു സമ്മാനം ഉണ്ടെന്നും തുക നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
സമ്മാനത്തുകയുടെ ഒരുഭാഗം വിനിയോഗിച്ചു പുതിയ ടിക്കറ്റുകൾ എടുക്കാമെന്നും വാഗ്ദാനം നൽകി.ടിക്കറ്റുകൾ സ്വീകരിച്ചു സമ്മാനത്തുകയായ 4000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇത്രയും പണം കയ്യിൽ ഇല്ലെന്നു വിനോദ്കുമാർ അറിയിച്ചതോടെയാണു ബംപർ ടിക്കറ്റുകൾ ഉൾപ്പെടെ 3600 രൂപയുടെ ഭാഗ്യക്കുറികളും 350 രൂപയും നൽകിയാൽ മതിയെന്നു തട്ടിപ്പുകാരൻ അറിയിച്ചത്. ഫലപ്രഖ്യാപനത്തിന്റെ രേഖകൾ എടുത്തു നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തിയ വിനോദ്കുമാർ കയ്യിൽ വിൽപനയ്ക്കു സൂക്ഷിച്ചിരുന്ന ലോട്ടറികളും വിൽപനയിലൂടെ ലഭിച്ച 350 രൂപയും നൽകി.
കഴിഞ്ഞ ദിവസം ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിനു സമീപം പാതയോരത്തായിരുന്നു തട്ടിപ്പ്.
ഭാഗ്യക്കുറികൾ വിനോദ്കുമാർ ഏജൻസിയെ ഏൽപിച്ചു ഫലം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണു തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞത്. വ്യാജ ഭാഗ്യക്കുറികളാണിവയെന്നും ബോധ്യപ്പെട്ടു.
പിന്നീടു ഷൊർണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു.
വിനോദ്കുമാറും ഭാര്യയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക വരുമാനമാർഗമാണു ലോട്ടറി ടിക്കറ്റ് വിൽപന.
തട്ടിപ്പിന് ഇരയായി നഷ്ടം സംഭവിച്ചതോടെ ലോട്ടറി ഏജൻസിയിൽ സാമ്പത്തിക ബാധ്യതയായെന്നു വിനോദ്കുമാർ പറഞ്ഞു.
ഉന്നംവയ്ക്കുന്നത് ചെറുകിടക്കാരെ
ഒറ്റപ്പാലം∙ വ്യാജ ലോട്ടറികൾ ഉപയോഗിച്ചുള്ള തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതു ചെറുകിട കച്ചവടക്കാരെ.
ടിക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വ്യാജനെ തിരിച്ചറിയുമെന്നതിനാൽ തട്ടിപ്പുകാർ ഏജൻസികളെ സമീപിക്കാറില്ല.സമ്മാനത്തുകയുടെ ഒരുഭാഗം ഉപയോഗിച്ചു പുതിയ ടിക്കറ്റുകൾ വാങ്ങാമെന്നു കൂടി തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നതോടെ ചെറുകിട കച്ചവടക്കാർ കെണിയിൽ വീഴുന്നതാണു പതിവ്.
ലോട്ടറി സൂക്ഷ്മമായി പരിശോധിച്ചു മാത്രം പണമോ പുതിയ ലോട്ടറികളോ നൽകിയാൽ കെണിയിൽ നിന്നു രക്ഷപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]