
പാലക്കാട് ∙ നിർമാണം പൂർത്തിയാക്കിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് 22ന് ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിൽ നിന്നു പൂർണതോതിൽ ബസ് സർവീസ് ആരംഭിക്കാനും വി.കെ.ശ്രീകണ്ഠൻ എംപി, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിനു ശേഷം സ്റ്റാൻഡിൽ നഗരസഭാധികൃതരും മോട്ടർ വാഹന, ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി.
ഇവിടെ നിന്നുള്ള ബസ് സർവീസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും എംപിയും നഗരസഭാധ്യക്ഷയും അറിയിച്ചു. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ കൂടി മുനിസിപ്പൽ സ്റ്റാൻഡിൽ എത്തണമെന്നാണു തീരുമാനം. ഇക്കാര്യത്തിൽ സമയപ്രശ്നം ഉൾപ്പെടെ ബസ് പ്രതിനിധികൾ അവരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചു. മുനിസിപ്പൽ സ്റ്റാൻഡ് പൊളിക്കുന്നതിനു മുൻപ് ഈ റൂട്ടുകളിലുള്ള ബസുകളടക്കം ഇവിടെ നിന്നാണ് സർവീസ് നടത്തിയിരുന്നത്.
വി.കെ.ശ്രീകണ്ഠൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.26 കോടി രൂപ ചെലവിലാണ് സ്റ്റാൻഡിൽ ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. നഗരസഭ 1.1 കോടി രൂപ ചെലവിൽ യാഡ്, ശുചിമുറി, വെളിച്ചം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പ് നിർദേശിച്ച സൗകര്യങ്ങളും പൂർത്തിയാക്കി. സ്റ്റാൻഡിന്റെ പ്രവർത്തനോദ്ഘാടനവും പൂർണതോതിലുള്ള പ്രവർത്തനവും നീണ്ടുപോകുന്നതിൽ എംപിയും നഗരസഭയും വ്യാപാരികളും യാത്രക്കാരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ഏതാനും ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ വന്നുപോകുന്നത്.കൂടുതൽ ബസുകൾ എത്തണമെന്ന ഗതാഗത ഉപദേശക സമിതിയുടെ നിർദേശം പോലും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് എംപിയും നഗരസഭയും നിലപാടു കർശനമാക്കുന്നത്. യോഗത്തിൽ വാർഡ് കൗൺസിലർ സെയ്ദ് മീരാൻബാബു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]