ഇടതുവിപ്ലവ വീര്യം അണകെട്ടി നിൽക്കുന്ന നാടാണു മലമ്പുഴ. വിനോദസഞ്ചാരത്തിനു പേരുകേട്ട
നാടിനു പറയാനുള്ളത് കർഷക മുന്നേറ്റങ്ങളുടെ കഥയാണ്. മണ്ഡലം രൂപീകരിച്ച് 51 വർഷം തികഞ്ഞെങ്കിലും ഇതുവരെ സിപിഎമ്മിൽ നിന്നല്ലാതെ എംഎൽഎമാർ ഉണ്ടായിട്ടില്ല.
മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ടി.ശിവദാസമേനോൻ മന്ത്രിയായി.
വിഐപി മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന മലമ്പുഴ ഇനി ലോകശ്രദ്ധയാകർഷിക്കാൻ പോകുന്നത് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ‘പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി’ പദ്ധതിയുടെ പേരിലാണ്.
യുഡിഎഫിനൊപ്പം തന്നെ ബിജെപിയും സിപിഎമ്മിന്റെ മുഖ്യ എതിരാളിയാണ്. 2016 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
1996ലെ തിരഞ്ഞെടുപ്പിൽ വെറും 5423 വോട്ടുകൾ മാത്രം ഉണ്ടായിരുന്ന ബിജെപി 2021ലെ തിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിലൂടെ നേടിയത് 50,200 വോട്ടുകളാണ്.
കഥ ഇതുവരെ
1965ലെ തിരഞ്ഞെടുപ്പിൽ ജയിച്ച എം.പി.കുഞ്ഞിരാമനാണ് ആദ്യ എംഎൽഎ. 1967ലും കുഞ്ഞിരാമൻ ജയിച്ചു.
1970ൽ വി.കൃഷ്ണദാസും 1977ൽ പി.വി.കുഞ്ഞിക്കണ്ണനും ഇവിടെനിന്നു നിയമസഭയിലെത്തി. 1980ൽ ഇ.കെ.നായനാർ ജയിച്ച് മുഖ്യമന്ത്രിയായതോടെ മണ്ഡലത്തിലേക്കു കേരളത്തിന്റെ ശ്രദ്ധ തിരിഞ്ഞു.
1982ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ടി.ശിവദാസ മേനോൻ 1987ൽ കന്നിയങ്കത്തിൽ ജയിച്ച് വൈദ്യുതി മന്ത്രിയായി.
1991,1996 വർഷങ്ങളിലും ശിവദാസമേനോൻ ജയിച്ചു. 1996ൽ ധനമന്ത്രിയായി.
സ്വന്തം തട്ടകമായ മാരാരിക്കുളത്തെ അപ്രതീക്ഷിത പരാജയത്തിനു ശേഷം മലമ്പുഴയുടെ മണ്ണിൽ 2001ൽ മത്സരിക്കാനെത്തിയ വി.എസ്.അച്യുതാനന്ദൻ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചു.
കേരളമാകെ ചർച്ച ചെയ്ത പ്രതിപക്ഷ നേതാവായി വിഎസ് മാറിയത് അക്കാലത്താണ്. 2006ലെ തിരഞ്ഞെടുപ്പിൽ വിഎസിനെ ഒഴിവാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിനെതിരായ പ്രതിഷേധങ്ങൾക്കൊടുവിൽ പൊളിറ്റ്ബ്യൂറോ ഇടപെട്ട് സീറ്റ് നൽകി.
വീണ്ടും ജയിച്ച വിഎസ് മുഖ്യമന്ത്രിയുമായി. 2011ലും 2016ലും ജയിച്ച വിഎസിന്റെ നിഴൽപോലെ ഒപ്പമുണ്ടായിരുന്ന എ.പ്രഭാകരൻ 2021ൽ ജയിച്ച് എംഎൽഎ ആയി.
ബിജെപിയിലെ സി.കൃഷ്ണകുമാറിനെയാണ് അദ്ദേഹം തോൽപിച്ചത്.
കണക്കിലെ കാര്യം
ഒരിക്കലും ഇളകാത്ത കോട്ടയെന്നു പറയുന്ന മലമ്പുഴയിൽ സിപിഎം അൽപമെങ്കിലും വിറച്ചത് 2001ൽ മാത്രമാണ്. കോൺഗ്രസ് യുവനേതാവ് സതീശൻ പാച്ചേനി 4703 വോട്ടുകൾക്കു വിഎസിനെ പിടിച്ചുകെട്ടി.
പക്ഷേ, 2006ലെ തിരഞ്ഞെടുപ്പിൽ സതീശനെത്തന്നെ വിഎസ് തോൽപിച്ചത് 20,017 വോട്ടുകൾക്കാണ്.ഇടതുപക്ഷക്കൂറ് ഇത്തവണയും ആവർത്തിക്കുമെന്നു തന്നെയാണ് സിപിഎം കരുതുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21,652 വോട്ടുകളുടെ ലീഡുണ്ട്.
കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും എൽഡിഎഫിന് 6502 വോട്ടിന്റെ ലീഡുണ്ട്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപയുടെ വികസനമെത്തുന്നതോടെ മലമ്പുഴ ലോകശ്രദ്ധയാകർഷിക്കുമെന്ന് ഇടതുപക്ഷം പറയുന്നു.
അതേസമയം, മണ്ഡലത്തിൽ ബിജെപിയുടെ വളർച്ച ഗൗരവമായി പാർട്ടി കാണുന്നു.
കോൺഗ്രസ് ഭരിച്ചിരുന്ന എലപ്പുള്ളി പഞ്ചായത്ത് പിടിച്ചെങ്കിലും അകത്തേത്തറ പഞ്ചായത്ത് ഭരണം ബിജെപിയിലെത്തിയതു സിപിഎമ്മിനു നിരാശയായി. നിലവിലെ എംഎൽഎ എ.പ്രഭാകരൻ തന്നെ വീണ്ടും മത്സരിക്കാനാണു സാധ്യത.
ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ പേരുകൾ ഉയരുന്നു. വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടാൽ പരിഗണിക്കുന്ന മണ്ഡലം മലമ്പുഴയാകും.
ഇത്രയും കാലം വിജയം മാത്രം നൽകിയ മണ്ഡലത്തിൽ വികസനനേട്ടങ്ങളുണ്ടാക്കിയെന്ന് അവകാശപ്പെടാൻ അവർക്കു കഴിയില്ലെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വാദം.
റോഡ്, ശുദ്ധജലം തുടങ്ങി അടിസ്ഥാനസൗകര്യ വികസിപ്പിക്കാനും മനുഷ്യവന്യജീവി സംഘർഷം തടയാനും പട്ടികവിഭാഗ ക്ഷേമത്തിനും ഒരു നടപടിയും സ്വീകരിച്ചില്ല. എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതും സർക്കാരിനെതിരായ പ്രചാരണമായി ഇവർ മാറ്റുന്നു,
അകത്തേത്തറ പഞ്ചായത്ത് ഭരണം നേടിയതിനൊപ്പം പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റുകൾ വർധിപ്പിച്ച ബിജെപി ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ്.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ സ്ഥാനാർഥിയാകാനാണ് സാധ്യത.നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കണക്കു പ്രകാരം തങ്ങൾ രണ്ടാമതാണെന്നത് യുഡിഎഫിന് ആശ്വാസം നൽകുന്നു. മരുതറോഡ് പഞ്ചായത്ത് പിടിച്ചെടുത്തത് ഉൾപ്പെടെ മണ്ഡലത്തിൽ അനുകൂല സാഹചര്യമുണ്ടെന്നാണ് യുഡിഎഫ് കരുതുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് ചെറാട്, ഗൗജ വിജയകുമാരൻ എന്നിവരാണു പരിഗണനയിലുള്ളത്.
വിഎസിന്റെ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷിനെ യുഡിഎഫിലെത്തിച്ചു മലമ്പുഴയിൽ മത്സരിപ്പിക്കാനുള്ള നീക്കവുമുണ്ട് .
മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ:
മലമ്പുഴ, അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം.
2021 നിയമസഭാ ഫലം
ഭൂരിപക്ഷം: 25,734 (എൽഡിഎഫ് )
എ. പ്രഭാകരൻ (എൽഡിഎഫ്)75,934
സി.കൃഷ്ണകുമാർ (എൻഡിഎ): 50,200
എസ്.കെ.അനന്തകൃഷ്ണൻ (യുഡിഎഫ്)35,444
കെ.പ്രസാദ് (എസ്യുസിഐ): 555
2025 തദ്ദേശ തിരഞ്ഞെടുപ്പ്
ലീഡ്: 21,652 (എൽഡിഎഫ്)
യുഡിഎഫ് ഭരിക്കുന്നത്: മരുതറോഡ്
എൽഡിഎഫ് ഭരിക്കുന്നത്: മലമ്പുഴ, എലപ്പുള്ളി, കൊടുമ്പ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം
ബിജെപി ഭരിക്കുന്നത്: അകത്തേത്തറ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

