കഞ്ചിക്കോട് ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ എസ്ഐആർ (സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം) എഫക്ട്. കേരളത്തിനു പിന്നാലെ ഇതര സംസ്ഥാനങ്ങളിലും ആരംഭിച്ച സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളുടെ ഭാഗമായി അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിത്തുടങ്ങിയതോടെ കഞ്ചിക്കോട് വ്യവസായ മേഖല വലിയ പ്രതിസന്ധിയിലായി. അതിഥിത്തൊഴിലാളികൾ ഇല്ലാതെ വന്നതോടെ പല കമ്പനികളുടെയും പ്രവർത്തനം പ്രയാസത്തിലാണ്.
ജോലി സമയം കുറച്ചാണു പല കമ്പനികളും പ്രവർത്തിക്കുന്നത്.
ഇരുമ്പുരുക്ക് വ്യവസായശാലകളെയാണ് കൂടുതൽ ബാധിച്ചത്. കേരളത്തിനു പിന്നാലെ അസം, ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ ആരംഭിച്ചിരുന്നു.
ഇതോടെയാണ് വ്യവസായ മേഖലയിൽ നിന്നു കൂട്ടത്തോടെ തൊഴിലാളികൾ അവരുടെ നാടുകളിലേക്കു മടങ്ങിത്തുടങ്ങിയത്. സാധാരണ ദീപാവലി, മഹാനവമി ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിലാണ് തൊഴിലാളികൾ അവധിയെടുത്ത് നാട്ടിലേക്കു മടങ്ങുക. അവധി ആഘോഷം കഴിഞ്ഞാൽ ഇവർ തിരിച്ചെത്തും.
വോട്ടർ പട്ടിക പരിഷ്കരണമായതിനാൽ ഇതു എത്ര ദിവസം നീണ്ടു നിൽക്കുമെന്നു ധാരണയില്ല. ഇതിനാലാണ് പലരും കൂടുതൽ ദിവസം അവധിയിലേക്കു നീങ്ങിയത്.
‘ഒന്നുകിൽ കൂലി നഷ്ടപ്പെടുത്തി നീണ്ട
അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുക, അതല്ലെങ്കിൽ ഇവിടെ തുടർന്നു വോട്ടർ പട്ടികയിൽ നിന്നു പേര് ഒഴിവാക്കുക’ ഇത്തരമൊരു ആശങ്കയാണ് തൊഴിലാളികൾക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു പല സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നത്.
പ്രതിസന്ധിക്കു പരിഹാരമായി എന്യൂമറേഷൻ ഫോമുകൾ ഇവിടെ എത്തിച്ചു പൂരിപ്പിച്ചു അയയ്ക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ പല കമ്പനി മാനേജ്മെന്റും ആലോചിക്കുന്നുണ്ട്. ഫോം ഓൺലൈനായി പൂരിപ്പിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ഉണ്ടെങ്കിലും, എങ്ങനെ അത് ചെയ്യണമെന്നോ, അതിന് ആവശ്യമായ രേഖകൾ എങ്ങനെ നൽകുമെന്നോ പലർക്കും അറിയില്ല.
പോയ മാസമാണു 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആറിനുള്ള ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്.
പല സംസ്ഥാനങ്ങളിലും എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന പ്രക്രിയ നവംബർ അവസാനവാരത്തിലും അതിനുശേഷം കരട് വോട്ടർ പട്ടിക ഡിസംബർ ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കുമെന്നും പറയപ്പെടുന്നുണ്ട്. നടപടികൾക്കു കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.
ഇതിനാലാണ് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിപ്പോകാൻ കാരണമായത്. അതേസമയം വർഷങ്ങൾക്കു മുൻപേ ഇവിടെയെത്തി സ്ഥിരതാമസമാക്കി ഇവിടെ തന്നെ വോട്ടുള്ളവരും കഞ്ചിക്കോട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

