വടക്കഞ്ചേരി ∙ വടക്കഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗം. കെ.ഡി.
പ്രസേനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നു ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയത്.
വടക്കഞ്ചേരി ടൗണിൽ കഴിഞ്ഞ ദിവസം അമിതവേഗത്തിൽ വന്ന പിക്കപ് വാൻ ഇടിച്ച് ഒറ്റപ്പാലം സ്വദേശിയായ ബാങ്ക് മാനേജർ മരിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്, ബിജെപി പാർട്ടികളും വ്യാപാരി സംഘടനകളും രംഗത്തെത്തി. ജില്ലാ വികസന സമിതി യോഗത്തിൽ വടക്കഞ്ചേരിയിലെ വഴിയോര കച്ചവടം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കലക്ടർ എം.എസ്.
മാധവിക്കുട്ടി നിർദേശം നൽകിയിരുന്നു. ടൗണിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ ആർടിഒയ്ക്കും നിർദേശം നൽകി.
എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല. താലൂക്ക് വികസന സമിതി കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ പഞ്ചായത്തും പൊലീസും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പി.പി. സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ വൺവേ സംവിധാനം ഉൾപ്പടെയുള്ള 13 തീരുമാനങ്ങൾ എടുത്തിരുന്നു.
എന്നാൽ, ടൗണിൽ തോന്നിയപോലെയാണ് വാഹനങ്ങൾ പോകുന്നത്. വടക്കഞ്ചേരി കോപ്പറേറ്റീവ് ബാങ്ക് ജംക്ഷൻ മുതൽ തങ്കം ജംക്ഷൻ വരെയുള്ള തിരക്കേറിയ റോഡിൽ കടകൾക്കു മുൻപിൽ പെട്ടിഓട്ടോറിക്ഷകളും ഉന്തുവണ്ടികളും നിർത്തി കച്ചവടം വ്യാപകമായി നടക്കുന്നു.
പഴയ എസ്ബിടി സ്റ്റോപ്പിൽ നടുറോഡിൽ ബസ് നിർത്തിയാണ് ആളെ കയറ്റുന്നത്.
ടൗൺ റോഡിലെ പ്രധാന കവലകളിൽ ട്രാഫിക് ഐലൻഡോ ബാരിക്കേഡുകളോ സ്ഥാപിച്ച് വാഹനങ്ങളുടെ ദിശ നിയന്ത്രിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്. മന്ദം കവലയിൽ നിന്നു ഗ്രാമം റോഡിലേക്കുള്ള വഴി വൺവേ ആണെങ്കിലും ഇതു തിരിച്ചറിയാനുള്ള ബോർഡുകളോ മറ്റു സംവിധാനങ്ങളോ ഇവിടെയില്ല.
ഇതിനാൽ ടൗൺ അറിയാത്തവർ രണ്ടു ദിശയിലേക്കും വാഹനങ്ങൾ ഓടിച്ചുപോകുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]