
ചെന്നൈ ∙ നഗരത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന സദ്യയ്ക്ക് ആവശ്യമായ സാധനങ്ങളും മറ്റു വിഭവങ്ങളും കേരളത്തിൽനിന്ന് എത്തിക്കാൻ വ്യാപാരികളും കൂട്ടായ്മകളും. ഇതിനുള്ള ഒരുക്കങ്ങൾ നാട്ടിൽ ആരംഭിച്ചു കഴിഞ്ഞു.
രണ്ടാഴ്ചയ്ക്കകം ഇവ ചെന്നൈയിൽ എത്തുന്നതോടെ ഇവിടെ ആഘോഷത്തിനു കൊടിയേറും.
നാടൻ രുചിയുമായി കേരള സമാജം
നഗരത്തിലെ ഓണക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ മദിരാശി കേരള സമാജം നാടൻരുചി വിളമ്പാൻ ഇത്തവണയും ഒരുങ്ങിക്കഴിഞ്ഞു. നേന്ത്രക്കായ, ചിപ്സ്, അച്ചാർ, പപ്പടം, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങി ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ സമാജത്തിലെ ഓണച്ചന്തയിൽ ലഭ്യമാക്കും.
പാലക്കാട് മണ്ണാർക്കാട്ടെ തോട്ടങ്ങളിൽനിന്ന് 2,000 കിലോ നേന്ത്രക്കായയാണ് വിൽപനയ്ക്ക് എത്തിക്കുക. വേഗത്തിൽ പഴുത്തു പോകുന്ന പ്രശ്നം ഒഴിവാക്കാൻ ഘട്ടംഘട്ടമായാണ് എത്തിക്കുക.
കോഴിക്കോടൻ ചിപ്സാണ് മറ്റൊരു പ്രധാന ഇനം. കോഴിക്കോട് ഉള്ളിയേരിയിലെ ഗ്രാമീണ ചന്തയിൽ നിന്നാണ് ചിപ്സ് വിൽപനയ്ക്ക് എത്തിക്കുക.
600 കിലോ വാഴയ്ക്ക ചിപ്സ്, 200 കിലോ പഴം ചിപ്സ് തുടങ്ങി 1,000 കിലോ ചിപ്സ് വിൽക്കും.
അട്ടപ്പാടി അടക്കം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണു ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ എത്തിക്കുക. 31 മുതൽ ഉത്രാട
ദിനമായ സെപ്റ്റംബർ 4 വരെയാണ് സമാജത്തിൽ ഓണച്ചന്ത. സാധനങ്ങൾ മിതമായ വിലയിൽ സ്റ്റാളുകളിൽ ലഭിക്കുമെന്നും ചെലവു മാത്രമേ ഈടാകൂവെന്നും ഭാരവാഹികൾ പറഞ്ഞു.
ദിവസവും വൈകിട്ട് കലാപരിപാടികളും നടത്തും. സെപ്റ്റംബർ 7നാണ് സമാജത്തിലെ ഓണാഘോഷം.
കേരള സമാജത്തിനു പുറമേ മറ്റു സംഘടനകളും വിപുലമായ ചന്തകളുമായി ഓണക്കാലത്ത് സജീവമാകും.
പായസത്തിന് ‘നാടൻ’ മധുരം
സാധനങ്ങളുടെ വിൽപനയ്ക്കു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പായസ വിൽപനയും സംഘടിപ്പിക്കും. പായസത്തിന് ആവശ്യമായ സാധനങ്ങൾ തൃശൂരിൽനിന്നാണു കൊണ്ടുവരുന്നതെന്ന് പല്ലാവരം കേരളം സമാജം ജനറൽ സെക്രട്ടറി കെ.പി.രതീഷ് പറഞ്ഞു.
ഉത്രാടം, തിരുവോണം നാളുകളിലാണു സമാജത്തിന്റെ പായസ വിൽപന. ഇതിനു മുന്നോടിയായി ഓണച്ചന്തയുണ്ടാകും.
കോഴിക്കോടൻ ചിപ്സ് അടക്കം എല്ലാ സാധനങ്ങളും നാട്ടിൽ നിന്ന് എത്തിക്കും. ഓണത്തോടനുബന്ധിച്ച് സദ്യ വിൽപനയും നഗരത്തിൽ വ്യാപകമാകും.
ഹോട്ടലുകളും കേറ്ററിങ് സ്ഥാപനങ്ങളുമാണ് കൂടുതലായും സദ്യ തയാറാക്കി വിൽക്കുക. സദ്യ തയാറാക്കുന്നവരും നാട്ടിൽനിന്നു തന്നെയാകും എത്തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]