
ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപിയും ടോക്കൺ സംവിധാനവും തുടങ്ങി. ഉച്ചകഴിഞ്ഞ് അനുഭവപ്പെടാറുള്ള ചികിത്സാ പ്രതിസന്ധിക്കു പരിഹാരമാണു സായാഹ്ന ഒപിയെങ്കിൽ, രാപകൽ വ്യത്യാസമില്ലാതെ ചികിത്സയ്ക്കെത്തുന്നവരുടെ കാത്തുനിൽപ് ഒഴിവാക്കാനുള്ള ക്രമീകരണമാണു ടോക്കൺ സംവിധാനം.ദിവസവും ഉച്ചകഴിഞ്ഞു 2 മുതൽ രാത്രി 8 വരെയാണു സായാഹ്ന ഒപിയുടെ പ്രവർത്തനം.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒരു ഡോക്ടറെ കൂടി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചാണിത്. സായാഹ്ന ഒപിയുടെ സമയപരിധി കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ നിന്നു ചികിത്സ ലഭിക്കും.
ഒപി ടിക്കറ്റ് എടുക്കുന്ന ഭാഗത്തു വരിയിൽ കാത്തുനിൽക്കേണ്ട
ബുദ്ധിമുട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണു ടോക്കൺ സംവിധാനം തുടങ്ങിയത്. ടോക്കൺ വെൻഡിങ് മെഷീനിൽ നിന്നു ലഭിക്കുന്ന ടോക്കണുമായി ഒപി റജിസ്ട്രേഷൻ കൗണ്ടറിനു മുന്നിലെ ഇരിപ്പിടങ്ങളിൽ കാത്തിരിക്കാം.
ഊഴമനുസരിച്ചു ടോക്കൺ നമ്പർ വിളിക്കുമ്പോൾ കൗണ്ടറിലെത്തി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒപി ടിക്കറ്റിനുള്ള പണമിടപാടിന് ഓൺലൈൻ സംവിധാനവും ഒരുക്കി.
രണ്ടു മാസം മുൻപാണ് ആശുപത്രിയിലെ ഒപി, അത്യാഹിത വിഭാഗങ്ങൾ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരുന്നത്.
ഒപി വിഭാഗം പ്രവർത്തിക്കുന്ന മുകൾ നിലയിൽ തന്നെയാണു സായാഹ്ന ഒപിയും ക്രമീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് അത്യാഹിത വിഭാഗം.സായാഹ്ന ഒപിയും ടോക്കൺ വെൻഡിങ് മെഷീനും കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ കെ.ജാനകീദേവി അധ്യക്ഷയായിരുന്നു. ഉപാധ്യക്ഷൻ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഫൗസിയ ഹനീഫ, കെ.അബ്ദുൽ നാസർ, സുനീറ മുജീബ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]