
കാഞ്ഞിരപ്പുഴ ∙ കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി നടപ്പിലാക്കിയതാണു കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി. നാട്ടുകാർക്കും കർഷകർക്കും വലിയ ആശ്വാസമായിരുന്ന കനാൽ കൃത്യമായ നവീകരണമോ പരിപാലനമോ നടക്കാത്തതിനാൽ ഇന്നു പലയിടത്തും ഇടിഞ്ഞു കാടുമൂടിക്കിടക്കുകയാണ്. പലതവണ ആവശ്യപ്പെട്ടിട്ടും നടപടി മാത്രം വരുന്നില്ല.
കൃഷിക്കു പുറമേ ശുദ്ധജലം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും കനാൽ ഉപയോഗിക്കുന്നുണ്ട്. ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന തൂതപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴ പദ്ധതിയുടെ വിശദമായ അന്വേഷണം 1960കളിൽ ആണ് ആരംഭിച്ചത്. 1966കളിൽ 365 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്കു സർക്കാരിന്റെ ഭരണാനുമതിയായി.
തുടർന്നു പുളിക്കലിൽ കാഞ്ഞിരപ്പുഴ നദിക്കു കുറുകെ അണക്കെട്ട് നിർമാണം ആരംഭിച്ചു.
വർഷങ്ങളെടുത്ത് 2128 മീറ്റർ നീളത്തിൽ എർത്ത് കം മേസൺ അണക്കെട്ട് നിർമിച്ചു. 70.82 ദശലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ളതാണ് സംഭരണി.
70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അണക്കെട്ടിനു മുകളിലാണ് വൃഷ്ടിപ്രദേശം. അണക്കെട്ടിന്റെ വലതുഭാഗത്ത് 9.36 കിലോമീറ്റർ നീളത്തിൽ തെങ്കര കനാലും ഇടതുവശത്തായി 61 കിലോമീറ്റർ നീളത്തിൽ പ്രധാന കനാലും വർഷങ്ങളെടുത്താണു നിർമിച്ചത്. മൺതിട്ടകളും കരിങ്കൽഭിത്തികളുമായി ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കോർത്തിണക്കിയായിരുന്നു നിർമാണം.
ഇതോടൊപ്പം 250 കിലോമീറ്റർ നീളത്തിൽ നാൽപതോളം ഉപകനാലുകളും നിർമിച്ചു.1980കളിൽ നിലവിൽവന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഇപ്പോഴും പൂർണമായി കമ്മിഷൻ ചെയ്തിട്ടില്ല.
കാർഷിക മേഖലയുടെ ജീവനാഡി, ഇപ്പോഴോ…
കാർഷികമേഖലയിലെ 9,713 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്താനാണു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇടതുകര കനാലിലൂടെയുള്ള ജലസേചനം ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തിലെ കാർഷിക മേഖലയിലേക്കും, 9.36 കിലോമീറ്റർ വരുന്ന വലതുകര കനാൽ വഴി മണ്ണാർക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി,കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കും.
മുഖ്യമായും നെൽക്കൃഷിക്കായിരുന്നു വെള്ളം ഉപയോഗിച്ചത്. വാഴ, നാണ്യ വിളകൾ, പച്ചക്കറി തുടങ്ങിയ വിവിധ കൃഷിക്കും പിന്നീട് കാഞ്ഞിരപ്പുഴ കനാൽ വെള്ളം ഉപയോഗിച്ചു.
കനാൽ വന്നതോടെ കാർഷിക മേഖലയിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും മാറ്റം വന്നു.
ഓരോ മഴക്കാലത്തും വെള്ളം പരമാവധി സംഭരിച്ച് വേനൽക്കാലത്തു കൃഷിക്കായി ഉപയോഗിച്ചു. മുൻപു പുഞ്ചയടക്കം മൂന്നു വിളകളും കനാൽവെള്ളത്തെ ആശ്രയിച്ചു നടത്തിയിരുന്നെന്നു കർഷകർ പറയുന്നു.
എന്നാൽ, കുറച്ചു വർഷങ്ങളായി ജലസേചന പദ്ധതി താളംതെറ്റുന്ന സ്ഥിതിയാണെന്നു കർഷകർ പറയുന്നു. വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന സ്ഥിരം പരാതികളുമായി പാടശേഖര സമിതികളും രംഗത്തെത്തുന്നു.ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിൽ നിന്ന് എങ്ങനെയാണു കർഷകർക്കു പൂർണമായും ഫലം ലഭിക്കുകയെന്നാണ് അധികൃതർ ചോദിക്കുന്നത്.
ഇനി ആരോടു പറയും തങ്ങളുടെ വിഷമമെന്നു കർഷകരും പരിതപിക്കുന്നു. നാളെ: തകർന്ന കനാലുകളും തകരുന്ന കർഷകമനസ്സും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]