
ഷൊർണൂർ ∙ വർഷങ്ങളായുള്ള പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വാടാനാംകുറുശ്ശി മേൽപാല നിർമാണത്തിനു വേഗം കൈവന്നു. 10 ദിവസം പൂർണമായും ഗതാഗതം നിരോധിച്ചാണു പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്.
വാഹനഗതാഗതം നിലച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതലാണു വാടാനാംകുറുശ്ശി മേൽപാല നിർമാണം പുനരാരംഭിച്ചത്. ഷൊർണൂർ ഭാഗത്തേക്കുള്ള സംരക്ഷണഭിത്തിയുടെ യും സർവീസ് റോഡിന്റെയും നിർമാണമാണ് ആരംഭിച്ചത്.അപ്രോച്ച് റോഡിന്റെ ഉയരം കുറയ്ക്കുന്ന പ്രവൃത്തികളാണു പുരോഗമിക്കുന്നത്.
ഇതോടൊപ്പം സർവീസ് റോഡ് പൂട്ടുകട്ട
വിരിച്ചു നവീകരിക്കും. പരിസരത്തെ സ്കൂളുകളിലേക്ക് ഒട്ടേറെ വിദ്യാർഥികളാണു കാൽനടയായും വാഹനത്തിലും വാടാനാംകുറുശ്ശി വഴി പോകുന്നത്.
റോഡ് അടച്ചതോടെ വിദ്യാർഥികളും ബുദ്ധിമുട്ടിലായി. നിലവിൽ പട്ടാമ്പിയിൽ നിന്നു ഷൊർണൂരിലേക്കുള്ള ബസുകൾ പാലത്തിന്റെ ഒരു ഭാഗത്തു നിർത്തി ആളെ ഇറക്കിയാണു സർവീസ് നടത്തുന്നത്. ഒരു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞു പ്രവർത്തനം ആരംഭിച്ച വാടാനാംകുറുശ്ശി മേൽപാലം നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിച്ചില്ല എന്നാണു യാത്രക്കാർ പറയുന്നത്.
ഇതുമൂലം പ്രദേശത്തെ റോഡ് തകർച്ചയും ഗതാഗതക്കുരുക്കും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഒട്ടേറെ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും പാലം സാക്ഷ്യം വഹിക്കുകയും ചെയ്തു. യാത്രാദുരിതം രൂക്ഷമായതോടെയാണ് അധികൃതരുടെ ഇടപെടലിനെത്തുടർന്നു നിർമാണത്തിനു വേഗം കൈവന്നത്. കിഫ്ബി വഴി 34 കോടി രൂപ ചെലവഴിച്ചാണു വാടാനാംകുറുശ്ശി റെയിൽവേ മേൽപാലം നിർമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]