
പാലക്കാട് ∙ ഒലവക്കോട് മുതൽ താണാവ് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കായി ക്ഷണിച്ച ടെൻഡറിൽ അധികരിച്ച തുകയ്ക്കുള്ള പ്രത്യേക അനുമതി ദേശീയപാത അതോറിറ്റി റീജനൽ ഓഫിസിൽ നിന്നു നാളെ ലഭിക്കുമെന്നു വി.കെ.ശ്രീകണ്ഠൻ എംപി അറിയിച്ചു. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ പ്രോജക്ട് ഡയറക്ടർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും എംപി നിർദേശം നൽകി.
ചൊവ്വാഴ്ച മുതൽ പണികൾ തുടങ്ങാനാകുമെന്നും എംപി പറഞ്ഞു. റോഡ് പണിക്കായി ദേശീയപാത അതോറിറ്റി നേരത്തെ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മൂന്നു പ്രാവശ്യം ടെൻഡർ ക്ഷണിച്ചിട്ടും ഈ തുകയ്ക്കു പദ്ധതി ആരും ഏറ്റെടുത്തില്ല.
തുടർന്നാണ് എംപി ഇടപെട്ടത്.അതേസമയം താണാവ് മുതൽ ചന്ദ്രനഗർ വരെയുള്ള റോഡിന്റെ വീതി കൂട്ടുന്ന പദ്ധതി നിലവിൽ പരിഗണിക്കില്ലെന്നാണു വിവരം. പാലക്കാട്–കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ വരുന്ന സാഹചര്യത്തിലാണു റോഡിന്റെ വീതി കൂട്ടാത്തത്. ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാകുന്നതോടെ കോഴിക്കോട് റൂട്ടിലെ ചരക്കു വാഹന ഗതാഗതം അതുവഴിയാകും.
ഇതോടെ ഒലവക്കോട്–താണാവ് വഴിയുള്ള ഗതാഗതത്തിരക്കു കുറയുമെന്നാണു വിലയിരുത്തൽ.
ഗ്രീൻ ഫീൽഡ് ഹൈവേ വരുന്നതോടെ ദേശീയപാത ഒലവക്കോട്–താണാവ് ഭാഗം ഉൾപ്പെടെ സംസ്ഥാന മരാമത്ത് വകുപ്പിനു കൈമാറിയേക്കുമെന്ന വിലയിരുത്തലുമുണ്ട്. ഒലവക്കോട്–താണാവ് റോഡ് വീതി കൂട്ടണമെങ്കിൽ രണ്ടാമതൊരു റെയിൽവേ മേൽപാലം കൂടി നിർമിക്കേണ്ടിവരും. ഇതിന് ആദ്യം റെയിൽവേയുടെ അനുമതി വേണം.
ജംക്ഷൻ സ്റ്റേഷനു തൊട്ടടുത്തായതിനാൽ മേൽപാലത്തിന് അനുമതി ലഭിക്കുമോ എന്നും വ്യക്തമല്ല. ഇത്തരം സാങ്കേതികത്വങ്ങൾ കാരണമാണു റോഡ് വീതി കൂട്ടൽ പദ്ധതി വൈകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]