വാളയാർ ∙ റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ പുതുശ്ശേരി പഞ്ചായത്തിലെ എൽഡി ക്ലാർക്ക് വിജിലൻസ് പിടിയിൽ. അകത്തേത്തറ സ്വദേശിയും ടാക്സ് വിഭാഗം ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് ഗോപിനാഥിനെയാണ് (39) ഇന്നലെ ഉച്ചയോടെ ചുള്ളിമടയിൽ കുടിശിക നികുതി പിരിക്കാൻ നടത്തിയ പ്രത്യേക അദാലത്തിനിടെ കൈക്കൂലിപ്പണവുമായി അറസ്റ്റ് ചെയ്തത്.
കഞ്ചിക്കോട് സ്വദേശിയുടെ പരാതിയിലാണു നടപടി.
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിക്ക്, ടിപ്പർ ലോറി വാങ്ങാൻ ലോണിനായി റസിഡൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. ഇതിനായി വീട്ടുടമ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നൽകി.
സ്ഥലം പരാതിക്കാരന്റെ പിതാവിന്റെ പേരിലായതിനാൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻ പ്രയാസമുണ്ടെന്നും പിതാവ് മരിച്ചതിനാൽ മരണ സർട്ടിഫിക്കറ്റുമായി ഓഫിസിലെത്തണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. തുടർന്നു രേഖകളുമായി ഓഫിസിലെത്തിയപ്പോഴാണ് അദാലത്തിനിടെ 2500 രൂപ കൈക്കൂലിത്തുക കൈമാറാൻ ആവശ്യപ്പെട്ടത്.
ഇതോടെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
അദാലത്തിനിടെ പണം കൈമാറിയ ഉടൻ, വേഷം മാറിയെത്തിയ ഉദ്യോഗസ്ഥ സംഘം ശ്രീജിത്തിനെ പിടികൂടി. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും പലരിൽ നിന്നും സമാനമായി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.
പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന സംഘമാണു സ്ഥലത്തെത്തിയത്. ശ്രീജിത്ത് 3 വർഷം മുൻപാണ് എലപ്പുള്ളിയിൽ നിന്നു പുതുശ്ശേരിയിലേക്കു സ്ഥലംമാറിയെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

