പാലക്കാട്∙ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട സംസ്ഥാന സ്കൂൾ കലോത്സവ കിരീടം പാലക്കാട്ടേക്ക് എത്തിക്കാനുള്ള ആവേശവുമായാണ് ജില്ലയിൽ നിന്നുള്ള പ്രതിഭകൾ തൃശൂരിലെ കലോത്സവ നഗരിയിലേക്ക് പോകുന്നത്.
വിവിധ സ്കൂളുകളിൽ നിന്നായി 811 മത്സരാർഥികളാണ് ജില്ലയിൽനിന്നു മാറ്റുരയ്ക്കുന്നത്. ഇതിൽ ജില്ലാ കലോത്സവത്തിൽനിന്ന് നേരിട്ട് യോഗ്യത നേടിയ 790 പേരും, അപ്പീൽ വഴി മത്സരത്തിനെത്തുന്ന 21 പേരുമുണ്ട്.
സംസ്കൃതം, അറബിക് കലോത്സവങ്ങളുൾപ്പെടെ കൗമാരപ്രതിഭകൾ മത്സരിക്കുന്നത് 240ൽ ഏറെ ഇനങ്ങളിലാണ്. പോയിന്റ് നിലയിലെ നേരിയ വ്യത്യാസം പോലും സ്വർണക്കപ്പിലേക്കെത്തിക്കുമെന്നതിനാൽ വാശിയേറിയ മത്സരമാണ് ഓരോ ഇനങ്ങളിലും കാണാനാവുക.
വിവിധ ഇനങ്ങളിൽ വർഷങ്ങളായി ആധിപത്യം നിലനിർത്തുന്ന സ്കൂളുകളുമുണ്ട്.
പാലക്കാട് ജില്ല സ്ഥിരമായി ജേതാക്കളാകുന്ന സംഘനൃത്തം, പൂരക്കളി, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയവയിൽ ഇത്തവണയും വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കങ്ങളിലാണ് സ്കൂളുകൾ.
ഗോത്രകലകളായ ഇരുളനൃത്തം, പണിയ നൃത്തം എന്നിവയിലും ജില്ലയിലെ സ്കൂളുകൾക്ക് മേൽക്കയ്യുണ്ട്. ഇരുളനൃത്തത്തിൽ ഷോളയൂർ ജിടിഎച്ച്എസ്എസ്, മലപ്പുലയ ആട്ടത്തിൽ ടിആർകെ എച്ച്എസ് എന്നിവ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളാണ്.
നാളെ മുതൽ 18 വരെ തൃശൂരിലാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്.
ബിഎസ്എസ് ഗുരുകുലം; ജില്ലയുടെ പവർഹൗസ്
സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി 12 തവണ മികച്ച സ്കൂൾ പട്ടം നേടിയ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 13ാം നേട്ടത്തിനായുള്ള പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മത്സരാർഥികളെ കലോത്സവത്തിനെത്തിക്കുന്നതും ഗുരുകുലമാണ്.
55 ഇനങ്ങളിലായി 160 കുട്ടികളാണ് ഗുരുകുലം സ്കൂളിൽ നിന്ന് തൃശൂരിലേക്ക് മത്സരത്തിനെത്തുന്നത്.
കലോത്സവ ട്രോഫികൾ പൊന്നാനിയിൽ റെഡി
പൊന്നാനി∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ട്രോഫികൾ പൊന്നാനിയിൽ തയാറായി. കലോത്സവത്തിനുള്ള പതിനെണ്ണായിരത്തോളം ട്രോഫികളാണ് പൊന്നാനിയിൽ തയാറാക്കി വച്ചിരിക്കുന്നത്.
ചമ്രവട്ടം ജംക്ഷനിലെ ബെസ്റ്റ് ട്രേഡേഴ്സ് സ്ഥാപന ഉടമ പെരുമ്പടപ്പ് സ്വദേശി കൂവക്കാട്ടയിൽ മുഹമ്മദ് ബാബുവിന്റെ നേതൃത്വത്തിലാണ് ട്രോഫികൾ ഒരുക്കുന്നത്.
കഴിഞ്ഞ തവണ തിരുവനന്തപുരത്തെ സംസ്ഥാന കലോത്സവത്തിലും മുഹമ്മദ് ബാബുവിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ട്രോഫികൾ എത്തിച്ചത്. സരസ്സ് മേളയിലേക്കുള്ള ട്രോഫിയും പൊന്നാനിയിൽനിന്നു തന്നെയായിരുന്നു. ഒരു പതിറ്റാണ്ടോളമായി ഇൗ മേഖലയിൽ മുഹമ്മദ് ബാബു സജീവമാണ്.
രണ്ടാഴ്ചയോളമായി കലോത്സവത്തിനു ട്രോഫികൾ ഒരുക്കുന്ന തിരക്കിലായിരുന്നു. ഇന്നുതന്നെ തൃശൂരിലെ കലോത്സവ വേദിയിലേക്കു ട്രോഫികൾ എത്തിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

