കുമ്പിടി ∙ ഐതിഹ്യപ്പെരുമ പേറുന്ന പന്നിയൂർ തുറയും പരിസരവും അവഗണനയിൽ. ആനക്കര പഞ്ചായത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ജല സംഭരണിയാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പന്നിയൂർ തുറ.
ഒരേക്കറിലധികം വിസ്തൃതമായ പന്നിയൂരിലെ പ്രകൃതിദത്ത ജലസംഭരണി ചരിത്രപരമായും ഐതിഹ്യപരമയും ഏറെ പ്രസിദ്ധമാണ്.1995 മുതൽ പലപ്പോഴായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തുറയുടെ അരിക് കെട്ടുകയും പടവുകൾ നിർമിക്കുകയും മറ്റും ചെയ്തിരുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഏതാനും വർഷം മുൻപ് ഇവിടെ മോട്ടർ സ്ഥാപിക്കുന്നതിനും മറ്റുമായി 5ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കി.
ഇതോടനുബന്ധിച്ച് മോട്ടർ ഷെഡും തുറയ്ക്ക് ചുറ്റും പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ കാലക്രമേണ ഇതെല്ലാം നഷ്ടപ്പെട്ടതല്ലാതെ ഒട്ടും ഗുണകരമായില്ല.
ഒരുകാലത്ത് ജലസമൃദ്ധമായ തുറയിൽ നീന്തിക്കുളിക്കാനും തുണി കഴുകാനും മറ്റുമായി ഒട്ടേറെ ആളുകൾ എത്തിയിരുന്നതാണ്.
എന്നാൽ ഇപ്പോൾ ഇവിടെയെത്താൻ ആളുകൾ ഭയക്കുന്ന സ്ഥിതിയാണ്. പ്രളയത്തെ തുടർന്ന് തുറയിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തിയതോടെ ആളുകൾ എത്തുന്നത് കുറഞ്ഞു. സമീപത്തെ നെൽക്കൃഷി നിലച്ചതോടെ തുറയുടെ നാല് വശങ്ങളിലുമുള്ള കൃഷിയിടങ്ങൾ കുറ്റിക്കാടുകളായി മാറി.
തുറയിൽ വെള്ളം കാണാനാകാത്ത തരത്തിൽ ചണ്ടിയും പുല്ലും വളർന്നിരിക്കുന്നു.
ഏത് കടുത്ത വേനലിലും വറ്റാത്ത ജലസംഭരണിയായിരുന്ന പന്നിയൂർ തുറ ഏതാനും വർഷമായി വേനൽ കടുക്കുന്നുതിന് മുന്നേ വറ്റിവരണ്ടുണങ്ങുന്ന സ്ഥിതിയാണ്. സമീപപ്രദേശങ്ങളിലെ ഏക്കർ കണക്കിന് വരുന്ന പാടശേഖരത്തിലെ കൃഷിക്ക് വെള്ളം എത്തിക്കാനും കുളിക്കാനും അലക്കാനുമെല്ലാം നൂറുകണക്കിന് ആളുകൾ തുറയെയാണ് നേരത്തെ ആശ്രയിച്ചിരുന്നത്.
തുറയിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം ജലസേചനത്തിന് സ്ഥിരം സംവിധാനം ഒരുക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
പന്തിരുകുലപ്പെരുമയിൽ ഉൾപ്പെടുത്തി പന്നിയൂർ തുറ സംരംക്ഷണം ഉൾപ്പെടെ വിപുലമായ പദ്ധതികൾ വർഷങ്ങൾക്ക് മുൻപ് ടൂറിസം വകുപ്പ് തയാറക്കിയിരുന്നെങ്കിലും പദ്ധതി എങ്ങും എത്തിയില്ല.
ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ് അധികൃതർ പല തവണ പന്നിയൂർ സന്ദർശിച്ചിരുന്നു.തുറയ്ക്കു ചുറ്റും നടപ്പാത നിർമിക്കൽ, പുതിയ കടവുകൾ, അലങ്കാരദീപം സ്ഥാപിക്കൽ വിശ്രമത്തിനും വിനോദത്തിനുമായുള്ള സൗകര്യം ഒരുക്കൽ, പാർശ്വഭിത്തി നിർമാണം, സന്ദർശകർക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കൽ എന്നിവയെല്ലാം പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു.സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തുകളും കൂട്ടായി ശ്രമിച്ചാൽ പന്നിയൂർ തുറ കേന്ദ്രീകരിച്ച് വിപുലമായ ടൂറിസം പദ്ധതി നടപ്പാക്കാനാകും. ഇത് സർക്കാരിന് വരുമാനവും പന്നിയൂർ തുറയ്ക്ക് പുതു ജീവനുമേകുമെന്ന കാര്യത്തിൽ തർക്കമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

