കോയമ്പത്തൂർ ∙ പ്രായമായവരെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തെ മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ സൈബർ ക്രൈം പൊലീസ് പിടികൂടി.
ഗുജറാത്ത് സൂറത്ത് സ്വദേശികളായ ടി.ബത്ലിയ രജനിബായ് തൽഷിബായ് (37), വിശ്വബായ് ഹിമ്മത്ത്ബായ് റാഡിയ (36), റഡാഡിയ ചവാൻ (34), കോഹിൽ വിജയ് ദയാൽബായ് (34), റത്തോർ ജിധേന്ദ്ര സിങ് ശ്രാവൺ സിങ് (26), ക്രാസെ മഹേന്ദ്ര സിങ് ദാകെ സിങ് (35), സോവാഡിയ മിറൽ മനോജ്ബായി (22), കപിൽ രാജുബായി ഗോത്രെ (36), സോവാഡിയ മീറ്റ് മനോജ്ബായ് (25), പാൽ ചന്ദൻ ജയനാഥ് (34) എന്നിവരാണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 16.5 ലക്ഷത്തോളം രൂപ നഷ്ടമായ കോയമ്പത്തൂർ കൗണ്ടംപാളയം സ്വദേശി സാമുവൽ ചന്ദ്രബോസിന്റെ (71) പരാതിയിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിന് മൊബൈലിൽ ലഭിച്ച മെസേജിലൂടെയായിരുന്നു തട്ടിപ്പിനു തുടക്കം. വാഹനത്തിന് കോയമ്പത്തൂർ ആർടിഒ പിഴ ചുമത്തിയിട്ടുണ്ടെന്നും ആപ്പ് ഡൗൺലോഡ് ചെയ്താൽ വിവരങ്ങൾ അറിയാമെന്നുമാണ് മെസേജിൽ ഉണ്ടായിരുന്നത്.
ഇതു വിശ്വസിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ മൊബൈൽ ഫോൺ ഹാക്കായി. ഫോൺ തുടർന്ന് ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ ആവുകയും ചെയ്തു. പിന്നീട് മൊബൈലിലേക്ക് തുടർച്ചയായി ഒടിപി നമ്പറുകൾ മാത്രമാണു വന്നിരുന്നത്.
തുടർന്ന് സ്വകാര്യ ബാങ്കിലെ ഫിക്സഡ് അക്കൗണ്ടിൽ നിന്നു പണം മാറ്റിയതായുള്ള സന്ദേശം ലഭിച്ചതോടെ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് 16,49,961 രൂപ ഓൺലൈൻ ട്രാൻസ്ഫറായി മാറ്റിയ കാര്യം അറിഞ്ഞത്.
തുടർന്ന് കോയമ്പത്തൂർ സൈബർ ക്രൈം പൊലീസിൽ സെപ്റ്റംബർ 12നു നൽകിയ പരാതിയിലാണ് ഇപ്പോൾ പ്രതികൾ പിടിയിലായത്. പണം മുഴുവൻ 12 തവണകളായി ക്രെഡിറ്റ് കാർഡ് വഴിയാണു മാറ്റിയതെന്ന് കണ്ടെത്തിയിരുന്നു. കാർഡ് പിന്നീട് ഉപയോഗിക്കാതെ വച്ചശേഷം മാസങ്ങൾക്കു ശേഷം ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതികളെ സംബന്ധിച്ചു വിവരം ലഭിച്ചത്. സൈബർ ക്രൈം ഇൻസ്പെക്ടർ അഴകുരാജിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ സുകന്യ, പ്രവീൺ എന്നിവരോടൊപ്പം 11 കോൺസ്റ്റബിൾമാരും അടങ്ങിയ സംഘമാണ് സൂറത്തിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്തത് 311 കാർഡുകളും സ്വൈപ്പിങ് മെഷീനും
∙ ഇവരിൽ നിന്ന് 311 ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, 10 മൊബൈൽ ഫോൺ, സ്വൈപ്പിങ് മെഷീൻ, ചെക്ക് ബുക്ക്, 3.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഇവരുടെ അക്കൗണ്ടിലുള്ള 6.39 ലക്ഷം രൂപ കോടതിയുടെ അനുമതിയോടെ പരാതിക്കാരനു ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ ഡോ.
എൻ.കണ്ണൻ പറഞ്ഞു. മറ്റു സൈബർ ക്രൈം പരാതികളിൽ പ്രതികൾക്കു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

