പാലക്കാട് ∙ ബിഒസി റോഡിലും മൂത്താന്തറ വാട്ടർ ടാങ്ക് റോഡിലും പാത പൊളിച്ചിട്ട് യാത്രക്കാരെ അപകടത്തിലാക്കി ജല അതോറിറ്റി. ഇരു റോഡുകളിലും ഏതു സമയത്തും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്.
എന്നിട്ടും പരിഹാരത്തിനു നടപടിയില്ല.
ബിഒസി റോഡ്
ബിഒസി റോഡിൽ റെയിൽവേ മേൽപാലത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുൻപാണ് റോഡ് തകർന്നു വലിയ കുഴിയായി കിടക്കുന്നത്. ഇവിടെ രണ്ടിടത്തു കുഴികളിൽ അപകട
മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലൂടെ വേണം വാഹനങ്ങൾക്കു പോകാൻ.
പലപ്പോഴും ബസടക്കമുള്ള വാഹനങ്ങൾ ദിശ തെറ്റിച്ചാണു പോകുന്നത്. ഇവിടെ പൈപ്പ് പൊട്ടിയുള്ള ജലച്ചോർച്ച പരിഹരിക്കാനാണു മാസങ്ങൾക്കു മുൻപ് ജല അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചത്.
പിന്നീടു വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്തിയില്ല.
നഗരസഭയുടേതാണു റോഡെങ്കിലും പൂർവസ്ഥിതിയിലാക്കേണ്ടതു ജല അതോറിറ്റിയാണെന്നു നഗരസഭ വ്യക്തമാക്കി.
മൂത്താന്തറ വാട്ടർ ടാങ്ക് റോഡ്
ശുദ്ധജല പൈപ്പിടാനായി ജല അതോറിറ്റി വെട്ടിപ്പൊളിച്ച് ഒരിക്കൽ അറ്റകുറ്റപ്പണി നടത്തിയ മൂത്താന്തറ വാട്ടർ ടാങ്ക് റോഡ് ആഴ്ചകൾക്കുള്ളിൽ വീണ്ടും തകർന്നു. ഇതു പരിഹരിക്കാൻ ഇപ്പോൾ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരെയും പരിസരത്തെ വീട്ടുകാരെയും ദുരിതത്തിലാക്കി ഇഴഞ്ഞു നീങ്ങുകയാണ്.
പ്രവൃത്തിയുടെ ഗുണനിലവാരത്തിൽ യാത്രക്കാർ ഇപ്പോൾതന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബസ് റൂട്ടടക്കം ഉള്ള വഴിയാണിത്.
കോൺക്രീറ്റ് കട്ടകൾ പതിച്ച റോഡിൽ പൈപ്പിട്ട ഭാഗം ഇരുന്നിട്ടുണ്ട്.
അറ്റകുറ്റപ്പണി നടത്തിയ റോഡ് വീണ്ടും തകർന്നതു സംബന്ധിച്ചും ആരോപണം ഉയർന്നിട്ടുണ്ട്.
ജല അതോറിറ്റിക്കെതിരെ നിയമ നടപടിയെന്ന് നഗരസഭാധ്യക്ഷ
ശുദ്ധജല പൈപ്പിടാനായി പൊളിച്ച മൂത്താന്തറ, വടക്കന്തറ ഭാഗത്തെ റോഡുകളുടെ തകർച്ചയ്ക്കു കാരണം പുനരുദ്ധാരണ പ്രവൃത്തിയിൽ വന്ന വീഴ്ചയെന്നും ഇക്കാര്യം അറിയിച്ചിട്ടും ജല അതോറിറ്റി നടപടി എടുക്കുന്നില്ലെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. റോഡ് തകർച്ച കാരണം മാസങ്ങളായി യാത്രക്കാർ ദുരിതത്തിലാണ്.
നടപടി എടുക്കുമെന്ന ഉറപ്പു പാലിക്കാത്തത് ജല അതോറിറ്റിയുടെ അനാസ്ഥയാണ്. കരാറിൽ ഏർപ്പെട്ട
വ്യക്തി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ അദ്ദേഹത്തെ നീക്കി വീണ്ടും കരാർ നൽകാമെന്നിരിക്കെ അതും ചെയ്യുന്നില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനും കരാറുകാരനും എതിരെ വകുപ്പുതല നടപടി സ്വീകരിക്കണം.
ഇല്ലെങ്കിൽ ജല അതോറിറ്റിക്കെതിരെ നഗരസഭ നിയമ നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]