കെഎസ്ആർടിസിക്ക് കാലിക്കറ്റ് സിറ്റി സഹകരണ സംഘം സമ്മാനിക്കുന്ന പുതിയ ബസ് കോഴിക്കോട്ടുനിന്ന് കൊല്ലങ്കോട്, മുതലമട വഴി പറമ്പിക്കുളത്തേക്ക് സർവീസ് നടത്തുമെന്ന് മന്ത്രി സി.പി.ജോൺ വ്യക്തമാക്കി.
സംഘത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ പുതിയ റൂട്ട് അനുവദിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ അതിവേഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെഎസ്ആർടിസിയെ സഹായിക്കുന്നതിനായി സഹകരണ സംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് ഉപയോഗിക്കുവാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഈ ഉത്തരവ് പുറത്തുവന്നതിന് ശേഷമായിരിക്കും ബസ് സർവീസുമായി ബന്ധപ്പെട്ട
ഔദ്യോഗിക നടപടികൾ ആരംഭിക്കുക. കെഎസ്ആർടിസിക്ക് വാഹനം വാങ്ങുന്നതിനായി 40 ലക്ഷം രൂപ കാലിക്കറ്റ് സിറ്റി സഹകരണ സംഘം കഴിഞ്ഞ ദിവസം മന്ത്രി സി.പി.ജോൺന് കൈമാറിയിരുന്നു.
സംഘം ഡയറക്ടർ സി.എൻ.വിജയകൃഷ്ണൻ ആണ് ഈ റൂട്ടിൽ സർവീസ് നടത്തണമെന്ന അഭ്യർത്ഥന അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നെന്മാറ മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സി.എൻ.വിജയകൃഷ്ണൻ.
അക്കാലത്ത് മുതലമട നിവാസികൾ നേരിട്ടിരുന്ന കടുത്ത യാത്രാദുരിതം അദ്ദേഹം നേരിട്ട് മനസ്സിലാക്കിയിരുന്നു.
തുടർന്ന് ഈ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് അദ്ദേഹം നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിയുടെ ഭാഗമാകാനും യാത്രാക്ലേശം പരിഹരിക്കാനും സംഘത്തിന്റെ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
ഈ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ പറമ്പിക്കുളത്തെ ജനങ്ങൾ മുതലമടയിൽ എത്തുന്നതിനുള്ള യാത്രാപ്രയാസങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതലമട
പഞ്ചായത്തിന്റെ ഭാഗമായ പറമ്പിക്കുളത്തുള്ള ജനങ്ങൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് മുതലമട, കൊല്ലങ്കോട് ടൗണുകളെയാണ്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവൻ, പട്ടികവർഗ ഓഫീസ്, ബ്ലോക്ക് ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം കൊല്ലങ്കോട്, മുതലമട
എന്നിവിടങ്ങളിലായതിനാൽ ഈ പുതിയ കെഎസ്ആർടിസി സർവീസിന് വലിയ പ്രാധാന്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

