
പാലക്കാട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയെ കാണാൻ പിതൃസഹോദരിക്കൊപ്പം സ്കൂട്ടറിൽ പോകവേ മെഡിക്കൽ കോളജിനു മുന്നിലെ ദേശീയപാതയിൽ തമിഴ്നാട് സർക്കാർ ബസ് ഇടിച്ച് പതിമൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. കൊട്ടേക്കാട് കിഴക്കേ ആനപ്പാറ തെക്കേപ്പുര വീട്ടിൽ സതീഷിന്റെ മകൾ ആരതി (13) ആണു മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശി ദേവിക്ക് (38) ഗുരുതര പരുക്കേറ്റു. വൈകിട്ട് 5.15നാണു സംഭവം.
യാക്കര മമ്പറം ഭാഗത്തെ കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം ഇരുവരും സ്കൂട്ടറിൽ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുകയായിരുന്നു.മെഡിക്കൽ കോളജിനു മുന്നിലെത്തിയപ്പോൾ ദേശീയപാത കുറുകെക്കടക്കുന്നതിനായി തിരിയുന്നതിനിടെ ഗുരുവായൂരിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർടിസി ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ആരതി മരിച്ചത്.
കയ്യിന്റെ എല്ല് പൊട്ടിയ ദേവിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവർ കടലൂർ സ്വദേശി മണിയെ (56) ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ പെട്ടെന്ന് വലതു വശത്തേക്കു തിരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഡ്രൈവർ പൊലീസിനു നൽകിയ മൊഴി.
ബസ് സ്റ്റേഷനിൽ പിടിച്ചിട്ടതിനാൽ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. പിരിവുശാല ശ്രീ മൂകാംബിക വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആരതി.
അച്ഛൻ സതീഷ് ഓട്ടോ ഡ്രൈവറാണ്. അമ്മ: ഷീബ, സഹോദരൻ: അശ്വരഥ്.ആരതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം ഇന്നു നടക്കും.
ഇനിയില്ല, ആ കളിചിരികൾ
പാലക്കാട് ∙ സ്നേഹവും വാത്സല്യവും കൊണ്ട് പൊതിയുന്ന മാതാപിതാക്കളെയും കുഞ്ഞനുജനെയും വിട്ട് പതിമൂന്നു വയസ്സുകാരി ആരതി വിട പറഞ്ഞു.
പഠിക്കാൻ മിടുക്കിയായ ആരതി സമൂഹ മാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ റീൽസുകൾ ഇതിനോടകം അച്ഛൻ സതീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമ ഡയലോഗുകൾ പറഞ്ഞും കഥാപാത്രങ്ങളെ അനുകരിച്ചും ആരതി റീൽസ് ചെയ്യുമായിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛൻ സതീഷിന്റെ വരുമാനമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയം.
എന്നിരുന്നാലും മകളെ നല്ല നിലയിൽ പഠിപ്പിക്കുന്നതിനായി സതീഷ് ശ്രമിച്ചിരുന്നു. മൂത്ത മകളായതിനാൽ ഏറെ ലാളനയും സ്നേഹവും സതീഷും അമ്മ ഷീബയും ആരതിക്കു നൽകിയിരുന്നു.
അസുഖ ബാധിതയായ മുത്തശ്ശിയെ കാണാൻ പോയ മകളുടെ ചേതനയറ്റ ശരീരമാണ് പിന്നീട് മാതാപിതാക്കൾ കണ്ടത്. കുട്ടിയുടെ അകാല വിയോഗത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബവും കിഴക്കേ ആനപ്പാറ ഗ്രാമ നിവാസികളും.
അപകടവഴിയായി ദേശീയപാത
പാലക്കാട് ∙ മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലുള്ള ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു.
മെഡിക്കൽ കോളജ് ഭാഗത്തു സിഗ്നൽ ഇല്ലാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. തൃശൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് ഭാഗത്തേക്കും മണപ്പുള്ളിക്കാവ് ഭാഗത്തേക്കും തിരിയുമ്പോൾ പലപ്പോഴും അപകടത്തിൽപെടാറുണ്ട്.
ദേശീയപാത ആയതിനാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് പോകുന്നത്. പലപ്പോഴും ഇവിടെ നിന്നു വാഹനവുമായി കുറുകെ കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട
അവസ്ഥയാണ്. മെഡിക്കൽ കോളജിലും മറ്റും എത്തുന്ന കാൽനട
യാത്രക്കാർ ഭയത്തോടെയാണ് റോഡ് കുറുകെകടക്കുന്നത്.കാൽനട യാത്രക്കാരെ കണ്ടാൽ പോലും വാഹനങ്ങൾ വേഗം കുറയ്ക്കാറില്ല.അപകടങ്ങൾ വർധിക്കുന്ന കാരണം സിഗ്നൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]