
ചെർപ്പുളശ്ശേരി ∙ പട്ടണത്തിൽ ആധുനിക നിലവാരത്തിലുള്ള റോഡ് യാഥാർഥ്യമായതോടെ കുറുകെ കടക്കാൻ പ്രയാസം നേരിടുന്നതായി കാൽനടയാത്രക്കാരുടെ പരാതി. ടാറിങ് പൂർത്തിയാക്കിയ റോഡിന്റെ പല ഭാഗങ്ങളിലും കാൽനടക്കാർക്കു കുറുകെ കടക്കാനായി സീബ്രാലൈൻ വരച്ചിട്ടുണ്ടെങ്കിലും ഏറെ സമയം കാത്തുനിൽക്കേണ്ട
സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ ചീറിപ്പായുകയാണ്.
ജനങ്ങൾ റോഡ് മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിലെല്ലാം മത്സരിച്ചാണ് വാഹനങ്ങളുടെ പോക്ക്.പട്ടണത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാഹനങ്ങൾ വേഗം കുറയ്ക്കണമെന്ന നിയമം ആരും പാലിക്കുന്നില്ല.
ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട സ്ഥിരം പൊലീസ് സംവിധാനവും ചെർപ്പുളശ്ശേരിയിൽ ഇല്ല.
നിരീക്ഷണ ക്യാമറകളും ഇല്ല.
നെല്ലായ സിറ്റി മുതൽ കച്ചേരിക്കുന്ന് വരെ പലയിടങ്ങളിലായി സീബ്രാലൈൻ വരച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടൊന്നും പ്രയോജനമില്ലെന്ന് യാത്രക്കാർ പറയുന്നു. ബസ് സ്റ്റാൻഡ് പരിസരത്താണ് കാൽനടയാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുന്നത്.
ബസ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങി മറുഭാഗത്ത് എത്തണമെങ്കിലും തിരികെ ബസ് സ്റ്റാൻഡിൽ എത്തണമെങ്കിലും ഏറെ നേരം നിൽക്കേണ്ട അവസ്ഥയാണ്.
സീബ്രാലൈൻ ഉള്ള ഭാഗങ്ങളിൽ എത്തുമ്പോൾ വാഹനങ്ങൾ വേഗം കുറച്ച് പോകുന്ന രീതിയല്ല ഇവിടെയുള്ളത്.വിദ്യാർഥികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള ആയിരങ്ങളാണ് ഇതു കാരണം ദിവസവും ദുരിതമനുഭവിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗം കാരണം ബസ് സ്റ്റാൻഡ് പരിസരത്ത് പലപ്പോഴായി അപകടങ്ങളും സംഭവിക്കാറുണ്ട്.
നവീകരണ പ്രവൃത്തികൾ ഏതാണ്ടു പൂർത്തിയായ ചെർപ്പുളശ്ശേരി പട്ടണത്തിൽ വാഹന പാർക്കിങ് തോന്നിയപോലെയാണ്.
നാലുവരിപ്പാതയുടെ പകുതിയോളം ഭാഗം ആളുകൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.ഗതാഗതക്കുരുക്കിന് തടയിടാൻ കൂടിയാണ് പട്ടണത്തിൽ നാലുവരിപ്പാത യാഥാർഥ്യമാക്കിയത്.എന്നാൽ, ലക്ഷ്യബോധമില്ലാതെയുള്ള വാഹനപാർക്കിങ് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ മാറ്റമില്ലാതെ തുടരുകയാണ്. പട്ടണത്തിൽ നാലുവരിപ്പാതയുടെ രണ്ടുവശങ്ങളിലും വാഹനങ്ങൾ റോഡിൽ കയറ്റി നിർത്തുന്ന സ്ഥിതിയാണിപ്പോൾ.
ബസുകൾ ആളുകളെ ഇറക്കാനും കയറ്റാനും നിർത്തുന്നതും റോഡിനു നടുവിലാണ്. ഇതുകാരണം ചിലപ്പോൾ ഗതാഗതക്കുരുക്കുമുണ്ടാകുന്നു.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൽ തന്നെ നിർത്തി പോകുന്നതായി പരാതിയുണ്ട്.
പട്ടണത്തിൽ പാർക്കിങ്ങിനായി പ്രത്യേകമായി സ്ഥലം നിർണയിച്ചാൽ മാത്രമേ ഇതിനു പരിഹാരമാവുകയുള്ളൂ.ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ നിർത്തുന്നത് റോഡിലേക്കു കയറ്റിയാണ്.സ്റ്റാൻഡിലേക്ക് ബസുകൾ കയറിയിറങ്ങുന്ന സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഇതും കാരണമാണ്.ഓണം അടുത്തുവരുന്ന സാഹചര്യത്തിൽ പട്ടണത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]