
എലപ്പുള്ളി ∙ പഴകി ദ്രവിച്ച കഴുക്കോലുകൾ, പലയിടത്തും പൊട്ടിപ്പൊളിഞ്ഞ ഓടുകൾ, ഒരു കാറ്റടിച്ചാൽ തകർന്നു വീഴാവുന്ന മേൽക്കൂര. സ്മാർട് വില്ലേജ് ഓഫിസുകളുടെ കാലത്ത് എലപ്പുള്ളി ഒന്നാം വില്ലേജ് ഓഫിസിന്റെ ദയനീയ കാഴ്ചയാണിത്.
മേൽക്കൂര നന്നാക്കാൻ അപേക്ഷയുമായെത്തുന്നവർ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ അവസ്ഥ കണ്ടു നാണിച്ച് മടങ്ങിപ്പോയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വില്ലേജ് ഓഫിസുകളിലൊന്നാണിത്.
1910ലാണ് ഓടു മേഞ്ഞ ഈ പുര വില്ലേജ് ഓഫിസാക്കി മാറ്റിയത്. അതിനു മുൻപു പൊൽപ്പുള്ളി, കൊടുമ്പ്, പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള കേന്ദ്രമായിരുന്നു.
പിന്നീടു ബ്രിട്ടിഷ് ഭരണകാലത്ത് സർക്കാർ റവന്യു കാര്യാലയമാക്കി. പിന്നെയും വർഷങ്ങൾക്കു ശേഷമാണ് എലപ്പുള്ളി പഞ്ചായത്തിനു മാത്രമായുള്ള വില്ലേജ് ഓഫിസായി മാറിയത്.
ജന്മിയായിരുന്ന വീരപ്പപിള്ള ദാനം കൊടുത്ത സ്ഥലത്താണ് കെട്ടിടം പണിതിട്ടുള്ളത്.
ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് എലപ്പുള്ളി. ഭൂരിഭാഗവും കർഷകരാണ്.
എന്നിട്ടും സ്മാർട് വില്ലേജ് ഓഫിസിനായുള്ള കാത്തിരിപ്പു തുടരുകയാണ്. മഴ തുടങ്ങിയതോടെ ഒന്നാം വില്ലേജ് ഓഫിസ് താൽക്കാലികമായി തൊട്ടപ്പുറത്തെ രണ്ടാം വില്ലേജിലേക്ക് മാറ്റിയെങ്കിലും ഇവിടെയും ദുരിതം തന്നെയാണു ജനങ്ങളെ കാത്തിരിക്കുന്നത്. രണ്ട് ഓഫിസുകളിലും ഞെരുങ്ങിയമർന്ന് ഉദ്യോഗസ്ഥരും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
രണ്ടാം വില്ലേജ് കോൺക്രീറ്റ് നിർമിത കെട്ടിടമാണെങ്കിലും ശക്തമായ മഴയിൽ ചോർന്നൊലിക്കും. മഴ പെയ്താൽ തൊട്ടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങളും മരച്ചുവടുകളുമാണ് ജനങ്ങളുടെ ആശ്രയം.
രണ്ടു വില്ലേജ് ഓഫിസുകളും സ്മാർട് വില്ലേജ് ഓഫിസുകളാക്കി മാറ്റണമെന്നാണ് ആവശ്യം. നേരത്തെ ഒട്ടേറെ തവണ ഈ വിഷയം വില്ലേജ് വികസന സമിതി യോഗത്തിൽ അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വില്ലേജ് വികസന സമിതി അംഗവും പഞ്ചായത്ത് മെംബറുമായ ഡി.രമേശൻ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]