
പാലക്കാട് ∙ ഒലവക്കോട്– താണാവ് റോഡിലെ തകർച്ച മൂലമുള്ള ഗതാഗതക്കുരുക്ക് റെയിൽവേ കോളനി ഭാഗത്തേക്കുള്ള ഗതാഗതത്തെയും ബാധിച്ചു തുടങ്ങി. ഒപ്പം കുരുക്കിൽപെട്ടു സമയം വൈകുന്നതിനാൽ സ്വകാര്യ ബസുകൾ ദിശ തെറ്റിച്ചു പായുന്നത് കൂടുതൽ അപകടത്തിനു കാരണമാകുന്നു.ഒലവക്കോട് ഭാഗത്തുനിന്നു വരുന്നവർക്കു റെയിൽവേ കോളനി ഭാഗത്തേക്കു സുഗമമായി പോകാനാകുന്നില്ല.
ഏതു വിധേനയും വാഹനങ്ങൾ കൊണ്ടു പോകാൻ ശ്രമിക്കുന്നത് അപകടത്തിനും ഇടയാക്കുന്നുണ്ട്.
നേരത്തെ രാവിലെയും വൈകിട്ടുമായിരുന്നു ഗതാഗതക്കുരുക്കെങ്കിൽ ഇപ്പോൾ മുഴുവൻ സമയവും ബ്ലോക്കാണ്.ഒലവക്കോട് ജംക്ഷനിൽ ട്രാഫിക് ഹോം ഗാർഡിന്റെ സേവനം ഉണ്ടെങ്കിലും താണാവ് റോഡിൽ സ്ഥിരം കുരുക്കായിട്ടും പൊലീസിന് എത്താനാകുന്നില്ല. റോഡിലെ കുഴി നികത്താതെ ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസും പറയുന്നു.
ജനപ്രതിനിധികൾ ഇടപെടുന്നില്ല
ഒലവക്കോട്–താണാവ് റോഡ് വഴി ജനപ്രതിനിധികളും അധികാരികളും നിരന്തരം യാത്രചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസവും മന്ത്രിമാരടക്കമുള്ളവർ ഇതുവഴി പോയിരുന്നു.ഇവരാരും റോഡ് നേരെയാക്കാനുള്ള സാങ്കേതിക കുരുക്കഴിക്കാൻ കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയുണ്ട്.കുഴികൾ നിറഞ്ഞു തകർന്ന റോഡിൽ അപകടവും അരികെയാണ്.
എങ്ങനെയെങ്കിലും നേരെയാക്കാൻ ശ്രമം
റോഡ് ദേശീയപാത അതോറ്റിയുടെ കീഴിലാണ്. അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് അനുവദിക്കേണ്ടതും അതോറിറ്റിയാണ്.
ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിലൂം കൂടിയ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിഡബ്ല്യുഡി ദേശീയപാത വിഭാഗം ദേശീയപാത അതോറിറ്റിയോട് പ്രത്യേക അനുമതി തേടിയിട്ടുണ്ട്.
നൽകാമെന്നും പറഞ്ഞിട്ടുണ്ട്.അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ചയോടെ വലിയ കുഴിയെങ്കിലും നികത്താനാകുമോ എന്നുള്ള ശ്രമത്തിലാണ് പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം. അനുമതി ലഭിച്ചാലും ടാറിങ് നടത്തണമെങ്കിൽ മഴ ഒഴിഞ്ഞു നിൽക്കണം.
ആരുടെ കാലുപിടിക്കണം? സമൂഹമാധ്യമത്തിൽ, നടനും താണാവ് പരിസരവാസിയുമായ ഷാജു ശ്രീധർ കുറിച്ചത്
ഏറ്റവും കൂടുതൽ ബ്ലോക്കും അപകടവും നിറഞ്ഞ താണാവിൽ 200 മീറ്ററിൽ താഴെയുള്ള റോഡ് നന്നാക്കാൻ ഇതിലൂടെ സഞ്ചരിക്കുന്ന ജനപ്രതിനിധികളിൽ ആരുടെ കാലുപിടിക്കണം എന്നറിയില്ല.
വഴിവിളക്കുകൾക്കും വെയ്റ്റിങ് ഷെഡ്ഡുകൾക്കും മുകളിൽ എംഎൽഎ വക, എംപി വക എന്ന ബോർഡ് കാണുമ്പോൾ സാധാരണ ജനങ്ങൾ യാത്ര ചെയ്യുന്ന ഈ റോഡ് ആരുടെ വകയാണെന്നു മനസ്സിലാകുന്നില്ല.അതിനു പ്രതിവിധി കാണാൻ എന്തെങ്കിലും ഒരു ശ്രമം നടത്തേണ്ട ഉത്തരവാദിത്തം അധികാരികൾക്ക് ഇല്ലേ ? ഒരുപാടു പേരുടെ ജീവനും ജീവിതവും ഈ റോഡിലൂടെയാണു സഞ്ചരിക്കുന്നത്.
അതു മനസ്സിലാക്കാൻ ഉള്ള ദയവു കാണിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]