
പൊൽപ്പുള്ളി ∙ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് 3 കുട്ടികളടക്കം 5 പേർക്കു പൊള്ളലേറ്റു. രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.
പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ ഭാര്യ എൽസി (37), മക്കളായ അലീന (10), ആൽഫിൻ (6), എമിലി (4), കുട്ടികളുടെ മുത്തശ്ശി ഡെയ്സി (65) എന്നിവർക്കാണു പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു കാറിൽ വീട്ടിലെത്തിയതായിരുന്നു.
തുടർന്നു പുറത്തുപോകാനായി മൂന്നു മക്കളുമായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കാറിന്റെ പിൻഭാഗത്തു നിന്നു തീപടരുകയായിരുന്നെന്നു സംഭവ സ്ഥലത്തെത്തിയവർ പറഞ്ഞു. ബഹളം കേട്ട് ആളുകളെത്തുമ്പോൾ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നെന്നും എൽസിയുടെ ശരീരത്തിൽ തീ പടർന്നുപിടിച്ചിരുന്നെന്നും സമീപവാസികൾ പറഞ്ഞു.ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്.
മുത്തശ്ശിയുടെ പരുക്ക് സാരമുള്ളതല്ല.
തീ ആളിക്കത്തുന്നതിനിടെ ഡോർ ലോക്കായി നാലുപേരും കുടുങ്ങിയതായാണു വിവരം. പിന്നിലിരുന്ന ഇളയ കുട്ടികൾക്കാണു ഗുരുതരമായി പൊള്ളലേറ്റത്.
നാട്ടുകാർ വെള്ളം പമ്പ് ചെയ്താണു തീയണച്ചത്. പൊള്ളലേറ്റവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പൊള്ളലേറ്റ എൽസി, ആൽഫിൻ, എമിലി എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.ഒന്നര മാസം മുൻപാണു മാർട്ടിൻ മരിച്ചത്.
അസുഖബാധിതയായിരുന്ന എൽസി ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളത്തെ അവധിക്കു ശേഷം വ്യാഴാഴ്ചയാണു ജോലിയിൽ പ്രവേശിച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു സംഭവ സ്ഥലത്തെത്തിയ ചിറ്റൂർ പൊലീസ് ഇൻസ്പെക്ടർ ജെ.മാത്യു പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ അപകട സ്ഥലത്തേക്ക് എത്തിപ്പെടാനായില്ല.
ചിലർ റോഡ് കയ്യേറി വേലികെട്ടിയതാണു വലിയ വാഹനങ്ങൾക്കു കടന്നുവരാൻ തടസ്സമായതെന്നു നാട്ടുകാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]