
തിരുമിറ്റക്കോട് ∙ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി, തിരുമിറ്റക്കോട് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന കരിങ്കൽ ക്വാറിയിലെ ഖനനത്തിനെതിരെ ജനകീയ സമരസമിതി രൂപീകരിച്ചു നാട്ടുകാർ രംഗത്ത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ 15ാം വാർഡിലും നാഗലശ്ശേരി പഞ്ചായത്തിലെ 5ാം വാർഡിലുമായാണു കരിങ്കൽ ക്വാറി സ്ഥിതി ചെയ്യുന്നത്.
നിലവിൽ ദേശീയപാതയുടെ നിർമാണത്തിനും സ്വകാര്യ ആവശ്യങ്ങൾക്കുമായുള്ള കരിങ്കൽ ഖനനമാണു ക്വാറിയിൽ നടക്കുന്നത്.
2014ൽ ആണ് ചാത്തന്നൂരിൽ കരിങ്കൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് 2022ൽ പ്രവർത്തനം പൂർണതോതിലായി.
അതേത്തുടർന്നാണു നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി രൂപീകരിച്ചത്. നാട്ടുകാർ സമരപ്രഖ്യാപന കൺവൻഷൻ നടത്തുകയും ചെയ്തു.
2022 നവംബറിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറിക്കു മുൻപിലായി ഇരിപ്പു സമരവും നടത്തി. അതു 2023 മാർച്ച് വരെ നീണ്ടു.
പ്രതിഷേധത്തെത്തുടർന്നു നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകിയില്ല. എന്നാൽ, ക്വാറി നടത്തുന്നവർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി പ്രവർത്തനാനുമതി നൽകുകയും ചെയ്തു.
റവന്യു, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥർക്കു ജനകീയ സമരസമിതി പരാതി നൽകിയതിനെത്തുടർന്നു ജിയോളജി വകുപ്പു സ്ഥലസന്ദർശനം നടത്തുകയും ക്വാറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു മുന്നോട്ടുപോകുന്നതെന്നു കണ്ടെത്തിയതിനെത്തുടർന്നു സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു.
പിന്നീട് 8 മാസം ക്വാറി അടഞ്ഞുകിടന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ 2024ൽ വീണ്ടും ജിയോളജി വകുപ്പ് അനുമതി നൽകി. സമരസമിതി അംഗമായ ചാത്തന്നൂർ 15ാം വാർഡ് മെംബർ മതുപ്പുള്ളി വടക്കേക്കര ടി.പ്രേമ ക്വാറിയുടെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതയിൽ ഹർജി നൽകിയിട്ടുണ്ട്.
നാട്ടുകാർ വീണ്ടും സമരവുമായി മുന്നോട്ടുപോവുകയും മന്ത്രി എം.ബി.രാജേഷ് സ്ഥലത്തെത്തുകയും ക്വാറിയുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്നു വീണ്ടും ജിയോളജി വകുപ്പ് സ്റ്റോപ് മെമ്മോ നൽകുകയും ക്വാറി നടത്തിപ്പുകാർ വീണ്ടും ഹൈക്കോടതിയിൽ നിന്ന് അനുമതി നേടുകയും ചെയ്തു. 2024 ജൂണിൽ സമരസമിതി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയും ജില്ലാ കലക്ടറോട് ഇരുഭാഗത്തെയും ആളുകളുടെ വാദം കേട്ട ശേഷം തീർപ്പു കൽപിക്കാൻ നിർദേശം നൽകുകയും ചെയ്തു.
എന്നാൽ, സമരസമിതിയുടെ ഭാഗത്തു നിന്നു മാത്രമാണു പ്രതിനിധികൾ ഹിയറിങ്ങിന് എത്തിയത്. രേഖകൾ പരിശോധിച്ചതിന്റെയും അന്വേഷണം നടത്തിയതിന്റെയും അടിസ്ഥാനത്തിൽ കലക്ടർ ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്തു.
കേരള ഭൂപരിഷ്കരണ നിയമപ്രകാരം റബർ തോട്ടമെന്ന നിലയിൽ ഇളവു നൽകിയിട്ടുള്ള തോട്ടം ഭൂമി ഖനനപ്രവർത്തനങ്ങൾക്കുപയോഗിച്ചതു നിയമലംഘനമായതിനാൽ പ്രവർത്തനം നിർത്തണം എന്നാവശ്യപ്പെട്ടായിരുന്നു 2024 ഒക്ടോബറിൽ കലക്ടറുടെ ഉത്തരവ്.
പിന്നീട് ക്വാറി നടത്തിപ്പുകാർ കലക്ടറുടെ ഉത്തരവിനു ഹൈക്കോടതിയിൽ നിന്ന് എട്ടു ദിവസത്തെ സ്റ്റേ വാങ്ങി. നിലവിലെ കേസിൽ അന്തിമവിധി വരുന്നതു വരെ അനുമതി തുടർച്ചയായി വാങ്ങിക്കൊണ്ടാണു പ്രവർത്തനം തുടരുന്നത്. രണ്ടു പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിലായി 200 കുടുംബങ്ങൾ ക്വാറിക്കു സമീപമുണ്ട്.
നാഗലശ്ശേരി പഞ്ചായത്തിലെയും തിരുമിറ്റക്കോട് പഞ്ചായത്തിലെയും പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളും ഖനനം നടക്കുന്നതിനു സമീപമാണുള്ളത്. എന്നാൽ, നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും കോടതി അനുമതിയുടെ അടിസ്ഥാനത്തിലുമാണു ക്വാറി പ്രവർത്തിക്കുന്നതെന്നു ക്വാറി നടത്തിപ്പുകാർ പറഞ്ഞു.
ജനകീയ സമരസമിതി ഹൈക്കോടതിയിലെ കേസ് 28ന് ആണ് പരിഗണിക്കുന്നത്. ജനകീയ സമരസമിതിയിൽ ഉൾപ്പെട്ട
ആളുകളുടെ കൂട്ടായ്മയായ പ്രതികരണവേദി ചാത്തന്നൂരിന്റെ നേതൃത്വത്തിലാണു ചാത്തന്നൂർ ടൗണിൽ ഇന്നു രാവിലെ 9.30നു പ്രതിഷേധ മനുഷ്യച്ചങ്ങല നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]