
ചെർപ്പുളശ്ശേരി ∙ കുലുക്കല്ലൂർ വെള്ളാഞ്ചീരി ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി നട
തുറക്കാനെത്തിയപ്പോഴാണു കവർച്ച നടന്നതായി ശ്രദ്ധയിൽപെട്ടത്. ഗോപുരവാതിലിന്റെ ചങ്ങല പൊട്ടിച്ചാണു മോഷ്ടാക്കൾ ക്ഷേത്രത്തിനകത്തു പ്രവേശിച്ചിരിക്കുന്നതെന്നു കരുതുന്നു.ശ്രീകോവിലിന്റെ മുൻപിലെ ഭണ്ഡാരവും അകത്തെ ചെറിയ ഭണ്ഡാരവുമാണു കുത്തിത്തുറന്നു പണം കവർന്നത്.
തിടപ്പള്ളിയിൽ മോഷ്ടാക്കൾ കയറിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മൂന്നു മാസത്തിനിടെ ഇതു മൂന്നാമത്തെ തവണയാണു ക്ഷേത്രത്തിൽ കവർച്ച നടക്കുന്നതെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആദ്യ തവണ കിണറിലെ മോട്ടറാണു കളവു പോയത്.
രണ്ടാമത്തെ തവണ ഭണ്ഡാരം കുത്തിത്തുറന്നു പണം കവർന്നു. വ്യാഴാഴ്ച രാത്രി 10 വരെ ക്ഷേത്രം ഭാരവാഹികളും കെഎസ്ഇബി ജീവനക്കാരും വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാനായി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
ക്ഷേത്രം ഭണ്ഡാരങ്ങൾ തുറന്നു പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ട് അധികദിവസം ആയില്ലെന്നും അതിനാൽ രണ്ടായിരം രൂപയോളം മാത്രമേ നഷ്ടമായിട്ടുണ്ടാവൂ എന്നും ഭാരവാഹികൾ പറഞ്ഞു.സ്ഥലത്തു ചെർപ്പുളശ്ശേരി പൊലീസെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. തുടർച്ചയായി കവർച്ച നടക്കുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നാണു ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]