
നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര്: പാലക്കാട്ട് സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി നഗരത്തിൽ സംഘർഷം. ശിലാസ്ഥാപന വേദിയിലേക്കു പ്രതിഷേധവുമായെത്തിയ കോൺഗ്രസ് കൗൺസിലർമാരെയും യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തടഞ്ഞു.
ആരൊക്കെ എതിർത്താലും ഡോ.ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ കെട്ടിടം നിർമിച്ചു പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനും ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസും പറഞ്ഞു. പേരിടാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷവും വ്യക്തമാക്കി. മുനിസിപ്പൽ സ്റ്റേഡയത്തിനു സമീപം നടന്ന തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പൊലീസ് സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ തറക്കല്ലിട്ടെങ്കിലും യൂത്ത് കോൺഗ്രസ് കുഴി മൂടി അവിടെ വാഴ നട്ടു. തുടർന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിലേക്കു പാഞ്ഞു കയറി മൈക്ക് വലിച്ചെറിഞ്ഞു, ശിലാഫലകം തകർത്തു.
അധ്യക്ഷ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വേദിയിലുണ്ടായിരുന്നു. പിന്നീട് കോൺഗ്രസ് കൗൺസിലർമാരും നേതാക്കളും പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യാതെയും കൗൺസിലർമാരെ അറിയിക്കാതെയുമാണ് ആർഎസ്എസ് സ്ഥാപകന്റെ പേരിട്ടതെന്ന് ആരോപിച്ച് കോൺഗ്രസ് ഹെഡ്ഗേവാറിന്റെ കോലവുമായി നഗരസഭയിലേക്ക് മാർച്ച് നടത്തി. ഇതു പൊലീസ് തടഞ്ഞതിനിടെ ഏതാനും പ്രവർത്തകർ നഗരസഭാ മന്ദിരത്തിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിലെത്തി. ഇവിടെ നിന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജയഘോഷ് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ എത്തിയതാണെന്നും വിട്ടയയ്ക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തള്ളി. ഇതോടെ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തടഞ്ഞു. ചർച്ചകൾക്കൊടുവിൽ, സ്റ്റേഷനിൽ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ജയഘോഷിനെ പൊലീസ് ജീപ്പിൽ നിന്നു വിട്ടു. നഗരസഭാ പരിധിയിലുള്ള ഭിന്നശേഷിക്കാർക്കു തൊഴിൽ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിടം സ്വകാര്യ സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ ഉൾപ്പെടുത്തി ഒന്നേകാൽ കോടി രൂപ ചെലവിലാണു നിർമിക്കുന്നത്.