
തുടരെ പ്രതിഷേധ മാർച്ചുകൾ, പൊലീസിന്റെ ബലപ്രയോഗം, തർക്കം; പാലക്കാട്ട് കടന്നുപോയത് സംഘർഷം നിറഞ്ഞ പകൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ തുടരെ പ്രതിഷേധ മാർച്ചുകൾ, പൊലീസിന്റെ ബലപ്രയോഗം, തർക്കം; പാലക്കാട് നഗരം ഇന്നലെ പകൽ സംഘർഷത്തിന്റെ മുൾമുനയിലായിരുന്നു. രാവിലെ 9.30നു തുടങ്ങിയ സംഘർഷാവസ്ഥ ഉച്ചയ്ക്ക് ഒന്നര വരെ നീണ്ടു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരാണു പ്രതിഷേധവുമായെത്തിയത്. വൈകിട്ട് ബിജെപിയുടെ പ്രകടനം കൂടി ഉണ്ടായി.
പേരിടൽ രഹസ്യമാക്കിവച്ചെന്നു പരാതി
ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിനു നഗരസഭ നിർമിക്കുന്ന കെട്ടിടത്തിനു ശിലാസ്ഥാപനത്തിനു മുൻപു തന്നെ ആർഎസ്എസ് സ്ഥാപകന്റെ പേരിട്ടു. ഇക്കാര്യം നഗരസഭാ യോഗത്തിൽ അറിയിക്കാതെയായിരുന്നു നടപടിയെന്ന് യുഡിഎഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ ആരോപിച്ചു. എന്നാൽ പേരിടാൻ അധികാരമുണ്ടെന്നാണു ഭരണനേതൃത്വത്തിന്റെ വിശദീകരണം മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം നഗരസഭയുടെ സ്ഥലത്തു നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ആദ്യം പ്രതിഷേധവുമായി എത്തിയതു യൂത്ത് കോൺഗ്രസാണ്. പൊലീസ് സംരക്ഷണത്തോടെ നഗരസഭാധ്യക്ഷ തറക്കല്ലിട്ടു.
യൂത്ത് കോൺഗ്രസ് ഇതു മണ്ണിട്ടു മൂടി വാഴത്തൈ വച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്.വിപിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ വാഴത്തൈ പിന്നീട് പിഴുതെറിഞ്ഞു. തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറി. ബാനർ കീറിയെറിഞ്ഞു. മൈക്ക് വലിച്ചെറിഞ്ഞു. ശിലാഫലകം പൊളിച്ചു. ജില്ലാ സെക്രട്ടറി കെ.സി.റിസായുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെയും പൊലീസ് നീക്കി. ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ കോൺഗ്രസ് കൗൺസിലർമാരടക്കം മുദ്രാവാക്യം വിളിച്ച് വേദിയിലേക്കു കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കോൺഗ്രസ് പിന്നീട് നഗരസഭയിലേക്കു നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലെത്തി. ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ കോലവുമായെത്തിയ കൗൺസിലർമാരടക്കമുള്ളവരെ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമായി. ഇതിനിടെ ചില പ്രവർത്തകർ മതിൽ ചാടി നഗരസഭയ്ക്കുള്ളിലേക്കു പ്രവേശിച്ചു. ഇവിടെ വച്ച് യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാംഹുസൈന് പൊലീസിന്റെ അടിയേറ്റതായി പരാതിയുണ്ട്.
ഇവിടെ വച്ചാണു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയഘോഷ് സംഘർഷത്തിനു വന്നതല്ലെന്നും പ്രവർത്തകരെ പിന്തിരിപ്പിക്കുകയാണു ചെയ്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിശദീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. എങ്കിൽ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് ചർച്ച നടത്തിയ ശേഷം ജയഘോഷിനെ ജീപ്പിൽ നിന്നിറക്കി. ഇദ്ദേഹത്തെ എംഎൽഎ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ വച്ച് ജയഘോഷ് ഉൾപ്പെടെയുള്ളവരെ ജാമ്യത്തിൽ വിട്ടയച്ചു.
1.25 കോടി രൂപയുടെ പദ്ധതി, പ്രായം നോക്കാതെ പ്രവേശനം
ഭിന്നശേഷിക്കാർക്കായി നഗരസഭ നിർമിക്കുന്ന നൈപുണ്യ വികസന–ഡേ കെയർ സെന്റർ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം നഗരസഭയുടെ സ്ഥലത്ത് 1.25 കോടി രൂപ ചെലവിലാണു നിർമിക്കുന്നത്. 6 മാസത്തിനകം പൂർത്തിയാക്കും. പ്രായപരിധിയില്ലാതെ പ്രവേശനം അനുവദിക്കും. ഭിന്നശേഷിക്കാരെ പകൽ മുഴുവൻ കേന്ദ്രത്തിൽ സംരക്ഷിക്കാനും സാധിക്കും. നഗരസഭാ പരിധിയിലെ 275 ഭിന്നശേഷിക്കാർക്ക് ഉപയോഗപ്പെടുന്നതാണു പദ്ധതി. അധ്യക്ഷ പ്രമീളാ ശശിധരൻ തറക്കല്ലിട്ടു.
ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.ബേബി, ടി.എസ്.മീനാക്ഷി, കൗൺസിലർമാരായ സുഭാഷ് കൽപാത്തി, കെ.ലക്ഷ്മണൻ, റിട്ട.മേജർ സുധാകർപിള്ള, ഓഷ്യാനസ് ഗ്രൂപ്പ് ജനറൽ മാനേജർ കെ.എ.ഫ്രാൻസിസ്, ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് പാലക്കാട് സെന്റർ പ്രതിനിധി കെ.കെ.മുഹമ്മദ് ആഷിഖ് എന്നിവർ പ്രസംഗിച്ചു. ഓഷ്യാനസ് ഗ്രൂപ്പാണു സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിച്ചു നൽകുന്നത്.
പൊലീസിന് നഗരസഭയുടെ വിമർശനം
യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും കോൺഗ്രസും തറക്കല്ലിടൽ ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചിട്ടും പൊലീസ് നോക്കിനിന്നെന്നു നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് ആരോപിച്ചു. ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനം വരുന്നതു തടയാനാണു ശ്രമമെന്നും ഇതു ജനം തിരിച്ചറിയുമെന്നും ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് പറഞ്ഞു.
പേര് മാറ്റില്ല, പദ്ധതി നടപ്പാക്കും: അധ്യക്ഷ
നഗരസഭാ യോഗത്തിൽ പോലും കൃത്യമായി വരാത്തവരാണു പ്രതിഷേധിക്കാൻ എത്തിയതെന്നും ഭിന്നശേഷിക്കാർക്കുള്ള പദ്ധതി നഗരസഭ നടപ്പാക്കുമെന്നും അധ്യക്ഷ പ്രമീളാ ശശിധരൻ. നഗരസഭ നടപ്പാക്കിയ വികസന പ്രവൃത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസ് അംഗങ്ങൾ മുൻനിരയിലുണ്ടല്ലോ എന്നും അധ്യക്ഷ പറഞ്ഞു.
കാവിയല്ല കാക്കി: രാഹുൽ
കാവിയല്ല കാക്കിയെന്നും ആ കാക്കി കാവിക്ക് കൊടിപിടിച്ചാൽ അനുവദിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. പൊലീസ് ബിജെപിക്കു തണലൊരുക്കാനാണു ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനിയോ ജനപ്രതിനിധിയോ ഒന്നും അല്ലാത്ത ഒരാളുടെ പേര്, സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു നഗരസഭ നിർമിക്കുന്ന കെട്ടിടത്തിനു നൽകാൻ സമ്മതിക്കില്ല. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഗതാഗതമന്ത്രിക്കു നേരെ ബിജെപിക്കാർ ആക്രോശിച്ചെത്തിയപ്പോൾ പൊലീസ് തടുക്കാൻ പോലും മടിച്ചെന്നും രാഹുൽ ആരോപിച്ചു.