മരുതറോഡ് ∙ വെളിച്ചമില്ലാത്ത പാടവരമ്പാണു വർഷങ്ങളായി കാളിപ്പാറ കരുമൻകാടിലുള്ളവരുടെ വീടുകളിലേക്കുള്ള വഴി.നാടു മുഴുക്കെ വികസനമെത്തിച്ചെന്നു വീമ്പു പറയുന്ന സർക്കാരും അധികൃതരും കണ്ണുതുറന്നു കാണണം ഈ നാട്ടുകാരുടെ ദുരിതജീവിതം. ഇക്കാലമത്രയും ഇവർ ഉപജീവനം തേടി പോയതും സ്കൂളുകളിലേക്ക് കുട്ടികൾ പോയതും കഷ്ടിച്ച് ഒരാൾക്കു മാത്രം കടന്നുപോകാനാവുന്ന പാടവരമ്പിലൂടെയാണ്.
ആറു വീടുകളിലായി പത്തോളം കുടുംബങ്ങളാണു മരുതറോഡ് പഞ്ചായത്ത് ഒന്നാം വാർഡ് കാളിപ്പാറയിലെ കരുമൻകാടുള്ളത്.
ഇഴജന്തുക്കളുടെ ശല്യമുള്ളതിനാൽ സന്ധ്യയായാൽ കാൽനടയാത്ര പോലും പ്രയാസമാകും. കിടപ്പുരോഗികൾ ഉൾപ്പെടെ കോളനിയിലുണ്ട്. ഇവർക്ക് കോളനിക്കു പുറത്തെത്താൻ ആരുടെയെങ്കിലും കനിവു വേണം.
പരസഹായമില്ലാതെ പ്രായമായവർക്കു പോലും കോളനിക്കു പുറത്ത് എത്താനാവില്ല.
പലർക്കും ഇരുചക്ര വാഹനങ്ങളുണ്ടെങ്കിലും പാടവരമ്പത്തിനപ്പുറത്തുള്ള വീട്ടിൽ നിർത്താറാണ് പതിവ്. ആംബുലൻസ് പോലും അകലെയുള്ള റോഡിൽ നിർത്തും.
ചുമന്നു വേണം രോഗികളെ ആംബുലൻസിലെത്തിക്കാൻ. വെയിലായാലും മഴയായാലും പാടവരമ്പിലൂടെ മൃതദേഹം ചുമന്നു വേണം കൊണ്ടുപോകാൻ.
ചുറ്റും നെൽപാടങ്ങളാൽ പ്രകൃതി കനിഞ്ഞൊരുക്കിയ കരുമൻകാട് സഞ്ചാരികൾക്കു കണ്ണിനും മനസ്സിനും വിരുന്നാണെങ്കിലും അവരുടെ ദുരിതജീവിതം കോളനിക്കു പുറത്താരും അറിയാറില്ല. ഏറെ കാത്തിരിപ്പിനൊടുവിൽ പൈപ് ലൈൻ വഴി ശുദ്ധജലം എത്തി. റോഡിനായി ഒട്ടേറെ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലംകണ്ടില്ല.
എങ്കിലും പുതു വർഷത്തിൽ തങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കരുമൻകാടിലുള്ളവർ.
ഇന്നലെ വാർഡ് മെംബർ ഷൈജു കൊശക്കുഴി പ്രദേശത്തെ സാഹചര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്നു പഞ്ചായത്ത് അധ്യക്ഷ സൗമ്യ വിനേഷും ഉപാധ്യക്ഷൻ എം.സജിത്തും സ്ഥലത്തെത്തി.
പ്രദേശത്തേക്ക് റോഡ് നിർമിക്കാൻ വേണ്ടെതെല്ലാം ചെയ്യുമെന്നും വിഷയത്തിൽ ഇന്നു തന്നെ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും ഇരുവരും അറിയിച്ചു. 60 വർഷമായി വാർഡും പഞ്ചായത്തും ഭരിച്ചിരുന്നത് സിപിഎം പ്രതിനിധിയാണ്.
എന്നിട്ടും പ്രദേശത്ത് വികസനമില്ലെന്നും ഇതിനു മാറ്റമുണ്ടാകുമെന്നും കരുമൻകാട് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാഥാർഥ്യമാക്കുമെന്നും വാർഡ് മെംബർ ഷൈജു കൊശക്കുഴി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

