ആലത്തൂർ ∙ വാനൂരിനടുത്ത് പുതിയ സർവീസ് റോഡിൽ ടാറിങ് അടർന്ന് കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയായി. സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായാണ് ദേശീയപാതയുടെ ഇരുവശത്തുമായി സർവീസ് റോഡുകൾ നിർമിച്ചത്.
സ്വാതി ജംക്ഷനിലെ സ്പീഡ് ട്രാക്ക് പൊളിച്ചതോടെ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് കടത്തി വിടുന്നത്.
ഇവിടെ വിള്ളലുകളും കുഴികളും രൂപപ്പെട്ടത് അപകടഭീഷണി ഉണ്ടാക്കുന്നു. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് താഴ്ന്നു പോകുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു.
സ്വാതി ജംക്ഷനിൽ നിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തും റോഡിൽ നിരപ്പ് വ്യത്യാസമുണ്ട്. ചാലുകളും രൂപപ്പെട്ടിട്ടുണ്ട്.
രാത്രിയിൽ ഇതും ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാണ്. ഇത് എത്രയും വേഗം സമനിരപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വലഞ്ഞ് യാത്രക്കാർ
∙ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും ഇല്ലാതെയുള്ള അടിപ്പാത നിർമാണത്തിൽ വലഞ്ഞ് യാത്രക്കാർ.
ഒരു വർഷമായി അടിപ്പാതയുടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇപ്പോൾ സ്പീഡ് ട്രാക്ക് പൊളിച്ച് അടിപ്പാതയ്ക്കുള്ള കോൺക്രീറ്റിങ് തുടങ്ങിയിട്ടുണ്ട്.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ഒരു ട്രാക്കിലൂടെ കടന്നുപോകുവാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നെന്മാറ, കൊല്ലങ്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ദേശീയപാതയിൽ എത്താനുള്ള പെരുങ്കുളം ഗ്രാമം റോഡ് സ്വാതി ജംക്ഷനിലാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. ടൗണിൽ നിന്നുള്ള റോഡും ഈ ജംക്ഷനിൽ വന്നാണ് ചേരുന്നത്.
ഇവിടെ എത്തിക്കഴിഞ്ഞാൽ ഏതുവഴി പോകണമെന്ന് ഒരു സൂചന പോലും നൽകാത്തത് ഏറെ വലയ്ക്കുന്നു.
ദേശീയപാതയിൽ എത്തിക്കഴിയുമ്പോൾ മാത്രമാണ് കടന്നുപോകാൻ വഴിയില്ലെന്നു മനസ്സിലാക്കുന്നത്. സർവീസ് റോഡും പല സ്ഥലങ്ങളിലും അടച്ചിട്ടുണ്ട്.
സർവീസ് റോഡിന്റെ പണി തീർക്കാതെ സ്പീഡ് ട്രാക്ക് പൊളിച്ചതാണ് ഇത്രയും ബുദ്ധിമുട്ടിന് ഇടയാക്കുന്നത്. സർവീസ് റോഡ് നിർമിച്ച ഇടങ്ങളിൽ പലയിടത്തും ടാറിങ് ഇളകി അപകടഭീഷണിയുമുണ്ട്.
ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും പര്യാപ്തമല്ല. സന്ധ്യ കഴിഞ്ഞാൽ ആളില്ലാത്ത സ്ഥിതിയാണ്.
വാഹനങ്ങൾ തോന്നുന്ന പോലെ പോകുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
സ്വാതി ജംക്ഷനിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് പാത ബാങ്ക് റോഡിൽ അടച്ചിട്ടുണ്ട്. ഇതറിയാതെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ബാങ്ക്റോഡിലെത്തുമ്പോൾ തിരിച്ചു വരുന്നത് കുരുക്കു കൂടുന്നതിന് ഇടയാക്കുന്നു.
ഈ സർവീസ് റോഡ് എത്രയും പെട്ടെന്ന് തുറന്നുകൊടുത്താൽ ഇത് പരിഹരിക്കാം.
പാത മറികടക്കാൻ കുറുക്കുവഴികൾ
∙ ആലത്തൂർ ടൗണിൽ നിന്ന് വരുന്ന വാഹനങ്ങൾക്കു ദേശീയപാത മറികടക്കുന്നതിന് നേരിട്ട് ദേശീയപാതയിൽ കയറി സർവീസ് പാതയുടെ അടച്ചിട്ടിരിക്കുന്ന ഭാഗം കഴിഞ്ഞ് താൽക്കാലികമായി തുറന്നിട്ടിരിക്കുന്ന ഭാഗത്തു കൂടി ഇറങ്ങി കിണ്ടിമൊക്കിലെത്തി തിരിഞ്ഞ് രണ്ടു കിലോമീറ്റർ വീണ്ടും സഞ്ചരിച്ച് എത്തേണ്ടി വരുന്നു.
പെരുങ്കുളം ഗ്രാമം ഭാഗത്തു നിന്ന് ടൗണിൽ എത്തേണ്ടവരും വാനൂരിലെത്തി യു ടേൺ എടുത്തുവേണം ടൗണിലെത്താൻ. വാനൂരിൽ നിന്ന് സ്വാതിജംക്ഷനിലേക്കുള്ള സർവീസ് റോഡിന്റെ ടാറിങ് പൂർത്തിയാക്കി വാഹനം തിരിച്ചുവിടാൻ തുടങ്ങിയെങ്കിലും ടാറിങ് ഇളകി വിള്ളലുകൾ ഉണ്ടായതോടെ അതും ആശങ്കയിലാണ്.
സർവീസ് റോഡിൽ ടാറിങ് ഇളകി ഉണ്ടായ കുഴികളും ചാലുകളും അടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് പഞ്ചായത്തംഗം ഷാഹിദ് ആലത്തൂർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

