ഷൊർണൂർ ∙ എറണാകുളം–ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരതില്ല. പകരം ഇനി മധുര–ബെംഗളൂരു പാതയിലൂടെ കേരളത്തിലെ പഴയ വന്ദേഭാരത് കുതിക്കും.
കേരളത്തിൽ സർവീസ് നടത്തിയ 16 കോച്ചുകളുള്ള ട്രെയിൻ ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് പൊള്ളാച്ചി വഴി മധുരയിൽ എത്തിച്ചു. മംഗളൂരു തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് 20 കോച്ചുകളാക്കി വർധിപ്പിച്ചതിനെ തുടർന്നാണ് ഇതുവരെ സർവീസ് നടത്തിയിരുന്ന 16 കോച്ചുള്ള വന്ദേഭാരത് മധുര ഡിവിഷന് കൈമാറിയത്.
മധുരയിൽ നിന്ന് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും വന്ദേഭാരത് സർവീസ് നിലവിലുണ്ട്.
മധുര ബെംഗളൂരു റൂട്ടിൽ നിലവിൽ 8 കോച്ചുള്ള വന്ദേഭാരത് ആണ് സർവീസ് നടത്തുന്നത്. ഇപ്പോൾ കേരളത്തിൽ നിന്ന് ലഭിക്കുന്ന 16 കോച്ചുള്ള വന്ദേഭാരത് ഇതിന് പകരം ഉപയോഗിക്കും.
8 കോച്ചുള്ള ട്രെയിൻ രാമേശ്വരം – തിരുപ്പതി റൂട്ടിലേക്കു മാറ്റാനാണ് റെയിൽവേ തീരുമാനം.
എറണാകുളത്തിനും ബെംഗളൂരുവിനുമിടയിൽ വന്ദേഭാരത് സർവീസ് ആരംഭിക്കണമെന്ന ഏറെക്കാലമായുള്ള യാത്രക്കാരുടെ ആവശ്യം റെയിൽവേ പരിഗണിച്ചില്ല. മധുര-ബെംഗളൂരു വന്ദേഭാരതിനു സൗകര്യം ഒരുക്കാൻ ക്രമീകരണം വരുത്തിയതോടെയാണ് എറണാകുളം–ബെംഗളൂരു വന്ദേഭാരത് ആവശ്യം പൂർണമായും റെയിൽവേ തള്ളിയത്.
കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും വിഷയത്തിൽ സമ്മർദം ചെലുത്തി എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് അണ്ണാഡിഎംകെയും ബിജെപി നേതൃത്വവും വന്ദേഭാരതിനു വേണ്ടി നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് വന്ദേഭാരത് മധുര ഡിവിഷന് കൈമാറിയതെന്നുമാണ് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]