പാലക്കാട് ∙ ഒലവക്കോട് – താണാവ് റോഡിൽ കുഴി അടയ്ക്കൽ അനിവാര്യമായിരുന്നെങ്കിലും മുന്നറിയിപ്പില്ലാതെയുള്ള അറ്റകുറ്റപ്പണിയിൽ ഗതാഗതം കുരുങ്ങി. യാത്രക്കാർ റോഡിൽ കുടുങ്ങി ദുരിതത്തിലായി.
ആംബുലൻസുകളടക്കം കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. പിന്നീട് പൊലീസ് എത്തി ഒരു വരിയായി വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിട്ടാണ് തടസ്സം ഒഴിവാക്കിയത്. അപ്പോഴും വാഹനങ്ങളുടെ നിര പുതുപ്പരിയാരം മുതൽ പുതിയ പാലം വരെയും നീണ്ടു.
സമയം തെറ്റിയതോടെ ബസുകളും കുടങ്ങി.
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. ദേശീയപാത താണാവ് പെട്രോൾ പമ്പിനു സമീപം റോഡിൽ നിരനിരയായി കുഴി രൂപപ്പെട്ട് മാസങ്ങളായി. ഇടയ്ക്ക് ഒരു തവണ കുഴി അടച്ചെങ്കിലും ശക്തമായ മഴയിൽ വീണ്ടും തകർന്നു.
ഇതോടെ ഗതാഗതക്കുരുക്കും തുടങ്ങി.
ഇതു പരിഹരിക്കാനാണ് ഇന്നലെ പകൽ കുഴി അടയ്ക്കൽ തുടങ്ങിയത്. ഇതോടെ ഗതാഗതം കുരുക്കിലായി.
യാത്രക്കാർ പ്രതിഷേധിക്കുന്ന സ്ഥിതിയുമുണ്ടായി. വൈകിട്ടുവരെ പ്രവൃത്തി നീണ്ടു.
ഒപ്പം ഗതാഗതക്കുരുക്കും. ദേശീയപാതയായിട്ടും ഈ ഭാഗത്തെ അറ്റകുറ്റപ്പണി സംബന്ധിച്ച് പിഡബ്ല്യുഡി എൻഎച്ച് വിഭാഗം അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.
അറ്റകുറ്റപ്പണി രാത്രിയാക്കണം
∙ ഒലവക്കോട് – താണാവ് റോഡിൽ വാഹനത്തിരക്കു കാരണം ഗതാഗത നിയന്ത്രണം അത്രത്തോളം പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കുഴി അടയ്ക്കൽ ഉൾപ്പെടെ രാത്രിയാക്കണമെന്നു യാത്രക്കാരും പൊലീസും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സാങ്കേതികത്വങ്ങൾ ഉന്നയിച്ച് അധികൃതർ ചെവിക്കൊള്ളുന്നില്ല.
പകരം റൂട്ടില്ലെന്നതും ഗതാഗത സ്തംഭനത്തിനു വരെ കാരണമാകുന്നു.
അതേ സമയം രാത്രി 10നു ശേഷം അറ്റകുറ്റപ്പണി നടത്തിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും വാഹനങ്ങൾ തിരിച്ചുവിടാനാകുമെന്നും പൊലീസ് പറയുന്നു. റോഡിൽ തകർന്ന ഭാഗത്തെ ടാറിങ് പ്രവൃത്തികൾക്ക് അനുമതിയായിട്ടുണ്ട്. ഈ പ്രവൃത്തി രാത്രി ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]