
അഗളി ∙ പുളിയപ്പതിയിൽ സ്വകാര്യ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന തുരത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പിന്റെ ജീപ്പ് തകർത്തു, ജീവനക്കാർ ഓടിമാറിയതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് പെട്ടിക്കൽ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർആർടി) വാഹനം ആക്രമിച്ചത്.
കോട്ടത്തറ വട്ടലക്കിക്കടുത്ത് പുളിയപ്പതിയിൽ സ്വകാര്യ തോട്ടത്തിൽ ആന ഇറങ്ങിയെന്ന വിവരം ലഭിച്ചാണ് ഷോളയൂർ ആർആർടി സംഘം എത്തിയത്. പതിവുപോലെ ഒച്ചവച്ചും പടക്കംപൊട്ടിച്ചും ആനയെ തുരത്താൻ ശ്രമം തുടങ്ങുന്നതിനിടെ ഒറ്റയാൻ ജീവനക്കാർക്ക് നേരെ തിരിയുകയായിരുന്നു.
അക്രമാസക്തനായ ആനയുടെ വരവ് കണ്ട് അപകടം മണത്ത ജീവനക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. പാഞ്ഞടുത്ത കാട്ടാന വഴിയിൽ നിർത്തിയിട്ടിരുന്ന വാഹനം കൊമ്പിൽകോർത്ത് ഉയർത്തി.
പിന്നീട് ബോണറ്റിൽ ചവിട്ടിയതോടെ ചില്ല് തകർന്നു, റേഡിയേറ്ററും കേടായി.
വാഹനത്തിനടുത്ത് നിലയുറപ്പിച്ച ആനയെ ഏറെ നേരം പരിശ്രമിച്ചാണ് കാട്ടിലേക്കു തുരത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി.ആർ.വിനോദ്, ഡ്രൈവർ ടി.സുനിൽ കുമാർ, വാച്ചർമാരായ വിജയ് കുമാർ, മുരുകൻ, രഞ്ജിത്, മാരി, അരുൺ എന്നിവരാണ് ആർആർടി സംഘത്തിലുണ്ടായിരുന്നത്. ചാരായ നിർമാണത്തിന് കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് പുളിയപ്പതി വനമേഖല. ഒരാഴ്ച മുൻപ് പ്രദേശത്തു നിന്ന് എക്സൈസ് സംഘം 1,200 ലീറ്റർ വാഷ് നശിപ്പിച്ചിരുന്നു.
വനത്തിലെ പാറയിടുക്കുകളിൽ വാഷ് തേടിയാണ് ആനകളെത്തുന്നതെന്ന് സംശയമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]