
പാലക്കാട് ∙ പുതുപ്പരിയാരം മുല്ലക്കര ആദിവാസി ഉന്നതിയിൽ വെളിച്ചമെത്തും. വൈദ്യുതി കുടിശിക അടയ്ക്കാനുള്ള തുക മന്ത്രി കെ.കൃഷ്ണൻകുട്ടി ജില്ലാ പട്ടികവർഗ വികസന ഓഫിസർ എം.ഷമീനയ്ക്കു കൈമാറി.
ഉന്നതിയിലെ ദുരിതങ്ങൾ നേരിട്ടു കണ്ടറിയാൻ എത്തിയതായിരുന്നു മന്ത്രി. വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസത്തിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണു 5.64 ലക്ഷം രൂപയുടെ കുടിശിക അടച്ചത്.
ഇതിൽ രണ്ടര ലക്ഷത്തോളം രൂപ കെഎസ്ഇബി കുറച്ചു നൽകിയിട്ടുണ്ട്.
ബാക്കി തുക ഉപയോഗിച്ചു വീടുകളുടെ വയറിങ് നടത്താനും മന്ത്രി നിർദേശം നൽകി. വീടുകളുടെ ചുമരുകൾ തകർന്നതോടെ വയറിങ്ങും നശിച്ചിരുന്നു.
ഈ മാസം 27നുള്ളിൽ വീടുകളിൽ വൈദ്യുതി എത്തിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പു നൽകി.
വീടുകളുടെ അറ്റകുറ്റപ്പണി നടത്തി ചുമരുകൾ ഉറപ്പുള്ളതാക്കി വയറിങ്ങിനുള്ള സൗകര്യമൊരുക്കാമെന്നു പഞ്ചായത്ത് അധികൃതരും പറഞ്ഞു. ഉന്നതിയിലെ ദുരിതങ്ങളെല്ലാം പരിഹരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഇതുറപ്പാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയാതായും മന്ത്രി അറിയിച്ചു. പോഷകാഹാരക്കുറവു കാരണം മരിച്ച അഞ്ചു വയസ്സുകാരൻ കെവിന്റെ വീടും മന്ത്രി സന്ദർശിച്ചു. ഈ വീട്ടിലെ വൈദ്യുതി ബില്ലും ശുദ്ധജല ബില്ലും എ.പ്രഭാകരൻ എംഎൽഎ അടച്ചു.
എല്ലാം പറഞ്ഞു, പഠിപ്പിച്ചതു പോലെ…
മന്ത്രി ചോദിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ മറുപടികൾ നേരത്തെ തന്നെ ഉദ്യോഗസ്ഥർ ആദിവാസികളെ പറഞ്ഞു പഠിപ്പിച്ചതു പോലെയായിരുന്നു.
മന്ത്രിക്കു മറുപടി നൽകാൻ കുറച്ച് ആദിവാസികളെയും നിയോഗിച്ചിരുന്നു. സംശയം തോന്നിയ മന്ത്രി സ്ത്രീകളെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോഴാണു സത്യാവസ്ഥ അറിയുന്നത്. തൊഴിലുറപ്പ് പണിയും പോഷകാഹാര കിറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയോട് ആദ്യം പറഞ്ഞത്. എന്നാൽ പോഷകാഹാര കിറ്റ് ലഭിച്ചിട്ട് മൂന്നു മാസം കഴിഞ്ഞെന്നും പണിയില്ലെന്നും സ്ത്രീകൾ പറഞ്ഞതോടെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.
ഈ വീട്ടിൽ എങ്ങനെ താമസിക്കും സർ ?
15 വർഷം മുൻപു സർക്കാർ നിർമിച്ചു നൽകിയ വീടുകളെല്ലാം നശിച്ചു.
എല്ലാം ചോർന്നൊലിക്കുന്നു. മേൽക്കൂരയ്ക്കും ചുമരുകൾക്കും ഉറപ്പില്ല.
ഇതോടെ വീടിനോടു ചേർന്നു കുടില് കെട്ടിയാണു താമസിക്കുന്നത്. 10 വീടുകളാണ് താമസ യോഗ്യമല്ലാത്ത വിധം നശിച്ചത്.
5 വീടുകളുടെ അവസ്ഥയും ദയനീയമാണ്. ലൈഫ് മിഷൻ പദ്ധതി പ്രകാരം പുതിയ വീട് ലഭിക്കണമെങ്കിൽ പഴയ വീട് പൊളിച്ചു നീക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതു പരിഹരിക്കണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു.
വ്യവസ്ഥകളല്ല, മനസാക്ഷിയാണ് ഇവിടെ വേണ്ടതെന്നും ഉടൻ നടപടി സ്വീകരിക്കാനും മന്ത്രിയും എ.പ്രഭാകരൻ എംഎൽഎയും നിർദേശം നൽകി.
മറ്റു നിർദേശങ്ങൾ
∙ ബലക്ഷയമുള്ള വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം
∙ ലൈഫ് മിഷൻ പദ്ധതിയിൽ ഇവരുടെ അപേക്ഷകൾ ആദ്യം പരിഗണിക്കണം
∙ വന്യമൃഗശല്യം തടയാൻ വനംവകുപ്പു നടപടി സ്വീകരിക്കണം
∙ എല്ലാ മാസവും മെഡിക്കൽ പരിശോധന നടത്തി ആദിവാസികളുടെ ആരോഗ്യം ഉറപ്പാക്കണം
∙ പോഷകാഹാര കിറ്റ് മുടക്കമില്ലാതെ നൽകണം
∙ ആദിവാസികളുടെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കണം
∙ തൊഴിലുറപ്പു ജോലി ഉറപ്പാക്കണം
∙ കൃഷി താൽപര്യമുള്ളവർക്കു കൃഷിവകുപ്പ് തൈകളും മൃഗസംരക്ഷണ വകുപ്പു കന്നുകാലികളെയും നൽകണം
തുടരെ മന്ത്രിയുടെ ചോദ്യങ്ങൾ, മുട്ടുന്യായങ്ങൾ നിരത്തി ഉദ്യോഗസ്ഥർ മന്ത്രിയുടെ ചോദ്യങ്ങളും ഉദ്യോഗസ്ഥരുടെ മറുപടിയും
Q. എന്തുകൊണ്ടു വീടുകളിൽ വൈദ്യുതി നൽകുന്നില്ല?
A.
കെഎസ്ഇബി ഉദ്യോഗസ്ഥൻ: വയറിങ് നടത്താൻ വീടിന് ഉറപ്പുള്ള ചുമരുകളില്ല. Q.
എന്താണ് ഉറപ്പുള്ള ചുമരുകളില്ലാത്തത്? A. പഞ്ചായത്ത് അധികൃതർ: എല്ലാം പഴയ വീടുകളാണ്.
ലൈഫ് മിഷൻ പദ്ധതിക്ക് ഇവിടെ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ല. ലഭിച്ച അപേക്ഷകളിൽ നടപടി പുരോഗമിക്കുന്നതേയുള്ളൂ. Q.
എന്താണ് അപേക്ഷ നൽകാത്തത്? A. ഉന്നതി സ്വദേശി: ഞങ്ങൾക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല സർ.
Q. അപേക്ഷ എഴുതിനൽകാനും മറ്റും പഞ്ചായത്ത്, ട്രൈബൽ ഉദ്യോഗസ്ഥർ സഹായിച്ചില്ലേ? A.
ഉദ്യോഗസ്ഥർ: മൗനം Q. ഇവിടെ മൊത്തം എത്ര വീടുകളുണ്ട്? എത്ര അംഗങ്ങളുണ്ട്? A.
ഉദ്യോഗസ്ഥർ: കൃത്യമായി അറിയില്ല. Q.
ഇവിടെ നിന്ന് എത്ര കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്? A. പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ: കൃത്യമായി അറിയില്ല.
Q. കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുമോ? A.
ഉദ്യോഗസ്ഥർ: മൗനം Q. ഉന്നതിയിലെ ആളുകൾക്കു കൃത്യമായി മെഡിക്കൽ പരിശോധന നടത്താറുണ്ടോ? അതിന്റെ റെക്കോർഡ് സൂക്ഷിക്കാറുണ്ടോ? A.
ഉദ്യോഗസ്ഥർ: ഇനി മുതൽ നടത്താം സർ. ഇനി ചോദ്യങ്ങളുണ്ടാവില്ല, അടുത്ത ദിവസം തന്നെ ഇതിനെല്ലാം പരിഹാരം കണ്ടില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]