ചിറ്റൂർ ∙ റേഞ്ചിലെ ഷാപ്പിൽ നിന്നെടുത്ത കള്ളിന്റെ സാംപിളിൽ വീണ്ടും ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. മുൻപ് സമാന സംഭവത്തെ തുടർന്ന് അടച്ചുപൂട്ടിയ ഷാപ്പിലെ കള്ളിൽ നിന്നാണു മൂന്നാം തവണയും ചുമ മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ആറാം ഗ്രൂപ്പിൽ ഉൾപ്പെട്ട പട്ടഞ്ചേരി നാവുക്കോട് ഷാപ്പിൽ നിന്നു 2024 നവംബർ 26ന് എടുത്ത സാംപിളിന്റെ പരിശോധന ഫലമാണ് ഇന്നലെ പുറത്തുവന്നത്.
കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴായി ഈ ഷാപ്പിൽ നിന്നെടുത്ത സാംപിളുകളുടെ ഫലം മാർച്ച് 18നും ജൂൺ 17നുമായി പുറത്തു വന്നപ്പോഴും ചുമ മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ആദ്യത്തെ ഫലം വന്ന സമയത്ത് അന്നു ഷാപ്പിന്റെ ലൈസൻസിയായ ആലപ്പുഴ സ്വദേശി രമേശ് മരിച്ചതിനാൽ പട്ടഞ്ചേരി സ്വദേശി സുമേഷ് കൺവീനറായാണു നടത്തിയിരുന്നത്.
അതുകൊണ്ടുതന്നെ അന്നു നടപടിയെടുത്തിരുന്നില്ല. രണ്ടാമത്തെ സാംപിൾ ശേഖരിച്ചിരുന്ന സമയത്തു രമേശിന്റെ ഭാര്യ സുജാതയുടെ പേരിലേക്കു ലൈസൻസ് മാറ്റിയിരുന്നു. അതുകൊണ്ടു ലൈസൻസി സുജാതയ്ക്കെതിരെയും വിൽപനക്കാരൻ പട്ടഞ്ചേരി സ്വദേശി രാമകൃഷ്ണനെതിരെയും എക്സൈസ് കേസെടുക്കുകയും സംസ്ഥാന എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഷാപ്പുകൾ അടച്ചിടുകയും ചെയ്തിരുന്നു.
എന്നാൽ, പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നിലവിൽ ആറാം ഗ്രൂപ്പിലെ ലൈസൻസിക്കെതിരെ നടപടി എടുത്തിരിക്കുന്ന സാഹചര്യത്തിൽ അധിക കേസ് കൂടി ചുമത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]