
പശുത്തൊഴുത്തിന് സമീപം കടുവ; നേർച്ചപ്പാറയിൽ ആശങ്ക
മംഗലംഡാം∙ ജനവാസ മേഖലയായ നേർച്ചപ്പാറയിൽ പശുത്തൊഴുത്തിന് സമീപം പകൽസമയത്ത് കടുവ എത്തി. താഴത്തേൽ സണ്ണിയാണ് സ്വന്തം വീടിനോട് ചേർന്നുള്ള ഭാഗത്ത് കടുവയെ കണ്ടത്. ഇന്നലെ രാവിലെ 8 ന് ആയിരുന്നു സംഭവം.
തോട്ടത്തിൽ പതിഞ്ഞ കാൽപാടുകൾ പരിശോധിച്ചു. സമീപത്തുള്ള തൊടിയൻ പ്ലായ്ക്കൽ ആലീസിന്റെ തോട്ടത്തിലും കടുവയെ കണ്ടതായി വനം വകുപ്പ് വാച്ചർ അറിയിച്ചു. രണ്ടാഴ്ചയിലധികമായി രണ്ടാം പുഴ, വെറ്റിലതോട് ഭാഗങ്ങളിൽ പലയിടത്തും കടുവയെ കണ്ടവരുണ്ട്. കടുവ പിടിച്ചു തിന്നതെന്ന് കരുതുന്ന മാനിന്റെ അവശിഷ്ടവും ഇവിടെനിന്നു കണ്ടെത്തിയിരുന്നു.
തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പറമ്പിക്കുളം ഭാഗത്തുനിന്നുമെത്തിയ 12-13 വയസ്സ് വരുന്ന കടുവയാണെന്നാണ് നിഗമനം.
കടുവയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തിൽ വനംവകുപ്പ് 24 മണിക്കൂറും മേഖലയിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നെന്മാറ ഡിഎഫ്ഒയുടെ നിർദേശപ്രകാരം കൊല്ലങ്കോട് നിന്ന് ആർആർടി ടീമും സ്ഥലത്തെത്തി.
പ്രദേശവാസികൾക്ക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നേരത്തെ വെറ്റിലത്തോട് ഭാഗത്ത് സ്ഥാപിച്ചത് കൂടാതെ നേർച്ചപ്പാറയിലും കടമാൻകുന്നിലും ഓരോ ക്യാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ടെന്നു ഡെപ്യുട്ടി ഫോറസ്റ്റ് ഓഫിസർ കെ.എ.
മുഹമ്മദ് ഹാഷിം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]