
പന്നിയങ്കര: പ്രദേശവാസികൾക്ക് യാത്രാസൗജന്യം തീരുമാനമായില്ല; നാലുചക്ര ഓട്ടോറിക്ഷകളുടെയും സ്കൂൾ വാഹനങ്ങളുടെയും കണക്കെടുക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സർവകക്ഷിയോഗ തീരുമാനം അംഗീകരിക്കാത്ത ടോൾ കമ്പനിയുമായി ജനപ്രതിനിധികൾ കലക്ടറേറ്റിൽ വെള്ളിയാഴ്ച നടത്തിയ ചർച്ചയും പരാജയം. ഏഴര കിലോമീറ്റർ ദൂരം മാത്രം സൗജന്യമാകാമെന്നും നാലുചക്ര ഓട്ടോറിക്ഷകൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യം നൽകാൻ സാധിക്കില്ലെന്നുമാണ് ടോൾ കമ്പനി അധികൃതർ പറഞ്ഞത്. ഇതോടെ കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ജില്ലാ കലക്ടർ, എഡിഎം, ടോൾ കമ്പനി ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
അടുത്ത 14ന് നാലുചക്ര ഓട്ടോറിക്ഷകളുടെയും സ്കൂൾ വാഹനങ്ങളുടെയും കണക്ക് കൃത്യമായി എടുത്ത ശേഷം വീണ്ടും ചർച്ച നടത്തും. സൗജന്യം ആവശ്യപ്പെട്ട് 107 നാലുചക്ര ഓട്ടോറിക്ഷകളുടെ കണക്കാണ് സമരസമിതി നൽകിയത്. എന്നാൽ ഇത്രയുമില്ലെന്നാണ് ടോൾ കമ്പനി പറയുന്നത്. ഇതിനിടെ സ്കൂൾ വാഹനങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി പ്രശ്നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ തുക ഈടാക്കി തുടങ്ങിയാൽ കമ്പനി ഓരോ വർഷവും തുക വർധിപ്പിക്കുമെന്നും പിന്നീട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ വരുമെന്നുമാണ് സമര സമിതി പറയുന്നത്.
2022 മാർച്ച് മാസത്തിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്ത് പിരിധിയിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാൽ ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് വരെ സൗജന്യം നൽകാമെന്ന് ടോൾ കമ്പനി വ്യക്തമാക്കി. ഇതോടെ അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ 6 പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പരിധി നിശ്ചയിക്കാൻ തീരുമാനിക്കുകയും എഡിഎം നൽകിയ ലിസ്റ്റ് സർവകക്ഷി യോഗം അംഗീകരിക്കുകയുമായിരുന്നു. ഇതാണ് കമ്പനി ഏകപക്ഷീയമായി അട്ടിമറിച്ചത്. 14ന് നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ അറിയിച്ചു.