കവി മുരുകൻ കാട്ടാക്കടയെ വമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബൽറാം. തുടർഭരണത്തിന് എതിരായി കെ.സച്ചിദാനന്ദന് നടത്തിയ പ്രസ്താവന അപക്വമാണെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കടയുടേതാണ് അപക്വമായ പ്രതികരണമെന്ന് വി.ടി.ബൽറാം പറഞ്ഞു.
ഭരണകൂടം എഴുത്തുകാർക്കും മറ്റും ‘ആനുകൂല്യങ്ങൾ’ നൽകുന്നത് വിധേയത്വത്തിനും അനുസരണയ്ക്കുമുള്ള കൂലിയായിട്ടാണോ എന്നും വി.ടി.ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലൂടെ ചോദിച്ചു.
വി.ടി.ബൽറാം പങ്കുവച്ച പോസ്റ്റ്:
മുരുകൻ കാട്ടാക്കട ഈ പറയുന്നതാണ് അപക്വമായ പ്രതികരണം.
അപക്വം മാത്രമല്ല ഈ ഫാഷിസ്റ്റ് കാലത്ത് അപകടകരം കൂടിയാണത്. ‘ഭരണകൂട
ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്നാണ് എതിരെ പറയുന്നത്’ എന്ന് കെ.സച്ചിദാനന്ദനെ ആക്ഷേപിക്കുന്ന മുരുകൻ കാട്ടാക്കട പറയാതെ പറയുന്നത്, ഭരണകൂടം എഴുത്തുകാർക്കും മറ്റും ‘ആനുകൂല്യങ്ങൾ’ നൽകുന്നത് വിധേയത്വത്തിനും അനുസരണക്കുമുള്ള കൂലിയായിട്ടാണെന്നാണ്.
എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കുമൊക്കെ സാധാരണ ഗതിയിൽ നൽകുന്ന അക്കാദമി ഭാരവാഹിത്തങ്ങളും പുരസ്ക്കാരങ്ങളുമൊക്കെയാണ് മുരുകൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് നാളിതുവരെ അത്തരം സ്ഥാനങ്ങൾ വഹിച്ചവരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ്. ഭരണകൂടത്തിന്റെ ഇംഗിതം നോക്കാതെ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായും ആർജ്ജവത്തോടെയും അഭിപ്രായം പറഞ്ഞിട്ടുള്ള നിരവധി സാംസ്കാരിക പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.
മുരുകനേയും മുകുന്ദനേയുമൊക്കെപ്പോലെ എന്നും സിപിഎമ്മിന്റെ അധികാര രാഷ്ട്രീയത്തോട് ഒട്ടിനിന്ന് അഭിപ്രായം പറയുന്ന ആളുകളും ഉണ്ടെന്നത് ശരിതന്നെ. എന്നാൽ എല്ലാവരും അക്കൂട്ടത്തിൽ പെടുന്നവരല്ല.
കെ.സച്ചിദാനന്ദന്റെ പല അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ടാവാം. എന്നാൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ അദ്ദേഹത്തിനു നേരെ നടക്കുന്ന സിപിഎം അനുകൂലികളുടെ കൂട്ടായ ആക്രമണം നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയാണ്.
കേരളം ഇത് തിരിച്ചറിയണം.
മുരുകൻ കാട്ടാക്കട പറഞ്ഞത്:
സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് എതിരെ പറയുന്നത് ശരിയല്ലെന്നുമാണ് കവി മുരുകൻ കാട്ടാക്കട
പ്രതികരിച്ചത്. ‘സാധാരണ മനുഷ്യർ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ സച്ചിദാനന്ദൻ പറയുന്നത് ബാലിശമാണ്.
രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്.
ആ പദവി ഒഴിഞ്ഞിട്ട് വേണമായിരുന്നു പ്രതികരിക്കാൻ. സച്ചിദാനന്ദന് പരിചയം ദില്ലിയിലെ രാഷ്ട്രീയം മാത്രമാണ്.
ദില്ലിയിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിയണം’– മുരുകൻ കാട്ടാക്കട പറഞ്ഞു.
വിവാദങ്ങൾക്ക് കാരണമായ കെ.സച്ചിദാനന്ദന്റെ വാക്കുകൾ:
ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലത്.
ഇല്ലെങ്കില്‍ ബംഗാളിൽസംഭവിച്ചത് ഇവിടെയും സംഭവിക്കും. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം.
10 വർഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയുമെന്ന് സച്ചിദാനന്ദന് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷത്തിന്റെ കൂടെ നില്‍ക്കണമെന്നും ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും സച്ചിദാനന്ദന് പറഞ്ഞു.
ഇതിനു പിന്നാലെ നിരവധി പേർ സച്ചിദാനന്ദനെതിരെ രംഗത്ത് വന്നു.
എന്നാൽ വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സച്ചിദാനന്ദൻ വ്യക്തമാക്കി. അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യം.
മാർക്സിസം മുന്നോട്ടുപോകാനുള്ള വഴി ഇതാണെന്നും അദ്ദേഹം കുറിച്ചു. വികസനം എന്നത് ഉപരി മധ്യവർഗത്തെ സന്തോഷിപ്പിക്കാൻ മാത്രമാകരുത്.
സൈബർ ലോകത്തെ ‘വിഡ്ഢികൾ’ തന്റെ വിമർശനം എന്താണെന്ന് മനസ്സിലാക്കുന്നില്ല. അടിയന്തരാവസ്ഥ കാലത്തെ തടവുശിക്ഷ മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ ഓർമിപ്പിച്ച അദ്ദേഹം താൻ ഒരിക്കലും പദവികൾക്ക് പിന്നാലെ പോയിട്ടില്ലെന്നും വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

