കാഞ്ഞിരപ്പുഴ ∙ റോഡ് എന്നു പറയാവുന്ന പാതയിൽ അവിടിവിടങ്ങളിലായി ടാറിങ് ശകലങ്ങൾ, കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ കൂർത്തു നിൽക്കുന്ന കമ്പികൾ, പിന്നെ എത്ര എണ്ണിയാലും തീരാത്ത കുഴികളും! അട്ടപ്പാടി ചുരം റോഡ് ഇറങ്ങി മണ്ണാർക്കാട് ചുറ്റാതെ പാലക്കാട്ടേക്ക് എളുപ്പത്തിൽ എത്താവുന്ന ആനമൂളി–കാഞ്ഞിരം റോഡിന്റെ ദുരവസ്ഥയാണിത്. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണു കാഞ്ഞിരം–ആനമൂളി റോഡ്.
ഏകദേശം മൂന്നര കിലോമീറ്റർ വരുന്ന റോഡിൽ തകർച്ചയില്ലാത്ത 100 മീറ്റർ ഭാഗം പോലുമില്ല.
കാഞ്ഞിരം മുതൽ പാങ്ങോട് ട്രാൻസ്ഫോമറിനു സമീപം 2.85 കിലോമീറ്റർ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ പരിധിയിലും പിന്നെ തെങ്കര പഞ്ചായത്തുമാണ്. ചിറയ്ക്കൽപടി– കാഞ്ഞിരപ്പുഴ റോഡിൽനിന്നു കാഞ്ഞിരം വഴി തിരിഞ്ഞാൽ ദുരിതം തുടങ്ങും. കുഴികളിലൂടെയുള്ള യാത്ര, പിന്നെ പാങ്ങോട് ട്രാൻസ്ഫോമറിനു സമീപം വളവും കയറ്റവും.
ഇവിടെ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും തകർന്ന ഇരുമ്പു കമ്പികൾ പുറത്തേക്കു വന്നു കൂർത്തു നിൽക്കുന്നു. ആനമൂളിയിലേക്കുള്ള മറുഭാഗം ചിലയിടത്ത് കോൺക്രീറ്റ് പിന്നെ കുഴികളുടെ നീണ്ടനിര.
പത്തു വർഷത്തോളമായി ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്.
കാഞ്ഞിരപ്പുഴ–തെങ്കര പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ചു വർഷങ്ങൾക്കു മുൻപാണു കോൺക്രീറ്റ് ചെയ്തത്. ഈ റോഡിന്റെ ഒരുവശം വനംവകുപ്പിന്റെ സ്ഥലമാണ്.
മണ്ണാർക്കാട് അട്ടപ്പാടി റോഡ് നവീകരണം നടക്കുന്നതിനാൽ ചുരമിറങ്ങി വരുന്ന ബസുകളും വലിയ ലോറികളും ഒഴികെയുള്ള വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
ഇതിൽ പ്രധാനം ആംബുലൻസുകളാണ്. അട്ടപ്പാടിക്കാർക്കു മണ്ണാർക്കാട് പോകാതെ പാലക്കാട്ടേക്കു പോകാനുള്ള എളുപ്പമാർഗമാണിത്.
കുഴികളിൽ പലപ്പോഴായി ക്വാറി വേസ്റ്റിട്ട് നികത്തുന്നുണ്ടെങ്കിലും അതും ഉപകാരപ്പെട്ടില്ല.
തകർന്ന റോഡിൽ ഇനിയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അട്ടപ്പാടി റോഡ് യാത്രാദുരിതത്തെക്കുറിച്ചു വായനക്കാർക്കും പ്രതികരിക്കാം.വാട്സാപ് നമ്പർ: 70126 67459 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

