ഒറ്റപ്പാലം ∙ സമൂഹമാധ്യമത്തിലെ കമന്റിന്റെ പേരിൽ ഡിവൈഎഫ്ഐ മുൻ നേതാവിനുനേരെ ക്രൂരമായ ആക്രമണം. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളായ 3 പേർ പൊലീസ് കസ്റ്റഡിയിൽ.വാണിയംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനേഷിനു നേരെയാണ് (38) ആക്രമണമുണ്ടായത്.
തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. സിപിഎം വാണിയംകുളം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമായ എം.എച്ച്.ഹാരിസ്, ഡിവൈഎഫ്ഐ കൂനത്തറ മേഖലാ ഭാരവാഹികളായ കെ.സുർജിത്ത്, കിരൺ എന്നിവരാണു കോഴിക്കോട്ടു നിന്നു പിടിയിലായത്.
ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിനെതിരെയും കേസുണ്ടെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ബൈക്കിൽ പോവുകയായിരുന്ന വിനേഷിനെ ആദ്യം വാണിയംകുളം ചന്തയ്ക്കു സമീപത്താണു തടഞ്ഞുനിർത്തി ആക്രമിച്ചത്. ഇവിടെ നിന്നു രക്ഷപ്പെട്ടുപോയെങ്കിലും പിന്നീടു പനയൂരിൽ വച്ചു വീണ്ടും ആക്രമിച്ചു.ഇതിനുശേഷം വീടിനു സമീപം കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണു പരാതി.
പിന്നീടു കുടുംബാംഗങ്ങളാണു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് മജിസ്ട്രേട്ട്, മൊഴിയെടുക്കാൻ ആശുപത്രിയിൽ എത്തിയെങ്കിലും വിനേഷ് അബോധാവസ്ഥയിൽ ആയതിനാൽ കഴിഞ്ഞില്ല.
ആക്രമണം നടന്ന സ്ഥലങ്ങളിൽ പൊലീസും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും തെളിവെടുത്തു.
ഡിവൈഎഫ്ഐ കൂനത്തറ മേഖലാ മുൻ ജോയിന്റ് സെക്രട്ടറിയും സജീവ സിപിഎം അംഗമായിരുന്ന വിനേഷിനെ 4 വർഷം മുൻപാണു സംഘടനാ നടപടിയുടെ ഭാഗമായി ഒഴിവാക്കിയത്.ഡിവൈഎഫ്ഐ നടത്തിയ പഞ്ചഗുസ്തി മത്സരം പൊതുജനങ്ങൾക്ക് എന്തു ലാഭമാണ് ഉണ്ടാക്കിയത് എന്ന നിലയിൽ വിനേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കമന്റിന്റെ പേരിലാണു തർക്കം തുടങ്ങിയത്. അതേസമയം, ആക്രമണം വ്യക്തിപരമാണെന്നും രാഷ്ട്രീയപ്രേരിതമല്ലെന്നും ആശുപത്രിയിലെത്തിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ആർ.മുരളി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]