പാലക്കാട് ∙ കോൺക്രീറ്റ് റോഡിന്റെ ദൂരം 300 മീറ്റർ, കനം 10 സെന്റിമീറ്ററിൽ താഴെ, ചെലവഴിച്ച തുകയാകട്ടെ 75 ലക്ഷം രൂപ. മലമ്പുഴയിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലേക്കു നിർമിച്ച കോൺക്രീറ്റ് റോഡിൽ വൻ അഴിമതിയെന്നു ധനവകുപ്പിന്റെ കണ്ടെത്തൽ.
ആന നടന്നുപോകാൻ സാധ്യതയുള്ള വഴിയെന്നു കാണിച്ചു പൊളിഞ്ഞുപോകാത്ത വിധം കനം കൂട്ടിയാണു റോഡ് നിർമിക്കാൻ തീരുമാനിച്ചത്. പക്ഷേ, കനം ഫയലിൽ മാത്രമേ ഉള്ളൂ എന്നാണു ധനവകുപ്പിന്റെ കണ്ടെത്തൽ.
പൊന്നാനി ഹാർബർ എൻജിനീയറിങ് ഡിവിഷൻ ഓഫിസിനായിരുന്നു നിർമാണച്ചുമതല.
അസിസ്റ്റന്റ് എൻജിനീയർ പി.എം.അബ്ദുൽ സലിമിനായിരുന്നു മേൽനോട്ടച്ചുമതല. തൃത്താലയിലെ പാലത്തറ – കൊടുമുണ്ട
റോഡിൽ ഒരു കോടി രൂപയുടെ വെട്ടിപ്പു നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നു സലിമിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നീടാണു മലമ്പുഴയിലെ റോഡിൽ പരിശോധന നടത്തിയത്.കോൺക്രീറ്റ് റോഡിന്റെ ഇരുവശത്തുമായി ടൈലുകളും പാകിയിട്ടുണ്ട്.
ഇതിനു ഗുണനിലവാരമില്ലെന്നും കണ്ടെത്തി.കോൺക്രീറ്റ് റോഡിനു കുറഞ്ഞതു 15 സെന്റിമീറ്റർ എങ്കിലും കനം വേണമെന്നുണ്ട്.
ആന നടന്നുപോകാൻ സാധ്യതയുള്ള വഴി ആയതിനാൽ കൂടുതൽ കനം കാണിച്ചാണു റോഡ് നിർമിച്ചത്. റോഡിന്റെ മുകളിലെ കമ്പി ഉൾപ്പെടുന്ന കോൺക്രീറ്റ് പാളിക്ക് കനം കുറവാണെന്നതിനു പുറമേ ഇതിനു തൊട്ടുതാഴെ പദ്ധതിയിൽ പരാമർശിച്ചിരിക്കുന്ന കോൺക്രീറ്റ് ബേസ് ലെയർ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നാണു ചീഫ് ടെക്നിക്കൽ എക്സാമിനർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.30 ലക്ഷം രൂപയിൽ താഴെ ചെലവു വരുന്ന പദ്ധതിക്കു കരാറുകാരന് അമിതത്തുക പാസാക്കി നൽകാൻ ഉദ്യോഗസ്ഥർ ഇടപെട്ടെന്നാണു കണ്ടെത്തൽ.
ഡിഡി ഓഫിസിലേക്കുള്ള റോഡിൽ വല്ലപ്പോഴും വരാൻ സാധ്യതയുള്ള ആനയുടെ പേരു പറഞ്ഞു വലിയ വെട്ടിപ്പു നടത്താൻ ശ്രമിച്ചെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച പരാതി വിജിലൻസ് പരിശോധിക്കുന്നുണ്ട്.സംഭവത്തിൽ ഉത്തരവാദികളെന്നു ധനവകുപ്പു ചൂണ്ടിക്കാട്ടിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തിട്ടില്ല.പാലത്തറ – കൊടുമുണ്ട റോഡ് നിർമാണത്തിലെ ഒരു കോടി രൂപ തിരിച്ചു പിടിക്കാൻ വകുപ്പുതല നീക്കം നടക്കുന്നതിനിടയിലാണു മറ്റൊരു റോഡ് അഴിമതി കൂടി പുറത്തു വന്നിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]