പട്ടാമ്പി ∙ നിർമാണം അന്തിമ ഘട്ടത്തിലെത്തി മഴയെത്തുടർന്ന് നിർത്തിവച്ച പട്ടാമ്പിയിലെ തടയണ നിർമാണം മഴ മാറിയാലുടൻ പുനരാരംഭിക്കും. തടയണയുടെ പണി പൂർത്തീകരിക്കാൻ രണ്ട് മാസത്തെ പണി കൂടി വേണ്ടിവരുമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതരും കരാറുകാരനും പറയുന്നത്.
85 ശതമാനം പണി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി തീർക്കാൻ കരാറുകാരന് ആറു മാസത്തെ കുടിശികയായ 4 കോടി രൂപ നൽകേണ്ടതുണ്ട്.
ഇറിഗേഷൻ വകുപ്പ് ബിൽ കുടിശിക നൽകുകയും മഴ മാറി പുഴയിലെ വെള്ളം കുറയുകയും ചെയ്താൽ പണി ആരംഭിക്കും.
എങ്കിൽ മാത്രമേ ഈ വേനലിൽ പുഴയിലെ വെള്ളം തടഞ്ഞു നിർത്തി വേനലിലെ ജലക്ഷാമത്തിന് പരിഹാരം കാണാനാകൂ. ഭാരതപ്പുഴയിലെ വെള്ളം വേനലിൽ ശുദ്ധജല ക്ഷാമത്തിനും കൃഷി-ജലസേചനത്തിനും ഉപയോഗപ്പെടുത്താനാണ് തടയണ നിർമിക്കുന്നത്.പട്ടാമ്പി നഗരസഭയിലെ കീഴായൂരിനെയും തിരുമിറ്റക്കോട് പഞ്ചായത്തിലെ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് ഭാരതപ്പുഴയിൽ 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലും തടയണ പണിയുന്നത്.
തടയണയ്ക്ക് 28 ഷട്ടറുകളുണ്ടാകും .
നിർമാണം പൂർത്തിയാകുന്നതോടെ പട്ടാമ്പി നഗരസഭയിലെയും ഓങ്ങല്ലൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെയും 947 ഹെക്ടർ സ്ഥലത്തെ കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാകും. വേനലിൽ ശുദ്ധജല സ്രോതസ്സുകൾക്കും ജല ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി.
പട്ടാമ്പി നഗരസഭാ പരിധിയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് അമൃത് പദ്ധതിയിലുൾപ്പെടുത്തി 7.4 കോടി രൂപ ചെലവിൽ പുതിയ ജലസംഭരണിയും ശുദ്ധീകരണശാലയുമടക്കമുള്ള പദ്ധതിക്കും വെള്ളം ലഭ്യമാക്കുന്ന പദ്ധതി കൂടിയാണ് തടയണ.
മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ശ്രമഫലമായി 2021-22 സാമ്പത്തിക വർഷത്തിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തിയാണ് ഇറിഗേഷൻ വകുപ്പ് പദ്ധതിയായ തടയണ നിർമാണത്തിന് 32.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.വിനോദസഞ്ചാര സാധ്യത മുൻ നിർത്തി അടുത്തഘട്ടത്തിൽ പദ്ധതി പ്രദേശത്ത് പാർക്ക് നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വേനലിൽ തീർക്കാൻ ലക്ഷ്യമിട്ട് പണി പുരോഗമിക്കുമ്പോഴാണ് മഴ നേരത്തെ തുടങ്ങുകയും പുഴയിൽ വെള്ളം നിറഞ്ഞ് നിർമാണം നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]