ശ്രീകൃഷ്ണപുരം∙ മുണ്ടൂർ–തൂത സംസ്ഥാന പാതയിലെ പ്രധാന ജംക്ഷനുകളിലൊന്നായ തിരുവാഴിയോട് അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം മൂലം അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിനു പിറകിൽ കാർ ഇടിച്ച് അപകടമുണ്ടായിരുന്നു.
ഒരേ ദിശയിൽ നിന്നു വന്ന സ്കൂട്ടർ പാലക്കാട് ഭാഗത്തേക്കും കാർ മണ്ണാർക്കാട് ഭാഗത്തേക്കും പോവുകയായിരുന്നു. ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, പാലക്കാട്, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിഞ്ഞു പോകുന്ന കവലയാണ് തിരുവാഴിയോട്. ഇരുചക്രവാഹന യാത്രക്കാരും സ്വകാര്യ വാഹനങ്ങളും ബസുകളും വലിയ ലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന സ്ഥലമാണിത്.
മുണ്ടൂർ തൂത റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ജംക്ഷനിൽ സ്ഥാപിച്ച റൗണ്ടാനകളാണ് ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്ന് ഡ്രൈവർമാരും നാട്ടുകാരും പറയുന്നു.
ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് റൗണ്ടാനകളുടെ ഏത് ഭാഗത്ത് കൂടെ തിരിക്കണമെന്ന് ആശയക്കുഴപ്പം വന്ന് വേഗം കുറച്ചാൽ പിറകിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനം ഉണ്ടെങ്കിൽ അവിടെ കൂട്ടിയിടിച്ചൊരു അപകടം ഉറപ്പാണ്. ഈ ആശയക്കുഴപ്പമാണ് പലപ്പോഴും അപകടത്തിന് കാരണമായത്.പാലക്കാട് ഒറ്റപ്പാലം ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് ബസുകൾ തിരിയാനുള്ള സ്ഥലം റൗണ്ടാനകൾക്കിടയിൽ ഇല്ലെന്നതും അപകടസാധ്യത വർധിക്കുന്നുണ്ട്.മധ്യ ഭാഗത്തെ റൗണ്ടാനകളുടെ മുകളിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറുന്നതും ഇവിടെ പതിവാണ്.
ചെർപ്പുളശ്ശേരി റോഡിലെ പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന കെട്ടിടത്തിനു മുൻവശം മുതൽ മണ്ണാർക്കാട് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് മാർഗനിർദേശം നൽകി തിരിച്ചുവിടാനുള്ള ഡിവൈഡറുകൾ ഉൾപ്പെടെ സ്ഥാപിച്ചെങ്കിൽ മാത്രമേ പതിവാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയൂവെന്നാണ് അഭിപ്രായമുയരുന്നത്.
സീബ്രാ ലൈനുകൾ വരയാത്തത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബസ് കയറാൻ ആളുകൾ വേഗത്തിൽ റോഡ് മുറിച്ച് കടക്കുമ്പോൾ തലനാരിഴയ്ക്കാണ് അപകടം വഴിമാറിപ്പോകുന്നത്.നിലവിൽ മൂന്ന് റൗണ്ടാനകളാണ് തിരുവാഴിയോടുള്ളത്.
ഇത് ആശയക്കുഴപ്പം കൂട്ടുകയാണ് ചെയ്തതെന്നും ഗതാഗത മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]