വാളയാർ ∙ സംസ്ഥാന അതിർത്തികളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിക്കുന്ന ‘വെർച്വൽ ചെക്പോസ്റ്റ്’ പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം. പദ്ധതിയുടെ ഒന്നാം ഘട്ടമായി ക്യാമറകളും സ്കാനറുകളും സ്ഥാപിക്കേണ്ട
സ്ഥലങ്ങളുടെ സർവേ നടപടികൾ ആരംഭിച്ചു. ഓട്ടമാറ്റിക് സെൻസറോടെയുള്ള ഇ വേബ്രിജും ഇവിടെ ഒരുക്കും.
ഒരു ചെക്പോസ്റ്റിൽ മാത്രം പത്തോളം ക്യാമറകളും സ്കാനറുകളാണു സ്ഥാപിക്കുക. വാളയാറിലാണു സംസ്ഥാനത്തെ ആദ്യ വെർച്വൽ ചെക്പോസ്റ്റ് ഒരുക്കുന്നത്.
വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, നടുപ്പുണി, ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിങ്ങനെ ജില്ലയിൽ ആകെ 8 ചെക്പോസ്റ്റുകളാണു മോട്ടർ വാഹന വകുപ്പിനു കീഴിലുള്ളത്.
വെർച്വൽ ചെക്പോസ്റ്റ് സംവിധാനത്തിലേക്കു മാറുമ്പോൾ 12 കേന്ദ്രങ്ങളിലാകും നിരീക്ഷണം. സംസ്ഥാന അതിർത്തിയിലെ ഊടുവഴികളിലും ക്യാമറകളൊരുക്കും.
ചരക്കു സേവന നികുതി വകുപ്പിന്റെ ക്യാമറകളുമായും മോട്ടർ വാഹന വകുപ്പിന്റെ ‘എം പരിവാഹൻ’ ഓൺലൈൻ സംവിധാനവുമായും ഇതു ബന്ധിപ്പിക്കും. ഇവയുടെ നിരീക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മോട്ടർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഒരുക്കും.
സാമ്പത്തിക അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാൻ ആവശ്യമായ ചെലവു സംബന്ധിച്ച് അന്തിമ തീരുമാനമാകും.
എഐ ക്യാമറകളും സ്കാനറുകളുമാണു വെർച്വൽ ചെക്പോസ്റ്റിൽ സ്ഥാപിക്കുക. ചരക്കു വാഹനങ്ങൾ അതിർത്തി കടക്കുമ്പോൾ തന്നെ ക്രമക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്തും.
ഉടൻ തന്നെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയ്ക്കു സന്ദേശം ലഭിക്കും. ഓൺലൈനായി നോട്ടിസും കൈമാറും.
നിശ്ചിത ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ നടപടിയെടുക്കും. നിലവിൽ പെർമിറ്റ് നടപടികൾ ഉൾപ്പെടെ ഓൺലൈനാക്കിയിട്ടുണ്ട്.
അതിനാൽ വാഹനങ്ങൾ നിർത്താതെ തന്നെ ‘വെർച്വൽ ചെക്പോസ്റ്റ്’ വഴി അതിർത്തി കടക്കാം. വാഹനം കടന്നു പോകുമ്പോൾ തന്നെ സ്കാനറും എഐ ക്യാമറകളും ചരക്കു സാധനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. എഐ സാങ്കേതികവിദ്യയിലൂടെ വാഹനം അതിർത്തി കടക്കുമ്പോൾ തന്നെ ജിഎസ്ടി ബില്ലുകളും പരിശോധനയ്ക്കു വിധേയമാക്കും.
എംവിഐമാരില്ല, എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം കൂട്ടാനായില്ല
ആവശ്യത്തിന് എംവിഐമാരില്ലാത്തതിനാൽ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം കൂട്ടാനായില്ല.
നിലവിൽ ചെക്പോസ്റ്റുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 5 വരെയാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ മുഴുവൻ ഓഫിസുകളിലേക്കു പുനർവിന്യസിച്ചു..
ഇവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളിലേക്കു മാറ്റുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എംവിഐമാരുടെ പോസ്റ്റിങ് നടക്കാത്തതിനാൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം കൂട്ടാനായില്ല. നിലവിൽ 6 താലൂക്കുകളിലായി 6 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണു ജില്ലയിലുള്ളത്.
അൻപതിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത്. എംവിഐമാരുടെ പോസ്റ്റിങ് നടന്നാൽ ഉടൻ സ്ക്വാഡുകളുടെ എണ്ണം കൂട്ടാനാണു തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]