
തിരുവേഗപ്പുറ ∙ നാടിനു സമര്‍പ്പിക്കാന്‍ ഒരുങ്ങി തിരുവേഗപ്പുറ, മുതുതല, പരുതൂർ സമഗ്ര ശുദ്ധജല പദ്ധതി. മുഹമ്മദ് മുഹസിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജലജീവൻ മിഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകളിലെയും തൃത്താല മണ്ഡലത്തിലെ പരുതൂർ പഞ്ചായത്തിലെയും ശുദ്ധജല ക്ഷാമത്തിനു ആശ്വാസമായി തിരുവേഗപ്പുറ പഞ്ചായത്തിലെ മാഞ്ഞാമ്പ്രയിലാണ് പദ്ധതി നിര്‍മിച്ചത്. ആദ്യഘട്ടത്തിൽ 115. 19 കോടി രൂപയാണ് അനുവദിച്ചത്.
2021ൽ ആരംഭിച്ച പദ്ധതിയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. 16 എംഎല്‍ഡി കപ്പാസിറ്റിയുള്ള ജലശുദ്ധീകരണശാലയും 47 ലക്ഷം മീറ്റര്‍ കപ്പാസിറ്റിയുള്ള ജലസംഭരണിയും പദ്ധതിയുടെ പ്രത്യേകതയാണ്.
മൂന്നു ഘട്ടങ്ങളിലായി ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്.
ജലജീവൻ മിഷന്റെ പൈപ്പിടാനായി ഗ്രാമീണ റോഡുകള്‍ വെട്ടിപ്പൊളിച്ചിരുന്നു. ഇത് പഞ്ചായത്തുകളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനു മൂന്നു കോടി വീതം മുതുതല, തിരുവേഗപ്പുറ പഞ്ചായത്തുകൾക്ക് അനുവദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായി മുതുതല പഞ്ചായത്തിൽ 145.5 കിലോ മീറ്ററും തിരുവേഗപ്പുറയില്‍ 137.5 കിലോ മീറ്ററും വിതരണ ശൃംഖലയും പൂർത്തിയാക്കിയിട്ടുണ്ട്. മുതുതലയില്‍ 4543 അപേക്ഷകളിൽ 4513 കണക്ഷനുകളും തിരുവേഗപ്പുറയിൽ 4107 അപേക്ഷകളിൽ 3302 കണക്ഷനുകളും നല്‍കിയിട്ടുണ്ടെന്നും ട്രയൽ റൺ പൂർത്തിയാക്കി ജലവിതരണം തുടങ്ങിയതായും മുഹമ്മദ് മുഹസിന് എംഎല്‍എ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]